ഓ വി വിജയന്‍ മൃദുഹിന്ദുത്വവാദിയല്ല

By TT SreekumarFirst Published Jul 5, 2018, 7:55 PM IST
Highlights
  • പണിക്കുറ തീര്‍ത്ത് ഒരു ആലയില്‍ നിന്നും പുറത്തിറക്കിയ വടിവാള്‍ ആയിരുന്നില്ല വിജയന്‍.
  • ടി ടി ശ്രീകുമാര്‍ എഴുതുന്നു
  • ഫോട്ടോ: കെ. ആര്‍ വിനയന്‍
     

ഫോട്ടോ: കെ. ആര്‍ വിനയന്‍
........................................................

വിജയന്‍ ഹിന്ദുത്വത്തിന് എതിരെയുള്ള പോരാളി ആയിരുന്നില്ല. പക്ഷെ അതിന്റെ ജനസംഖ്യാപരമായ ഹുങ്കുകളെ, അധീശത്വ മോഹങ്ങളെ, ചരിത്ര നിരാസത്തെ, വംശീയാഹന്തകളെ, രാഷ്ട്രത്തെ തടങ്കല്‍ പാളയമാക്കുന്ന രാഷ്ട്രീയ ലാക്കുകളെ ഒരിക്കലും അംഗീകരിക്കുന്ന വ്യക്തി ആയിരുന്നില്ല ഓ.വി വിജയന്‍. അദ്ദേഹത്തെ ഉന്തി ഉന്തി ഹിന്ദുത്വ പാളയത്തിലെത്തിക്കുന്ന അജണ്ട അങ്ങേയറ്റത്തെ സംശയത്തോടെയാണ് ഞാന്‍ കാണുന്നത്.

ഓ വി വിജയന്‍ മൃദുഹിന്ദുത്വവാദിയാണ് എന്ന് പറയുന്നത് ജീവിതകാലം മുഴുവന്‍ സമഗ്രാധിപത്യ രാഷ്ട്രീയത്തെ എതിര്‍ത്ത, ഫാഷിസത്തെ എതിര്‍ത്ത ഒരാളുടെ രാഷ്ട്രീയ ജീവിതത്തെ റദ്ദ് ചെയ്യാനുള്ള കുത്സിത ശ്രമം മാത്രമാണ്. പണിക്കുറ തീര്‍ത്ത് ഒരു ആലയില്‍ നിന്നും പുറത്തിറക്കിയ വടിവാള്‍ ആയിരുന്നില്ല വിജയന്‍. ചില ഹിന്ദു വിശ്വാസങ്ങള്‍ അദ്ദേഹത്തിന്റെ രചനകളില്‍ കടന്നിട്ടുണ്ട്. പോത്തന്‍കോട് ആശ്രമം, കരുണാകര ഗുരുവുമായി വിജയന് ഉണ്ടായിരുന്ന ബന്ധത്തെ കാണുന്നത് പോലെയല്ല വിജയന്‍ അതിനെ കണ്ടിരുന്നത്. തന്റെ സുഹൃത്തായ ഒരു സംന്യാസി എന്ന രീതിയില്‍, സംഭാഷണത്തിന്റെ മറ്റൊരു പാരസ്പര്യം എന്ന നിലയില്‍ തുല്യതയോടെ ആണ് അദ്ദേഹം ആ ബന്ധത്തെ കണ്ടിരുന്നത്.

ദുരധികാരത്തിന്റെ നൃശംസതകളെ നിരന്തരം വരകള്‍ കൊണ്ടും അക്ഷരങ്ങള്‍ കൊണ്ടും അലോസരപ്പെടുത്തിയിരുന്നു അദ്ദേഹം. വിജയന്റെ കൃതികളെ അങ്ങേയറ്റം വിമര്‍ശനാത്മകമായി വായിക്കണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്. അതിന്റെ ചായ് വുകള്‍ ചെരിവുകള്‍, പാഠങ്ങള്‍ക്കിടയിലെ മൗനങ്ങളില്‍ പോലുമുള്ള പ്രതിലോമതകള്‍, ആത്മീയതയോടുള്ള പ്രതിബദ്ധതകള്‍ എല്ലാം വിമര്‍ശിക്കപ്പെടാവുന്നതാണ്. പക്ഷെ ഒരാളെ മൃദുഹിന്ദുത്വവാദി എന്ന് വിശേഷിപ്പിക്കാന്‍ രചനയുടെ അടരുകള്‍ക്കിടയില്‍ നിന്ന് കണ്ടെടുക്കാവുന്ന ചില സന്ദിഗ്ധ മുഹൂര്‍ത്തങ്ങളോ, സന്ദേഹങ്ങളുടെ പേരില്‍ ഉയര്‍ത്തിയ ചോദ്യങ്ങളോ, രോഗശയ്യയില്‍ കയ്യില്‍ കൊണ്ട് ചെന്ന് ഏല്‍പ്പിച്ച, ഹിന്ദുത്വശക്തികള്‍ ഒളിഞ്ഞോ തെളിഞ്ഞോ സ്‌പോണ്‍സര്‍ ചെയ്തത് എന്ന് പറയുന്ന, ഒരു അവാര്‍ഡിനോട് കാലുഷ്യം കാട്ടിയില്ല എന്നതോ പോര.

ഒരു ജാതിവ്യവസ്ഥയേയും അതിന്റെ ബ്രാഹ്മണിക്കല്‍ ന്യായങ്ങളെയും വിജയന്റെ രാഷ്ട്രീയ ദര്‍ശനം അംഗീകരിച്ചിരുന്നില്ല.

മൃദുഹിന്ദുത്വം എന്താണ് എന്നറിയാന്‍ ഹിന്ദുത്വം എന്താണ് എന്ന് അറിയണം. അതിന്റെ ഏറ്റവും പ്രധാനമായ നിര്‍വചനം ജാത്യാധീശത്വപരമായ ബ്രാഹ്മണിക്കല്‍ ഇന്ത്യന്‍ സമുദായ നിര്‍മ്മിതിയില്‍ നിന്നുള്ള ഇന്ത്യയുടെ ഓരോ വ്യതിയാനത്തെയും വെറുക്കുകയും ബ്രാഹ്മണിക്കല്‍ ഭരണക്രമം നിലനിര്‍ത്താന്‍ വേണ്ടി അനവരതം പണിയെടുക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രം എന്നതാണ്. എന്തായിരിക്കും ഇതിന്റെ മൃദു ഭാവം? അതിന്റെ അടിസ്ഥാന ഘടനകളെ പരസ്യമായി പിന്തുണക്കുകയോ അതിനു വേണ്ടി നേരിട്ട് പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ പോലും, അതിനു വേണ്ടി അഹോരാത്രം ശ്രമിക്കുന്ന വ്യക്തികളും സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പോലും അതിന്റെ നിലനില്‍പ്പിനെ എതിര്‍ക്കാതിരിക്കുകയും, അതിന്റെ അധീശഭാവത്തോട് മനസ്സുകൊണ്ട് വിധേയത്വം പുലര്‍ത്തുകയും , അതിന്റെ തിട്ടൂരങ്ങളെ എതിര്‍ക്കുമ്പോഴും അവയെ പുനരുല്‍പ്പാദിപ്പിക്കാന്‍ കെല്‍പ്പുള്ള ജീവിതക്രമവും ആചാരങ്ങളും അനുവര്‍ത്തിക്കുകയും അനുകരിക്കുകയും ചെയ്യുന്നതാണ് മൃദു ഹിന്ദുത്വം. ഒരു ജാതിവ്യവസ്ഥയേയും അതിന്റെ ബ്രാഹ്മണിക്കല്‍ ന്യായങ്ങളെയും വിജയന്റെ രാഷ്ട്രീയ ദര്‍ശനം അംഗീകരിച്ചിരുന്നില്ല.

വിജയന്റെ പക്ഷപാതിത്വങ്ങളില്‍ ആത്മീയത കലരുകയും അത് പലപ്പോഴും ഇസ്ലാമോഫോബിയയുടെ വക്കോളം എത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ഇസ്രയേല്‍ നിലപാടിനെ, ചേരിചേരാ നയത്തെ, അദ്ദേഹം സന്ദേഹിച്ചിട്ടുണ്ട്. പക്ഷെ അത് പോലും ഹിന്ദുത്വത്തെ ഉയര്‍ത്തിക്കാട്ടാന്‍ വേണ്ടി ആയിരുന്നില്ല, തന്റെ ജീവിത ദര്‍ശനത്തിലെ ഉട്ടോപ്പിയന്‍ നിഷ്പക്ഷതയെ സത്യസന്ധമായി പ്രദര്‍ശിപ്പിച്ച ഒരു ചിന്തകന്റെ ഒരിക്കലും സ്വയം തിരിച്ചറിയാതെ പോയ നിരീക്ഷണ വൈകല്യം മാത്രമായിരുന്നു. ഇവിടെ എന്നല്ല എവിടെയും ഒരു മതാധിഷ്ഠിത ഭരണകൂടത്തെ വിജയനിലെ ആദര്‍ശശാലി പിന്തുണക്കുമായിരുന്നില്ല.

അതുപോലെ അദ്ദേഹം സമഗ്രാധിപത്യത്തെ ശക്തമായി എതിര്‍ത്തിരുന്നു. സ്റ്റാലിനിസം അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളുടെ കേന്ദ്ര ബിന്ദുവായിരുന്നു പലപ്പോഴും. സമഗ്രാധിപത്യത്തിന്റെ ഏറ്റവും വലിയ കുഴപ്പം അതിനു തങ്ങളെ ആരെങ്കിലും വിമര്‍ശിക്കും എന്നത് (വിമര്‍ശനം അല്ല) ഒരിക്കലും ഉള്‍ക്കൊള്ളാന്‍ ആവില്ല എന്നതാണ്. അങ്ങനെ വിമര്‍ശിക്കുന്നവരെ നേരിടാന്‍ അതിന്റെ അഹന്ത അതിനെ അനുവദിക്കുന്നില്ല. മറുപടി അര്‍ഹിക്കുന്ന ഒരു വിമര്‍ശനമുണ്ടെന്ന് ചരിത്രത്തില്‍ ഒരിക്കലുമത് സമ്മതിച്ചു തന്നിട്ടില്ല. വിമര്‍ശനം തന്നെയാണ് സമഗ്രാധിപത്യത്തിന്റെ ഏറ്റവും വലിയ വിപ്ലവ വിരുദ്ധത . ഇന്ത്യയില്‍ സമഗ്രാധിപത്യത്തെ വിമര്‍ശിക്കുകയും എന്നാല്‍ ഹിന്ദുത്വത്തോടൊപ്പം നില്‍ക്കാതിരിക്കുകയും അവരെ നേരിട്ട് എതിര്‍ക്കുകയും ചെയ്യുന്ന നിരവധി പേരുണ്ട്.

ആ കോണ്‍ഗ്രസ് വിരുദ്ധത ആര്‍ എസ് എസ്സില്‍ നിന്നല്ല, ജെ,പി പ്രസ്ഥാനത്തില്‍ നിന്നാണ് അദ്ദേഹം സ്വീകരിച്ചത്.

ഇന്ത്യന്‍ ജനാധിപത്യം ലളിതമായ വംശീയ ഗണിതശാസ്ത്രമായി മാറുന്നു എന്ന് പറഞ്ഞു ഹിന്ദു ഭൂരിപക്ഷ വാദത്തെ ആദ്യം കണ്ടെത്തിയവരില്‍ ഒരാള്‍ വിജയന്‍ ആയിരുന്നു. അല്‍ജീരിയയുടെ ഉദാഹരണത്തിലൂടെ താന്‍ ആഗോളതലത്തില്‍ വംശീയ ഭൂരിപക്ഷ ജനാധിപത്യത്തെ അനുകൂലിക്കുന്നില്ലെന്ന് അര്‍ഥശങ്കയില്ലാതെ അദ്ദേഹം പറഞ്ഞിട്ടുണ്ട്.  ബാല്‍ താക്കറെ അദ്ദേഹത്തിന്റെ രൂക്ഷവിമര്‍ശനത്തിനു ഇരയായിരുന്നു എപ്പോഴും. യൂറോപ്പിലെ ഫാഷിസ്റ്റുകള്‍ പോലും ഹിറ്റ്‌ലറെ കൊണ്ടാടാന്‍ മടിക്കുമ്പോള്‍ ഹിറ്റ്‌ലര്‍ വാഴ്ത്തുമായി  നില്‍ക്കുന്ന താക്കറെയെ വിജയന്‍ നിരന്തരം വിമര്‍ശിച്ചിരുന്നു. ബിജെപിയെ പ്രതിപക്ഷം മാറ്റി നിര്‍ത്തണോ എന്ന് ശങ്കിക്കുമ്പോഴും ബിജെപിയുടെ ഒരു ഫാഷിസ്റ്റ് നിയമ നിര്‍മാണ സംരംഭത്തോട് വിജയന്‍ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു- 'ഫാഷിസ്റ്റ് സങ്കല്‍പ്പത്തെ നിയമമാകാന്‍ ഭാരതീയ ജനത പാര്‍ട്ടി നോട്ടീസ് കൊടുത്തിരിക്കുന്നു. നാമെന്തു ചെയ്യണം? ജനഗണ മന പാടി കലാശിക്കണോ? ആര്യ സഹോദരാ, മുദ്രാവാക്യത്തില്‍ കലാശിക്കട്ടെ, ഗ്യാസ് ചേംബറുകള്‍ ഒഴിവാക്കുക എന്ന് പറഞ്ഞു നമ്മുടെ ശുഭാപ്തി വിശ്വാസങ്ങളെ സൂക്ഷിക്കണോ? ' മുപ്പതു വര്‍ഷം മുമ്പ് മുദ്രാവാക്യങ്ങളില്‍ നിന്ന് ബിജെപി വംശഹത്യയുടെ ഗ്യാസ് ചേംബറുകളിലേക്ക് നീങ്ങുമെന്ന് അദ്ദേഹം സൂചിപ്പിക്കാന്‍ മറന്നില്ല എന്നര്‍ത്ഥം. വിജയനില്‍ ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥ സൃഷ്ടിച്ച ഒരു കോണ്‍ഗ്രസ് വിരുദ്ധത ഉണ്ടായിരുന്നു. പക്ഷെ ആ കോണ്‍ഗ്രസ് വിരുദ്ധത ആര്‍ എസ് എസ്സില്‍ നിന്നല്ല, ജെ,പി പ്രസ്ഥാനത്തില്‍ നിന്നാണ് അദ്ദേഹം സ്വീകരിച്ചത്.

വിജയന്‍ ഹിന്ദുത്വത്തിന് എതിരെയുള്ള പോരാളി ആയിരുന്നില്ല. പക്ഷെ അതിന്റെ ജനസംഖ്യാപരമായ ഹുങ്കുകളെ, അധീശത്വ മോഹങ്ങളെ, ചരിത്ര നിരാസത്തെ, വംശീയാഹന്തകളെ, രാഷ്ട്രത്തെ തടങ്കല്‍ പാളയമാക്കുന്ന രാഷ്ട്രീയ ലാക്കുകളെ ഒരിക്കലും അംഗീകരിക്കുന്ന വ്യക്തി ആയിരുന്നില്ല ഓ.വി വിജയന്‍. അദ്ദേഹത്തെ ഉന്തി ഉന്തി ഹിന്ദുത്വ പാളയത്തിലെത്തിക്കുന്ന അജണ്ട അങ്ങേയറ്റത്തെ സംശയത്തോടെയാണ് ഞാന്‍ കാണുന്നത്.

നമ്മുടെ ചിന്താ ലോകത്തെ അതിന്റെ യാന്ത്രികതകളില്‍ നിന്ന് മോചിപ്പിക്കുന്ന സര്‍ഗ്ഗാത്മകമായ ഒരു രചനാരീതി അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൃതികളെ ഞാന്‍ ഇനിയും വിമര്‍ശിക്കും, അദ്ദേഹത്തോട് വിയോജിക്കും. പക്ഷെ അത് അദ്ദേഹം മൃദുഹിന്ദുത്വവാദി ആയതുകൊണ്ടല്ല. മറിച്ചു സ്വാതന്ത്ര്യത്തെയും മനുഷ്യ മോചനത്തെയും കുറിച്ച് വ്യത്യസ്തമായ ധാരണകള്‍ വച്ച് പുലര്‍ത്തിയിരുന്ന ഉന്നതനായ ഒരു പൂര്‍വസൂരി എന്ന നിലക്കായിരിക്കും. അദ്ദേഹത്തിന്റെ രചനാജീവിതത്തില്‍, രാഷ്ട്രീയ ജീവിതത്തില്‍, അവയുടെ ദാര്‍ശനിക സമൃദ്ധികളില്‍, വൈവിധ്യങ്ങളില്‍, കലാപോന്മുഖതയില്‍, അദ്ദേഹം സൂക്ഷ്മതയോടെ കരുതിവച്ച സന്ദേഹശക്തിയെ ആദരിച്ചുകൊണ്ടായിരിക്കും.

Image courtesy: K R Vinayan

.......................

ഒ വി വിജയന്‍ ആര്‍എസ്എസിനെ പിന്തുണച്ചോ; തസറാക്ക് സംവാദത്തില്‍ പൊട്ടിത്തെറി

click me!