സങ്കല്‍പ്പ ലോകത്തെ മാന്ത്രിക ഇടങ്ങളിലേക്ക് ഒരു യാത്ര

By Web TeamFirst Published May 11, 2020, 7:54 PM IST
Highlights

നെവർ‌ലാൻഡിന്റെ കൃത്യമായ സ്ഥാനം വ്യക്തമല്ല. ക്ഷീരപഥത്തിലെ നക്ഷത്രങ്ങൾക്കടുത്താണ് ഇത് എന്ന് വിശേഷിപ്പിക്കപ്പെടുന്നു. 
 

യാത്രകൾ ചെയ്യാൻ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ, അതിന് കഴിയുന്നില്ലല്ലോ എന്നോർത്ത് പലരും സങ്കടപ്പെടുന്നുമുണ്ടാകും. എന്നാൽ മനസ്സുകൊണ്ട് നമ്മുക്കൊരു യാത്ര പോയല്ലോ? നമ്മുടെ സങ്കല്പങ്ങളിൽ മാത്രം കാണാൻ കഴിയുന്ന അത്ഭുതങ്ങളുടെയും, സ്വപ്നങ്ങളുടെയും, രഹസ്യങ്ങളുടെയും കാണായിടങ്ങൾ. സാഹിത്യത്തിൽ പ്രത്യേകിച്ച്, ഇംഗ്ലീഷ് സാഹിത്യത്തിൽ അത്തരം അനവധി സ്ഥലങ്ങൾ ഉണ്ട്. നമ്മളെ അതിശയിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന, സന്തോഷിപ്പിക്കുന്ന നിഗൂഢതയുടെ മായാലോകങ്ങൾ. കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന ആ സങ്കൽപ്പ ഭൂപ്രദേശങ്ങളിൽ ചിലതാണ് താഴെ പറയുന്നവ. 


1. നാർനിയ

 

കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായ സി. എസ്. ലൂയിസിന്റെ സൃഷ്ടിയാണ് നാർനിയ. ക്ലാസിക് ഫാന്റസി നോവലുകളിൽ ദി ക്രോണിക്കിൾസ് ഓഫ് നാർനിയയുടെ സ്ഥാനം വളരെ വലുതാണ്. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് നാട്ടിൻപുറത്തേയ്ക്ക് ചേക്കേറിയ നാല് കുട്ടികൾ അവരുടെ പുതിയ വീട്ടിൽ ഒരു അലമാര കണ്ടെത്തുന്നു. ആ അലമാര അവരെ ഒരു നിഗൂഢമായ ദേശത്തേക്ക് കൊണ്ടുപോകുന്നു. അലമാരയുടെ മറുവശത്ത് പൗരാണികവും, സംസാരിക്കാൻ കഴിയുന്നതുമായ മൃഗങ്ങളും, മാന്ത്രികത നിറഞ്ഞ സ്ഥലങ്ങളും, അവരെ സ്വാഗതം ചെയ്യുന്നു. നാർ‌നിയൻ‌ ലോകത്തിൽ എത്തിച്ചേർന്ന കുട്ടികളുടെ സാഹസങ്ങളാണ് ഈ നോവലിന്റെ മുഖ്യ പ്രമേയം. തുടക്കത്തിൽ, അവരുടെ നാർനിയയിലേക്കുള്ള സന്ദർശനം വളരെ നാൾ നീണ്ടുനിന്നു എന്ന പ്രതീതി ജനിപ്പിക്കുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ അവർ ഭൂമിയിൽ നിന്ന് നിമിഷങ്ങൾ മാത്രമേ പോയിട്ടുള്ളൂ.

 

2. ഹൊഗ്‌വാർട്ട്സ്

 

ജെ.കെ. റൗളിംഗിന്റെ ഹാരിപോട്ടർ സീരീസ് വായിച്ചിട്ടുള്ള ആർക്കും ഹൊഗ്‌വാർട്ട്സ് എന്ന ഇന്ദ്രജാല വിദ്യാലയം മറക്കാൻ സാധിക്കില്ല. ജാലവിദ്യകൾ പഠിപ്പിക്കുന്ന ഹൊഗ്‌വാർട്ട്സ് സ്കൂൾ ഓഫ് വിച്ച്ക്രാഫ്റ്റ് ആൻഡ് വിസാർഡ്രി ഒരു വലിയ രാവണന്‍ കോട്ടയാണ്. ആ കോട്ടയെ നിരവധി മന്ത്രങ്ങൾ കൊണ്ട് ബന്ധിച്ചിരിക്കുന്നു. അതുകാരണം കൊണ്ട് തന്നെ ഒരു സാധാരണ വ്യക്തിയ്ക്ക് ആ കോട്ട കാണാൻ സാധിക്കില്ല. സഞ്ചരിക്കുന്ന മുറികളും, ഗോവണികളുമുള്ള അവിടം അത്ഭുതങ്ങളുടെ ഒരു മായാലോകമാണ്.  അത് കൂടാതെ, പുരാണ ജീവികളുടെ സംരക്ഷണ കേന്ദ്രമാണ് ആ കോട്ട. അതിനടുത്തുള്ള വിലക്കപ്പെട്ട വനം ഭീമാകാരമായ ചിലന്തികളുടെ ഒരു കോളനിയാണ്, കൂടാതെ അതിനടുത്തുള്ള ഒരു വലിയ തടാകത്തിൽ ജല പിശാചുക്കളും, ജലകന്യകയും, ഭീമാകാരമായ ഒരു കണവയും വസിക്കുന്നു. അതി നിഗൂഢമെന്ന് തോന്നിപ്പിക്കുന്ന  ഒരു മായികലോകമാണ് അത്. 

 

3. എമറാൾഡ് സിറ്റി

 

എൽ. ഫ്രാങ്ക് ബൗമിന്റെ പുസ്തകങ്ങളിലെ സാങ്കൽപ്പിക ഭൂമിയായ ദി ലാൻഡ് ഓഫ് ഓസിന്റെ തലസ്ഥാനനഗരമാണ് എമറാൾഡ് സിറ്റി. 1900 പുറത്തിറങ്ങിയ ദി വണ്ടർഫുൾ വിസാർഡ് ഓഫ് ഓസ് എന്ന നോവലിലാണ് ഈ സ്ഥലം ആദ്യമായി വിവരിച്ചിട്ടുള്ളത്. ഓസ് പുസ്തകങ്ങളിൽ, ലാൻഡ് ഓഫ് ഓസിന്റെ മധ്യഭാഗത്തായി മഞ്ഞ ഇഷ്ടിക പാകിയ റോഡ് ചെന്നെത്തുന്നത് എമറാൾഡ് സിറ്റിയിലാണ്. പച്ച ചില്ലുജാലകങ്ങൾ, മരതകം, മറ്റ് കല്ലുകൾ എന്നിവയാൽ നിർമ്മിച്ചതാണ് ആ നഗരം.  മുമ്പത്തെ പുസ്തകങ്ങളിൽ ഇത് പൂർണ്ണമായും പച്ചയാണെന്ന് വിവരിച്ചിരുന്നു. അതിനുള്ളിൽ, പച്ച ജാലകങ്ങൾ, പച്ച കളിപ്പാട്ടങ്ങൾ, പച്ച മിഠായി, പച്ച പോപ്‌കോണും, എന്നിങ്ങന്നെ എല്ലാം പച്ച നിറത്തിലാണ് ഉള്ളത്.  


4. ഡിസ്ക് വേൾഡ്

 

ടെറി പ്രാറ്റ്ചെറ്റിന്റെ ഡിസ്ക് വേൾഡ് ഒരു പരന്ന ഗ്രഹമാണ്. അത് നാല് ആനകളുടെ പുറത്താണ് സ്ഥിതി ചെയ്യുന്നത്. ആനകളാകട്ടെ, ഭീമാകാരമായ ഒരു ആമയുടെ പുറത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. ആമ എപ്പോഴും ബഹിരാകാശത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതായിട്ടാണ് കഥയിൽ വിവരിക്കുന്നത്. മാന്ത്രികൻ, വെയർവുൾഫ്, കുള്ളൻ, മന്ത്രവാദിനികൾ, ഡ്രാഗണുകൾ തുടങ്ങിയ വിവിധ പുരാണ കഥാപാത്രങ്ങളുണ്ട് ആ നോവലിൽ. എന്നാൽ ഇത് പല യഥാർത്ഥ മത-രാഷ്ട്രീയ വിശ്വാസങ്ങളെയും കളിയാക്കികൊണ്ടാണ് എഴുതിയിട്ടുള്ളത്. ഡിസ്ക് വേൾഡിലെ ഒരു നഗരമായ അങ്ക്-മോർപോർക്ക് 17-ആം നൂറ്റാണ്ടിലെ ലണ്ടന്റെ മാതൃകയിലാണ് ഉണ്ടാക്കിയിട്ടുള്ളത്. ഡിസ്ക് വേൾഡിനെ സ്നേഹിക്കുന്നവർക്ക് അതിനെ സന്ദർശിക്കാൻ അനവധി അവസരങ്ങൾ എഴുത്തുകാരൻ ഒരുക്കിയിട്ടുണ്ട്. പ്രാറ്റ്ചെറ്റ് അതിശയകരമായ 41 നോവലുകളാണ് ആ സ്ഥലത്തെ പ്രമേയമാക്കി രചിച്ചിട്ടുള്ളത്‌.  

 

5. നെവെർലാൻഡ് 

 

ജെ. എം. ബാരിയുടെ കൃതികളിലെ പീറ്റർ പാൻ, ഫെയറി ടിങ്കർ ബെൽ, ലോസ്റ്റ് ബോയ്സ് എന്നിവർ താമസിക്കുന്ന സ്ഥലമാണ് ഇത്. നെവർ‌ലാൻ‌ഡിലെ ഏതൊരു നിവാസിക്കും പീറ്റർ‌ പാനിനെപ്പോലെ സ്വയം വളരാതിരിക്കാൻ‌ കഴിയും എന്നത് ശ്രദ്ധേയമാണ്. സാങ്കൽപ്പിക ദ്വീപിൽ സ്‌കൽ റോക്ക് (കടൽക്കൊള്ളക്കാർ അവരുടെ നിധി മറച്ചുവെക്കുന്ന സ്ഥലം), മുതല ക്രീക്ക്, ദ്വീപിന്റെ കേന്ദ്രത്തിലെ കൂറ്റൻ പർവ്വതമായ നെവർപീക്ക് പർവതം എന്നിവ ഉൾപ്പെടുന്നു. നെവർ‌ലാൻഡിന്റെ കൃത്യമായ സ്ഥാനം വ്യക്തമല്ല. ക്ഷീരപഥത്തിലെ നക്ഷത്രങ്ങൾക്കടുത്താണ് ഇത് എന്ന് വിശേഷിപ്പിക്കപ്പെടുന്നു. 
 

click me!