'ബന്ദികൾ കടലിൽ ചാടി ആത്മഹത്യ ചെയ്യാതിരിക്കാന്‍ അവര്‍ കപ്പലില്‍ ചുറ്റും വലകെട്ടി'; ഒരു കപ്പൽ യാത്രയുടെ വേദനിക്കുന്ന അനുഭവങ്ങൾ

By Web TeamFirst Published Jan 10, 2020, 5:09 PM IST
Highlights

ആ ദുരിതത്തിൽ സ്വയം മരണത്തെ വരിക്കാൻ ആഗ്രഹിച്ചവരും കുറവല്ല. മരണം ഒരനുഗ്രഹമായേക്കുമെന്ന് തോന്നിയ പലരും നിരാശയിൽ മനംമടുത്ത് ആത്മഹത്യക്ക് തുനിയുമായിരുന്നു. ബന്ദികൾ  വിഷം കഴിച്ചോ, കടലിൽ ചാടിയോ സ്വയം ജീവൻ വെടിയാൻ ശ്രമിച്ചു. എന്നാൽ, അവർ കടലിൽ ചാടി ചാവാതിരിക്കാൻ കപ്പലുകൾക്ക് ചുറ്റും വലകൾ കെട്ടിവക്കുമായിരുന്നു.

ആഫ്രിക്കയിലെ അടിമകളുടെ ചരിത്രം വേദനകളും അപമാനവും നിറഞ്ഞതായിരുന്നു. വെള്ളക്കാർ അടിമകളെ ചരക്കിൻ്റെ വിലപോലും നൽകാതെ  പീഡിപ്പിച്ചിരുന്ന ഒരു സമയമായിരുന്നു അത്. ആ കാലഘട്ടത്തിൽ നടന്ന അടിമക്കച്ചവടത്തിൽ ദശലക്ഷക്കണക്കിന് ആഫ്രിക്കക്കാരെ അവരുടെ ജന്മനാട്ടിൽനിന്ന് പറിച്ചെടുക്കുകയും വലിയ കപ്പലുകയിൽ കയറ്റി അമേരിക്കയിൽ എത്തിച്ച്, ക്രൂരമായ അവസ്ഥയിൽ ജോലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. കടലിന് കുറുകെയുള്ള ഈ യാത്ര മിഡിൽ പാസേജ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഏറ്റവും ഭയാനകവും മാരകവും മനുഷ്യത്വരഹിതവുമായ ഒരു അനുഭവമായിരുന്നു ആ യാത്ര. അടിമക്കപ്പലുകളിലെ അവസ്ഥ വൃത്തിഹീനവും അറപ്പുളവാക്കുന്നതുമായിരുന്നു. ഇനി എന്തൊക്കെ സംഭവിക്കും തനിക്കെന്നറിയാതെ, ഒരിക്കലും സ്വതന്ത്രരാവില്ലെന്ന ഭീതിയിൽ അടിമക്കപ്പലുകളിൽ ബന്ദികളാക്കപ്പെട്ടവർ ആത്മഹത്യക്ക് പോലും ശ്രമിക്കുമായിരുന്നു.  

ഭൂമിയും, പണവും കച്ചവടം ചെയ്യുന്നപോലെ അമേരിക്കക്കാർ ആഫ്രിക്കൻ അടിമകളെ ക്രയവിക്രയം ചെയ്യുമായിരുന്നു. ആഫ്രിക്കയിലെമ്പാടുമുള്ള അടിമകളെ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ അമേരിക്കയിലെ തുറമുഖത്തേക്ക് കൊണ്ടുവന്നിരുന്നു. യാത്രക്കിടയിൽ അവരെ ഒരു ചങ്ങല കൊണ്ട് പരസ്പരം ബന്ധിപ്പിച്ചിരിക്കും. അടിമകളെ കപ്പലുകളിലെ ഡെക്കിന് താഴെയാണ് സൂക്ഷിച്ചിരുന്നത്‌. മുൻ അടിമയായ ഒലൂഡ ഇക്വിയാനോ മോചിതനായ ശേഷം തൻ്റെ അനുഭവങ്ങളെക്കുറിച്ച് എഴുതുകയുണ്ടായി. വെള്ളക്കാർ തന്നെ കൊല്ലാനാണോ കൊണ്ടുപോകുന്നത് എന്നോർത്ത് അദ്ദേഹം ഭയപ്പെട്ടിരുന്നതായും, കപ്പലിനകത്ത് അനുഭവിക്കേണ്ടി വന്ന യാതനകളെ കുറിച്ചും അതിൽ വിവരിക്കുന്നു. അദ്ദേഹം കപ്പലിൽ കയറിയപ്പോൾ, ധാരാളം കറുത്തവർഗ്ഗക്കാരെ ചങ്ങലയ്ക്കിട്ടിരിക്കുന്നതായി കണ്ടു, അവരുടെ  മുഖത്ത് നിരാശയും സങ്കടവും മാത്രമായിരുന്നു നിഴലിച്ചിരുന്നത്. ഇതുകണ്ട അദ്ദേഹം ഭയത്താൽ ബോധരഹിതനായി.  

 

അടിമകളായ ആഫ്രിക്കക്കാരെ വരിഞ്ഞുകെട്ടാൻ ഉപയോഗിച്ചിരുന്ന ചങ്ങലകൾ അവരുടെ ശരീരത്തിൽ ഉരഞ്ഞു പൊട്ടുമായിരുന്നു. ഒന്ന് ചെറുതായി അനങ്ങുമ്പോൾപോലും വേദനകൊണ്ട് പുളയുമായിരുന്നു അവർ. ഇങ്ങനെ കൂട്ടികെട്ടുന്ന ചങ്ങലകെട്ടുകളിൽ ചിലപ്പോൾ വേദനയും, പീഡനവുമേറ്റ് മരണപ്പെട്ടവരും കാണും. 

100 പേർക്ക് മാത്രം കയറാൻ രൂപകൽപന ചെയ്‍ത കപ്പലുകളിൽ, കൂടുതൽ ലാഭത്തിനായി ഇരട്ടിയിലധികം ആളുകളെ വെള്ളക്കാർ കയറ്റുമായിരുന്നു. അടിമകളെ കുത്തിനിറച്ച ആ കപ്പലുകളിൽ ഒന്ന്  ഉറങ്ങാനോ, ഇരിക്കാനോ സാധിക്കാതെ അവർ കഷ്ടപ്പെട്ടു. ഒന്ന് മലമൂത്ര വിസർജ്ജനം നടത്താനാൻപോലും അതിനകത്ത് സൗകര്യമില്ലായിരുന്നു. നിന്നിടത്തുനിന്ന് അവർക്ക് അത് ചെയ്യെണ്ടി വരുമായിരുന്നു. അങ്ങനെ അവർ പലപ്പോഴും സ്വന്തം വിസർജ്ജത്തിൽ നിന്നു. ബ്രൂക്ക്സ് എന്ന പേരുള്ള ഒരു കപ്പൽ ഒരിക്കൽ 700 അടിമകളെവരെ ഇങ്ങനെ കൊണ്ടുപോയ ചരിത്രമുണ്ട്. 

ഡെക്കിനു താഴെ പോയപ്പോൾ ഉണ്ടായ അനുഭവം ഒലൂഡ ഇക്വിയാനോ വിവരിച്ചു:  "കയറിയ ഉടൻ എന്നെ  ഡെക്കിന് താഴേക്ക് തള്ളിയിടുകയായിരുന്നു. എൻ്റെ  ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തവിധം ശക്തമായ ദുർഗന്ധം എൻ്റെ മൂക്കുകളിൽ വന്ന് നിറഞ്ഞു. അതിനൊപ്പം കരച്ചിലുകളും ഞാൻ കേട്ടു. എനിക്ക് എങ്ങനയെങ്കിലും മരിച്ചാൽ മതിയെന്നായി." 

ബന്ദിയാക്കപ്പെട്ട അടിമകൾ അനുസരണക്കേട് കാണിക്കുകയോ, ഭക്ഷണം കഴിക്കാതിരിക്കുകയോ, അല്ലെങ്കിൽ അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയോ  ചെയ്താൽ അതിൻ്റെ ശിക്ഷ ഭയങ്കരമായിരിക്കും. അങ്ങനെ ചെയ്യുന്നവരെ കയ്യും കാലും ഇറുക്കി കെട്ടി ചാട്ടവാറുകൊണ്ട് ശരീരത്തിൽ പ്രഹരിക്കുമായിരുന്നു. അങ്ങനെ മരിക്കാനും ജീവിക്കാനുമാകാതെ അവർ ഓരോ നിമിഷവും വേദനയിൽ പിടഞ്ഞു. 

 

അടിമകളെ കൂടുതലും ടെക്കിനടിയിലാണ് താമസിപ്പിച്ചിരുന്നത്. ശുദ്ധവായു പോലും കടക്കാത്ത രീതിയിൽ തിങ്ങിനിറഞ്ഞു നിൽക്കുന്ന അവർക്ക് പലപ്പോഴും ശ്വാസതടസ്സം നേരിടുമായിരുന്നു. ശ്വാസംകിട്ടാതെ ചിലർക്ക് മരണം പോലും സംഭവിക്കുമായിരുന്നു. ആ ദുരിതത്തിൽ സ്വയം മരണത്തെ വരിക്കാൻ ആഗ്രഹിച്ചവരും കുറവല്ല. മരണം ഒരനുഗ്രഹമായി തോന്നിയ പലരും നിരാശയിൽ മനംമടുത്ത് ആത്മഹത്യക്ക് തുനിയുമായിരുന്നു. ബന്ദികൾ വിഷം കഴിച്ചോ, കടലിൽ ചാടിയോ സ്വയം ജീവൻ വെടിയാൻ ശ്രമിച്ചു. എന്നാൽ, അവർ കടലിൽ ചാടി ചാവാതിരിക്കാൻ കപ്പലുകൾക്ക് ചുറ്റും വലകൾ കെട്ടിവക്കുമായിരുന്നു. അടിമകളായ ഏതൊരു വ്യക്തിയും ലാഭം നേടാനുള്ള ഒരു വസ്തു മാത്രമായിരുന്നു അവർക്ക്. അതുകൊണ്ടു തന്നെ മരണത്തിന് പോലും വിട്ടുകൊടുക്കാതെ കെണിയിൽ വീണുകിടക്കുന്ന ഇരയെ നോക്കി വെള്ളമിറക്കുന്ന വേട്ടപ്പട്ടികൾ കണക്കെ വെള്ളക്കാർ ഇരുന്നു.   

 

കപ്പലുകളിൽ അകപ്പെട്ട സ്ത്രീകൾക്കും ഒരുപാട് പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അവർ പലപ്പോഴും ശാരീരിക പീഡനത്തിന് ഇരയാകാറുണ്ട്. ഒരിക്കൽ നിറവയറോടെ ഇരിക്കുന്ന ഒരു ഗർഭിണിയായ സ്ത്രീയെ ഒരു വെള്ളക്കാരൻ ക്രൂരമായി പീഡിപ്പിച്ചത് ഒലൂഡ ഇക്വിയാനോ ഇന്നും ദുഃഖത്തോടെ ഓർക്കുന്നു. 

ഓരോ അടിമകളും അവരെ സംബന്ധിച്ചിടത്തോളം കിട്ടാൻ പോകുന്ന അധികലാഭത്തിൻ്റെ കണക്കുകൾ മാത്രമാണ്. അതുകൊണ്ട് തന്നെ അവരുടെ ജീവന് ഒരാപത്തും വരാതെ നോക്കാൻ വെള്ളക്കാർ ശ്രദ്ധിച്ചിരുന്നു. ഭക്ഷണം കഴിക്കാതെ ഇരിക്കുന്നവരെ അവർ ബലം പ്രയോഗിച്ച് കഴിപ്പിക്കുമായിരുന്നു. വായ  തുറക്കാൻ വിസമ്മതിച്ചാൽ സ്‌പെക്കുലം ഓറിസ് എന്ന് വിളിക്കുന്ന നീളമുള്ളതും നേർത്തതുമായ ഒരു പ്രത്യേക ഉപകരണം  ഉപയോഗിച്ചു വായ കുത്തിത്തുറക്കുമായിരുന്നു. എന്നിട്ട് ഭക്ഷണം തൊണ്ടയിലേക്ക് കുത്തി ഇറക്കുമായിരുന്നു. 

ചരിത്രത്തിലെ ഏറ്റവും ഭയാനകമായ അധ്യായങ്ങളിലൊന്നാണിത്. ക്രൂരതയ്ക്കും പൈശാചികതക്കും നടുവിൽ ശക്തിയും, പ്രതിരോധവും, പ്രതീക്ഷയും, നിലനിൽപ്പിനായുള്ള മനുഷ്യൻ്റെ അവസാന ആഗ്രഹവും ചോർന്നുപോകുന്ന നിമിഷങ്ങൾ. ഇങ്ങനെ കടത്തപ്പെട്ട ആഫ്രിക്കക്കാരുടെ എണ്ണം കണക്കാക്കാൻ പ്രയാസമാണ്. അഞ്ച് ദശലക്ഷം മുതൽ 30 ദശലക്ഷം ആളുകളെ വരെ കടത്തിയിട്ടുണ്ട് എന്നാണ് ഒരു ഏകദേശ കണക്ക്.  അറ്റ്ലാന്റിക് സമുദ്രത്തിലൂടെയുള്ള ആ യാത്രയിൽ ദശലക്ഷക്കണക്കിന് ആളുകളാണ് മരിച്ചത്. ഇപ്പോഴും ചരിത്രത്തിൽ അവരുടെ സഹനത്തിൻ്റെയും, കണ്ണുനീരിൻ്റെയും കറ മായാതെ കിടക്കുന്നു.   
 

click me!