കൈമുറിഞ്ഞ് ചോരവാര്‍ന്നിട്ടും ആ ചെറുപ്പക്കാരന്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു

By Web TeamFirst Published Feb 19, 2020, 5:23 PM IST
Highlights

കോണ്‍ക്രീറ്റ് പാളികളുടെയും, തകര്‍ന്ന വാതിലുകളുടെയും, തൂണുകളുടെയും ഇടയിലൂടെ മെഹമൂദ് ആളുകളെ രക്ഷിക്കാനായി നീങ്ങി. അദ്ദേഹം രക്ഷപ്പെടുത്തിയ ആളുകളുടെ കൂട്ടത്തില്‍ ഒരു ദമ്പതികളുണ്ടായിരുന്നു.

കഴിഞ്ഞ മാസമാണ് തുര്‍ക്കിയില്‍ അതിശക്തമായ ഭൂകമ്പമുണ്ടായത്. ഹൃദയഭേദകമായ കാഴ്ചകളായിരുന്നു അവിടെ. കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു. എല്ലാ ദിക്കില്‍നിന്നും സഹായത്തിനായുള്ള നിലവിളികള്‍ ഉയര്‍ന്നു. വൈദ്യുത ലൈനുകള്‍ വിച്ഛേദിക്കപ്പെട്ട് ഇരുട്ടില്‍ തണുത്തുറഞ്ഞ് ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നു. ഉറ്റവരുടെയും, പ്രിയപ്പെട്ടവരുടെയും കരച്ചിലുകള്‍ കേട്ട് പകച്ചു നിന്നുപോയആള്‍ക്കൂട്ടത്തിലേക്ക് ധീരനായ ഒരു ചെറുപ്പക്കാരന്‍ കടന്നു വന്നു.

സിറിയന്‍ അഭയാര്‍ഥിയായ മെഹമൂദ് ഒത്മാന്‍ എന്ന 22 കാരനായിരുന്നു അത്. ഒട്ടും തന്നെ സംശയിക്കാതെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അദ്ദേഹം നടന്നു നീങ്ങി. അപകടത്തില്‍ പെട്ടവരെ എത്രയും വേഗം രക്ഷിക്കുക എന്ന് മാത്രമായിരുന്നു മഹമൂദിന്റെ മനസ്സില്‍. കോണ്‍ക്രീറ്റ് പാളികളുടെയും, തകര്‍ന്ന വാതിലുകളുടെയും, തൂണുകളുടെയും ഇടയിലൂടെ മെഹമൂദ് ആളുകളെ രക്ഷിക്കാനായി നീങ്ങി. അദ്ദേഹം രക്ഷപ്പെടുത്തിയ ആളുകളുടെ കൂട്ടത്തില്‍ ഒരു ദമ്പതികളുണ്ടായിരുന്നു. ദര്‍ഡെയ്‌നും ഭര്‍ത്താവ് സുല്‍കുഫ് അയഡിനും.

എലാസിഗ് പ്രവിശ്യയിലെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടന്ന അവരെ രക്ഷിക്കാന്‍ യാതൊരു സുരക്ഷാ സന്നാഹങ്ങളും ഇല്ലാതെയാണ് അദ്ദേഹം പോയത്. ഭാരമേറിയ കോണ്‍ക്രീറ്റ് പാളികള്‍ വെറും കൈകൊണ്ട് ഉയര്‍ത്തി മാറ്റി. ഭാരവും കൂര്‍ത്ത അഗ്രവും കാരണം  മെഹമൂദിന്റെ കൈകള്‍ മുറിഞ്ഞു രക്തം വാര്‍ന്നൊഴുകി. എന്നിട്ടും അദ്ദേഹം ജോലി തുടര്‍ന്ന്. മെഹമൂദിന്റെ പ്രവര്‍ത്തനം കണ്ട് പതിയെ മറ്റുള്ളവരും അദ്ദേഹത്തോടൊപ്പം കൂടി. ഒടുവില്‍ ആ ഭാര്യയെയും, ഭര്‍ത്താവിനെയും മെഹമൂദ് രക്ഷപ്പെടുത്തി. അങ്ങനെ ഒറ്റ രാത്രി കൊണ്ട് ആ ദുരന്തഭൂമിയില്‍ ഒരു നായകന്‍ പിറന്നു. മെഹമൂദിനെ പ്രശംസിച്ച് ദമ്പതികള്‍ പങ്കിട്ട വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. അനേകായിരങ്ങള്‍ അദ്ദേഹത്തിനെ പ്രശംസിക്കാന്‍ മുന്നോട്ട് വന്നു. 

''ഞങ്ങള്‍ എങ്ങനെയാണ് സിറിയക്കാരെ കാണുന്നതെന്ന് അറിയാമല്ലോ. ഞങ്ങള്‍ അവരെ തീര്‍ത്തും ഒറ്റപ്പെടുത്തിയിരുന്നു. ആ കുട്ടി കൈകള്‍ ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ മുഴുവനും മാറ്റി. ഒടുവില്‍ എന്നെ രക്ഷപ്പെടുത്തി. ആ കുട്ടിയെ ഞാന്‍ ഒരിക്കലും മറക്കില്ല. ഞാന്‍ ഇവിടെ നിന്ന് പോയാല്‍, ആദ്യം എനിക്ക് അവനെ കാണാന്‍ പോകണം''- ഡര്‍ഡെയിന്‍ തന്റെ ആശുപത്രി കിടക്കയില്‍ കിടന്ന് പറഞ്ഞു. 

''എന്റെ ഭര്‍ത്താവ് മുകളില്‍ ഒരു വെളിച്ചം കണ്ടപ്പോള്‍, സഹായത്തിനായി നിലവിളിച്ചു. അതുകേട്ട് വന്ന മെഹമൂദ് എന്റെ ഭര്‍ത്താവിനെയും പിന്നീട് എന്നെയും രക്ഷിച്ചു. ഞങ്ങളെ രക്ഷിക്കുന്നതിനിടയിലും അവന്റെ കൈകളില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ചുറ്റിലും ഗ്ലാസ് കഷ്ണങ്ങള്‍ ഉള്ളതിനാല്‍ ശ്രദ്ധിക്കണമെന്ന് മെഹമൂദ് എന്നോട് പറഞ്ഞുകൊണ്ടേ ഇരുന്നു. മെഹമൂദാണ് ഞങ്ങളുടെ രക്ഷകന്‍. ഒരുപക്ഷേ അവന്‍ നിലവിളികള്‍ അവഗണിച്ച് സ്വന്തം രക്ഷ മാത്രം നോക്കി വീട്ടിലേയ്ക്ക് പോയിരുന്നുവെങ്കില്‍ ഞങ്ങള്‍ ഇന്ന് ജീവനോടെ കാണില്ലായിരുന്നു''- അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതോടെ മെഹമൂദ് നാടിന്റെ പ്രിയ നായകനായി തീര്‍ന്നു.

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍, അദ്ദേഹത്തിന്റെ ഫോണ്‍ മോഷണം പോയി. അതുകൊണ്ട് അദ്ദേഹത്തിന് വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല. പിന്നീടാണ് അറിഞ്ഞത് താനാണ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് എന്ന്. മുറിവുകള്‍ സുഖപ്പെട്ടോ എന്ന ചോദ്യത്തിന് 'അതൊന്നും ഒന്നുമല്ല, അവരെ രക്ഷിക്കാന്‍ സാധിച്ചല്ലോ, അതല്ലേ വലിയ കാര്യം' എന്ന് ചിരിച്ചു കൊണ്ട് മെഹമൂദ് പറഞ്ഞു.

സിറിയയിലെ ഹമാ പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ നിന്ന് മെഹമൂദിനെയും കുടുംബത്തെയും നാടുകടത്തിയത് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അവിടെനിന്നാണ് മെഹമൂദിന്റെ തുര്‍ക്കിയിലേക്കുള്ള യാത്ര ആരംഭിച്ചത്. മെക്കാനിക്ക്, കാര്‍ വാഷര്‍ എന്നീ നിലകളില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം ഒടുവില്‍ തുര്‍ക്കിയിലെത്തി. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മെഹമൂദ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എലസിഗിലെ ഒരു സര്‍വകലാശാലയില്‍ ചേരുകയായിരുന്നു. അവിടെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കാനാണ് മെഹമൂദ് ആഗ്രഹിച്ചത്. ''ഞാന്‍ തുര്‍ക്കിയിലെത്തിയതു മുതല്‍ സര്‍വകലാശാലയില്‍ പ്രവേശനം നേടുന്നത് വരെയുള്ള കാലഘട്ടം വളരെ കഠിനമായിരുന്നു, ധാരാളം പേപ്പര്‍വര്‍ക്കുകള്‍, അഭിമുഖങ്ങള്‍, പഠനം. പക്ഷേ, എന്തൊക്കെ പ്രയാസങ്ങള്‍ നേരിട്ടാലും, എന്ത് തന്നെ സംഭവിച്ചാലും, പഠനം പൂര്‍ത്തിയാക്കാന്‍ ഞാന്‍ തീരുമാനിച്ചു''- അദ്ദേഹം പറഞ്ഞു.

ആശുപത്രിയില്‍ നിന്ന് വന്ന ശേഷം ഡര്‍ഡെയിന്‍ മെഹമൂദിനെ കാണാന്‍ ചെന്നു. വളരെ ഹൃദയസ്പര്‍ശിയായഒരു കണ്ടുമുട്ടലായിരുന്നു അത്. അദ്ദേഹത്തെ കണ്ട ഡര്‍ഡെയിന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു -''നിങ്ങളാണ് ഞങ്ങളുടെ ഹീറോ''. മെഹമൂദിന്റെ അമ്മ സിറിയയിലാണെന്ന് അറിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: ''വിഷമിക്കേണ്ട. എന്നെ നിനക്ക് നിന്റെ അമ്മയായികാണാം'. ഒരു നിമിഷം അവര്‍ പരസ്പരം നോക്കി. അവരുടെ മനസ്സില്‍ ദുരന്ത ഭൂമിയിലെ ചിത്രങ്ങള്‍ മിന്നിമാഞ്ഞു. മെഹമൂദിനോടുള്ള കടപ്പാട് അവരുടെ കണ്ണുകളില്‍ രണ്ട് നീര്‍മണികളായി തുളുമ്പി. 
 

click me!