ലോക്സഭയിൽ ബിജെപിയെ വിറപ്പിച്ച ആ 'പെൺപുലി'; ആരാണ് മഹുവ മോയിത്ര?

By Web TeamFirst Published Jun 26, 2019, 2:59 PM IST
Highlights

കയ്യുയർത്തിയും പരിഹസിച്ചും അവഗണിച്ചും അവരെ നിശബ്ദയാക്കാൻ സഭയിൽ വലിയ ശ്രമമുണ്ടായെങ്കിലും ഒരിടത്ത് പോലും തളർന്നില്ല തൃണമൂൽ കോൺഗ്രസിന്‍റെ യുവ എംപി

ദില്ലി: പുതിയ ലോക്സഭയുടെ ആദ്യ സമ്മേളനത്തിൽ രാഷ്ട്രപതിയുടെ നയപഖ്യാപനത്തിനിടയിൽ സഭയെ ഞെട്ടിച്ചത് പശ്ചിമ ബംഗാളിൽ നിന്നുള്ള പെൺപുലി. വിയോജിക്കാനുള്ള അവകാശ(Right to Dossent)ത്തെ മോദി സർക്കാർ എങ്ങനെ അടിച്ചമർത്തിയെന്ന് എണ്ണിയെണ്ണിപ്പറഞ്ഞ മഹുവ മോയിത്ര, തീപ്പൊരി പ്രസംഗമാണ് ലോക്സഭയിൽ നടത്തിയത്. 

തന്‍റെ വാദങ്ങളെ ഓരോന്നായി അക്കമിട്ട് നിരത്തി, അതിനെ ഏറ്റവും അനുയോജ്യമായ വിധത്തിൽ വിശദീകരിച്ച്, ഒഴുക്ക് വിടാതെ മഹുവ പറഞ്ഞുവെച്ചു. കയ്യുയർത്തിയും പരിഹസിച്ചും അവഗണിച്ചും അവരെ നിശബ്ദയാക്കാൻ സഭയിൽ വലിയ ശ്രമമുണ്ടായെങ്കിലും ഒരിടത്ത് പോലും തളർന്നില്ല തൃണമൂൽ കോൺഗ്രസിന്‍റെ യുവ എംപി. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്ന് അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മഹുവ മോയിത്ര വിജയിച്ചത്. 

"ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയുള്ള ബിജെപിയുടെ വിജയം താൻ അംഗീകരിക്കുന്നു. എന്നാൽ അതിന്‍റെയർത്ഥം പ്രതിപക്ഷമില്ലാതായെന്നല്ല" മഹുവ പറഞ്ഞു. 

ഈ രാജ്യം കടന്നുപോവുന്നത് ഫാസിസത്തിലൂടെയാണെന്നതിന്‍റെ ഏഴ് സൂചനകൾ മഹുവ അക്കമിട്ട് നിരത്തി. അവ ബിജെപി അധികാരത്തിലെത്തിയ ശേഷമുള്ള ഇന്ത്യയിൽ എങ്ങനെ പ്രാവർത്തികമായി വന്നുവെന്നും കൃത്യമായി മഹുവ വിശദീകരിച്ചു. 

1 ഉപരിപ്ലവമായ ദേശീയത

ബിജെപി പ്രചരിപ്പിക്കുന്ന ദേശീയ ബോധം ഉപരിപ്ലവമാണ്. അത് വ്യാജവും ഇടുങ്ങിയതും കൃത്രിമമായി സൃഷ്ടിച്ചതുമാണ്. ഒരുമിപ്പിക്കാനല്ല, വിഭജിക്കാനാണ് നിങ്ങൾ ദേശീയതയെ ഉപയോഗിക്കുന്നത്. ഫാസിസത്തിന്‍റെ ഏറ്റവും ശക്തമായ സൂചനയാണത്. അതിന്‍റെ ലക്ഷ്യം രാജ്യത്തെ പലതായി കീറി മുറിക്കുകയെന്നതാണ്. 

2 ദേശീയ പൗരത്വ രജിസ്റ്റർ

ദേശീയ പൗരത്വ രജിസ്റ്റർ വേട്ടയാടുന്നത് ഒരു സമുദായത്തെയാണ്. 50 വർഷമായി രാജ്യത്ത് താമസിക്കുന്ന മനുഷ്യർക്ക് അവരുടെ പൗരത്വത്തിന്‍റെ തെളിവ് ഹാജരാക്കേണ്ടി വരുന്ന അതേ ഇന്ത്യയിൽ തന്നെയാണ് കോളേജിൽ നിന്നുള്ള ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കാനാവാത്ത മന്ത്രിമാരുള്ളത്. ബിജെപി, ആട്ടിയകറ്റാൻ ശ്രമിക്കുന്നത് ഈ മണ്ണിൽ ജനിച്ച് ഇവിടെ ജീവിക്കുന്ന മനുഷ്യരെയാണ്.

3 മനുഷ്യാവകാശങ്ങളോട് പുച്ഛം

എതിർക്കുന്നവരെയും വിയോജിക്കുന്നവരെയും അവഗണിക്കുന്ന ബിജെപി മനുഷ്യാവകാശത്തിന് നൽകുന്നത് പുല്ലുവില. 2014നും 19 നും ഇടയിൽ വെറുപ്പ് കൊണ്ടുള്ള, എതിർക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നതിന്‍റെ ഭാഗമായുള്ള കൊലപാതകങ്ങൾ പത്തിരട്ടിയായാണ് വർധിച്ചത്.   

4 മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമം 

മാധ്യമങ്ങളെ  നിയന്ത്രിച്ച് ഭരണകൂടത്തിന് താൽപര്യമുള്ള വാർത്തകൾ കൊടുപ്പിക്കുന്നു. ഈ തെരഞ്ഞെടുപ്പിലെ വിജയം കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളെ പരിഗണിച്ചുള്ളതല്ല, അത് തൊഴിലില്ലായ്മയെ അടിസ്ഥാനമാക്കിയുള്ളതുമല്ല. മറിച്ച് വാട്സ്ആപ്പിലെ വ്യാജവാ‍ർത്തകളുടെ വിജയമായിരുന്നു, അത്. 

5 ദേശീയ സുരക്ഷ

ആരോ നമ്മളെ ആക്രമിക്കാൻ തക്കം പാർത്തിരിക്കുകയാണെന്ന ഭീതി പരത്താൻ വേണ്ടിയുള്ള പ്രചാരണം. സൈന്യത്തിന്‍റെ മുഴുവൻ നേട്ടത്തിനും ഒരേയൊരു അവകാശി. ഇതൊക്കെയാണെങ്കിലും തീവ്രവാദ ആക്രമണങ്ങൾക്ക് യാതൊരു കുറവുമില്ല. 

6 മതം ഭരണകൂടത്തോട് ബന്ധപ്പെട്ട ഒന്നാകുന്നു

ഭരണം നേടാൻ ഒരു കാലത്തും ഇവ്വിധത്തിൽ മതം ഉപയോഗിക്കപ്പെട്ടിട്ടില്ല. ഒരു രാമജന്മഭൂമിയിലേക്ക് ഭരണം കേന്ദ്രീകരിക്കപ്പെടുന്നത് എത്ര വലിയ വിരോധാഭാസമാണ്. 2.77 ഏക്കറിലുള്ള രാമജന്മഭൂമി ചർച്ചാ വിഷയമാകുമ്പോൾ വിസ്മരിക്കപ്പെടുന്നത് ഒരു വലിയ രാജ്യവും അവിടത്തെ ജനങ്ങളുമാണ്. 

7 കലകളോടും കലാകാരന്മാരോടുമുള്ള പുച്ഛം

വിയോജിപ്പിനുള്ള അവകാശം അടിസ്ഥാനപരമാണ്. സാംസ്കാരിക നായകരേയും ബുദ്ധിജീവികളേയും അവഗണിക്കുന്നത് ഇരുണ്ട കാലത്തേക്കുള്ള യാത്രയാണ്. അവരെ എതിർക്കുക മാത്രമല്ല, കൊന്നൊടുക്കുകയും ചെയ്യുന്നു. 

വിയോജിക്കാൻ എനിക്ക് അവകാശമുണ്ട്. ഞാൻ വിയോജിക്കുക തന്നെ ചെയ്യും. ഇത്രയും പറഞ്ഞ് ഉയർന്ന് കേട്ട കരഘോഷത്തിനിടെ മഹുവ പറഞ്ഞുനിർത്തി

ആരാണ് മഹുവ മോയിത്ര?

അസമിലും കൊൽക്കത്തയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മഹുവ തന്‍റെ പതിനാറാം വയസിൽ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയി. ഈ കാലത്ത് തന്നെ രാഷ്ട്രീയത്തിൽ താൽപര്യമുണ്ടായിരുന്ന മഹുവ 2009ൽ കോൺഗ്രസിൽ ചേർന്നു.

എന്നാൽ, വളരെ വേഗം തന്നെ തന്‍റെ പ്രവ‍ർത്തനമണ്ഡലം തൃണമൂൽ കോൺഗ്രസിലേക്ക് മാറ്റുകയും ചെയ്തു.  2016 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ മഹുവ തന്‍റെ നാൽപ്പത്തൊന്നാം വയസിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 

അർണബ് ഗോസ്വാമിയെ നടുവിരൽ ഉയർത്തിക്കാണിച്ച മഹുവ

ടെലിവിഷൻ ചർച്ചയ്ക്കിയയിൽ അവതാരകൻ അർണബ് ഗോസ്വാമിയെ മഹുവ നടുവിരൽ ഉയർത്തിക്കാണിച്ചത് വലിയ വാർത്തയായിരുന്നു. "നിങ്ങൾ സ്വയം സംസാരിക്കണം അർണബ്, അല്ലാതെ നിങ്ങളുടെ ചർച്ചയ്ക്ക് മറ്റാരെയും ക്ഷണിക്കരുത്. ഇത് ഒരു വൺമാൻ ഷോയാണ്" അർണബിനെ വിമ‍ർശിക്കുന്നതിനിടയിൽ മഹുവ തന്‍റെ നടുവിരൽ ഉയർത്തിക്കാണിക്കുകയായിരുന്നു

വിവാദങ്ങൾ വേറെയും

സിൽചാർ വിമാനത്താവളത്തിൽ പൊലീസുകാർ തടഞ്ഞതിനെത്തുടർന്ന് മഹുവ മോയ്‌ത്ര ഒരു വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ചത് വലിയ വിവാദമായിരുന്നു. മഹുവയുടെ ആക്രമണമേറ്റ  പൊലീസ് ഉദ്യോഗസ്ഥയുടെ കൈക്ക് സാരമായി പരിക്കേറ്റിരുന്നു.

click me!