എന്നിട്ടും നല്ല പങ്കാളികളാവാന്‍  കഴിയാത്തത് എന്തുകൊണ്ടാണ്?

By Raselath LatheefFirst Published Aug 26, 2017, 5:07 PM IST
Highlights

കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച,  മാനസി പി.കെഎഴുതിയ 'വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?', നജീബ് മൂടാടി എഴുതിയ 'അത് കാമഭ്രാന്തല്ല!' എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്. 

വിവാഹശേഷമെങ്കിലും എന്റെ പങ്കാളി എന്തായിരുന്നു എന്നൊന്ന് മനസ്സിലാക്കുവാന്‍ ശ്രമിക്കാവുന്നതാണ്-റെസിലത്ത് ലത്തീഫ് എഴുതുന്നു

'അയാള്‍ നല്ലൊരു അച്ഛനാണ്. പക്ഷെ നല്ലൊരു ഭര്‍ത്താവല്ല. പക്ഷെ അത് പറയാന്‍ കഴിയുന്നത് അവന്റെ ഭാര്യക്ക് മാത്രമാണ്' അടുത്തിടെ കണ്ടൊരു ചിത്രത്തില്‍ നായകന്‍ പറയുന്ന ഈ വാചകം മനസ്സില്‍ ആണ്ടുപോയി. ശരിയാണ് പുറമെയുള്ള മറ്റാരേക്കാളും സഹോദരങ്ങളെക്കാള്‍, കൂട്ടുകാരേക്കാള്‍, എന്തിനേറെ ഒരു പരിധിവരെ മാതാപിതാക്കളെക്കാള്‍ പോലും കൂടുതല്‍ നമ്മെ അറിയേണ്ടത് പങ്കാളികള്‍ അല്ലേ.

നല്ലൊരു അച്ഛനോ അമ്മയോ മകനോ മകളോ സുഹൃത്തോ ആകാന്‍ കഴിയുന്ന നമുക്ക് എന്തുകൊണ്ടൊരു നല്ല പങ്കാളിയാകാന്‍ സാധിക്കുന്നില്ല ? താന്‍ പോരിമയുടെ കിരീടം ഒന്ന് തലയില്‍ നിന്നെടുത്താല്‍ തീരുന്ന പ്രശ്‌നങ്ങളെ ഉള്ളു ഈ ചെറിയ ജീവിതത്തില്‍. ഭാര്യയോട് ഒന്ന് ചിരിച്ചു സംസാരിച്ചാല്‍ അവളോടൊന്നു സ്‌നേഹമായി പെരുമാറിയാല്‍ കുറഞ്ഞു പോകുന്നൊരു മിഥ്യാഭിമാനത്തിന്റെ ചവറു കൂന മനസ്സില്‍ സൂക്ഷിച്ചു വെക്കുന്നിടത്തോളം അത് സാധ്യമാവില്ല.

വിവാഹം എന്നൊരു ഉടമ്പടി രണ്ട് വ്യക്തികളുടെ മാത്രമല്ല രണ്ട് കാഴ്ചപ്പാടുകളുടെ കൂടിച്ചേരല്‍ കൂടിയാണ്. സങ്കല്‍പങ്ങളുടെ കൊടുമുടിയില്‍ നിന്നും യാഥാര്‍ഥ്യത്തിന്റെ മണ്ണില്‍ കാലൂന്നുമ്പോള്‍ മാത്രം മറനീക്കി പുറത്തു വരുന്ന ചിലതൊക്കെയുണ്ട്. പണ്ടുതൊട്ടേ ഉള്ളിന്റെയുള്ളില്‍ വേരുറപ്പിച്ച ചില കെട്ടുമാറാപ്പുകള്‍.  കുടുംബജീവിതത്തിലെ അരുതുകള്‍, അതിരുകള്‍.

വിവാഹം എന്നൊരു ഉടമ്പടി രണ്ട് വ്യക്തികളുടെ മാത്രമല്ല രണ്ട് കാഴ്ചപ്പാടുകളുടെ കൂടിച്ചേരല്‍ കൂടിയാണ്.

അരുതുകള്‍, അതിരുകള്‍
സദ്യക്കുള്ള വാഴയില മുതല്‍ അവര്‍ക്കുണ്ടാകാന്‍ പോകുന്ന ആദ്യത്തെ കണ്‍മണിയുടെ പേരിടീല്‍ ചടങ്ങു വരെ മൊത്തമായും ചില്ലറയായും ഏറ്റെടുക്കുന്ന ബന്ധുക്കള്‍, നാട്ടുകാര്‍. അവിടെ മുതല്‍ തുടങ്ങുന്നു അരുതുകളുടെ ഘോഷയാത്ര. എവിടെയുമെന്നപോലെ കുടുംബബന്ധങ്ങളിലും എല്ലാവരുടെയും മുന്‍പില്‍ 'ഞാനും അങ്ങനെ വേണം' എന്നൊരു മിഥ്യാബോധം ആരോ പണ്ടെന്നോ മുതല്‍ പച്ചകുത്തിയിട്ടുണ്ട്. തൊലിപ്പുറത്തല്ല, ആഴത്തില്‍ ആത്മാഭിമാനമെന്ന ഞരമ്പുകളില്‍. സദാചാരമെന്ന വിഷം പുരട്ടിയ മുള്ളിനാല്‍ കോറിയിട്ട അലിഖിത നിയമ സംഹിതകള്‍ .

ഇഷ്ടമില്ലാത്തൊരു ഭക്ഷണം കഴിക്കാത്ത, ഇഷ്ടപ്പെടാത്ത വസ്ത്രം ധരിക്കാത്ത എന്തിനേറെ ഇഷ്ടമില്ലാത്തൊരു വ്യക്തിയോട് അടുപ്പം കാണിക്കാത്ത മനുഷ്യന്‍ മാത്രം എന്തുകൊണ്ട് മനസ്സ് കൊണ്ട് ഒരിഷ്ടവും തോന്നാത്ത ഒരു പങ്കാളിയോടൊപ്പം ഒരു മുറിയില്‍ നാല് ചുവരുകള്‍ക്കുള്ളില്‍ ഒരു കിടക്കയില്‍ ഉറങ്ങുന്നു. ഉത്തരം കിട്ടാത്ത ഈ ചോദ്യത്തിന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ച ഒരുത്തരം മാത്രം. 'സമൂഹത്തെ ബോധിപ്പിക്കണ്ടേ'. 'ബന്ധുക്കളെന്ത് പറയും'. അല്ലെങ്കില്‍ 'കുഞ്ഞുങ്ങള്‍ ഉണ്ടായിപ്പോയില്ലേ'.

വേറിട്ടൊരു വ്യക്തിയെ ജീവിതത്തില്‍ സ്വീകരിക്കുമ്പോള്‍ ഉണ്ടാകാവുന്ന സങ്കീര്‍ണ്ണതകളെ നേരിടാന്‍ ഒരുപരിധി വരെ മനുഷ്യന്‍ പ്രാപ്തനാണ് . വര്‍ഷങ്ങളോളം ഒന്നിച്ചു ജീവിച്ച പങ്കാളികളില്‍ പോലും തന്റെ ഭാര്യയുടെ, ഭര്‍ത്താവിന്റെ, ഇഷ്ടങ്ങള്‍, അഭിരുചികള്‍, കാഴ്ചപ്പാടുകള്‍ മനസ്സിലാക്കാത്തവരാണ് ഏറിയ പങ്കും എന്നുള്ളതൊരു സത്യമല്ലേ. 100% സംതൃപ്തരല്ലെങ്കിലും സുഖദമായൊരു ജീവിതം ആസ്വദിക്കുന്നവരും കുറവല്ല. വളരെ മനോഹരമായൊരു കവിത പോലെ ജീവിതം ജീവിച്ചു തീര്‍ക്കുന്നവര്‍. പരസ്പരം ഊന്നുവടികളാകുന്ന ദമ്പതികള്‍.

വിവാഹം ഒരു കൂദാശ ആണെന്ന് പറയുമ്പോഴും അത് പലര്‍ക്കും അന്ത്യ കൂദാശ ആകുന്നു.

കുഴിച്ചുമൂടിയ സ്വത്വം
വിവാഹം ഒരു കൂദാശ ആണെന്ന് പറയുമ്പോഴും അത് പലര്‍ക്കും അന്ത്യ കൂദാശ ആകുന്നു. തന്റെ സ്വത്വത്തെ മറന്നു പോകുന്നു. അത്രയും നാള്‍ ജീവിച്ച ചുറ്റുപാടില്‍ നിന്നും ഒരു പറിച്ചുനടല്‍ പലപ്പോഴും വേരുകള്‍ പൊട്ടി വളര്‍ച്ച മുരടിച്ചൊരു ചെടിയായി തളര്‍ന്നു വീഴുന്നു. അന്നുവരെ താന്‍ ആരായിരുന്നോ, എന്തായിരുന്നോ അതില്‍ നിന്നും വളരെ വ്യത്യസ്തയായൊരു എന്നെ ഞാന്‍ ഉണ്ടാക്കി എടുക്കേണ്ടി വരുന്നു .

അതുവരെ ഉണ്ടായിരുന്ന പല സ്വാതന്ത്ര്യങ്ങളിലും മറ്റൊരാളുടെ ഒരുപക്ഷെ ഒരു കുടുംബത്തിന്റെ മുഴുവന്‍ ഇഷ്ടാനിഷ്ടങ്ങള്‍ സ്വാധീനിക്കുമ്പോള്‍ ഉണ്ടാകുന്ന സാഹചര്യത്തെ നേരിടാന്‍ കഴിയാതെ തന്റെ ഇഷ്ടങ്ങളെ വേണ്ടെന്നു വെക്കുന്നവരാണ് അധികവും .

പലപ്പോഴും എന്റെ ഉള്ളില്‍ ഞാന്‍ കുഴിച്ചു മൂടിയ എന്നിലേക്ക് ഒരു തിരിച്ചുപോക്ക് ആഗ്രഹിക്കാത്തവര്‍ കുറവാണ്. അങ്ങനൊരു തിരിച്ചുപോക്കിനെ ആലോചിച്ചു തുടങ്ങുന്ന നിമിഷം മുതല്‍ കേട്ടുതുടങ്ങുന്ന ചോദ്യങ്ങള്‍. 'ഇനി നീ എങ്ങനെ ജീവിക്കും'. 'പെണ്ണല്ലേ ഇതൊക്കെ അനുഭവിക്കാനുള്ളതാണ്'. ഇതൊന്നും പോരാഞ്ഞിട്ട് ജീവിതം ഇങ്ങനൊക്കെയാണ് എന്നൊരു ഉപദേശവും. കാലാകാലങ്ങളായി നടന്നുവരുന്ന ഈ ഉപദേശങ്ങള്‍ അതാണ് മക്കളെക്കാളും മാതാപിതാക്കളെക്കാളും ഒക്കെ ജീവിതം വീണ്ടും അഭിനയിച്ചു മുന്നോട്ടു നീക്കാന്‍ പ്രേരിപ്പിക്കുന്ന ഏക ഘടകം.  

എല്ലാ സ്വഭാവ സവിശേഷതകളും അറിഞ്ഞ ശേഷമല്ലല്ലോ ഒരാളെ നമ്മള്‍ ഇണയായി സ്വീകരിക്കുന്നത്. പക്ഷെ വിവാഹശേഷമെങ്കിലും എന്റെ പങ്കാളി എന്തായിരുന്നു എന്നൊന്ന് മനസ്സിലാക്കുവാന്‍ ശ്രമിക്കാവുന്നതാണ്. അഭിനയിച്ചു തീര്‍ക്കാതെ ജീവിച്ചു തീര്‍ക്കണം ജീവിതം.

(ഈ സംവാദത്തില്‍ വായനക്കാര്‍ക്കും പങ്കുചേരാം. വിശദമായ പ്രതികരണങ്ങള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ സംവാദം എന്ന് എഴുതുമല്ലോ. തെരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകള്‍ അടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കും)

മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?

നജീബ് മൂടാടി: അത് കാമഭ്രാന്തല്ല!

ദിവ്യ രഞ്ജിത്ത് : വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ്!

ശ്രുതി രാജേഷ്: ഫെമിനിസ്റ്റും തലതെറിച്ചവളും അഹങ്കാരിയും ഉണ്ടാവുന്ന വിധം!

മുഹമ്മദ് കുട്ടി മാവൂര്‍: ഭാര്യഭര്‍ത്താക്കന്‍മാര്‍ മനസ്സുതുറക്കട്ടെ!

നോമിയ രഞ്ജന്‍ : നാട്ടുകാരുടെ ചോദ്യങ്ങളും  വിവാഹം എന്ന ഉത്തരവും!

ഹാഷിം പറമ്പില്‍ പീടിക'ഭാര്യ പുരുഷസുഹൃത്തുമായി സംസാരിച്ചാല്‍  കുരുപൊട്ടുന്നവര്‍'

അമ്മു സന്തോഷ്: ആണുങ്ങള്‍ അത്ര കുഴപ്പക്കാര്‍  ഒന്നുമല്ല; എങ്കിലും...
 

click me!