നയിക്കാന്‍ ആളില്ല; പൊതുമേഖല ബാങ്കുകള്‍ നട്ടം തിരിയുന്നു

By Web DeskFirst Published Jun 11, 2018, 12:51 PM IST
Highlights
  • നാല് പൊതുമേഖല ബാങ്കുകളില്‍ സിഇഒമാരില്ല
  • ഐഡിബിഐ സിഇഒ കസേരയും പ്രതിസന്ധിയില്‍

ദില്ലി: പൊതുമേഖല ബാങ്കുകള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ മുന്നോട്ട് പോവുന്നത്. നിഷ്‌ക്രിയ ആസ്തികളും രൂപയുടെ വിലയിടിയുന്നതും രാജ്യത്തെ വിലക്കയറ്റവും പൊതുമേഖല ബാങ്കുകളെ വലയ്ക്കുന്നത് ചെറുതൊന്നുമല്ല. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 21 പൊതുമേഖല ബാങ്കുകളുടെയും ആകെ നഷ്ടം 87,370 കോടി രൂപ കടന്നതായാണ് കണക്കുകള്‍. പഞ്ചാബ് നാഷണല്‍ ബാങ്കാണ് ഇതില്‍ ഏറ്റവും വലിയ നിഷ്‌കൃയ ആസ്തി പ്രതിസന്ധിയും നഷ്ടവും നേരിടുന്ന ബാങ്ക്.

പ്രധാനമായും നിഷ്‌ക്രിയ ആസ്തികള്‍ കാരണമാണ് ഇത്രയും ഭീകരമായ നഷ്ടം ബാങ്കുകളെ പിടികൂടിയത്. നഷ്ടം സകല നിയന്ത്രണങ്ങളെയും ഭേദിച്ച് മുന്നേറ്റം തുടങ്ങിയതോടെ റിസര്‍വ് ബാങ്ക് ശക്തമായ തിരുത്തല്‍ നടപടികളുമായി മുന്നോട്ട് വന്നിരിക്കുകയാണ്. പൊതുമേഖല ബാങ്കുകളെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ മുന്നില്‍ നില്‍ക്കേണ്ടത് അതാത് ബാങ്കുകളുടെ സിഇഒമാരാണ്. എന്നാല്‍ രാജ്യത്തെ നാല് പൊതുമേഖല ബാങ്കുകളിലെ സിഇഒ കസേരകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഒന്നിന്‍റെ സിഇഒ ഗുരുതര അഴിമതി ആരോപണങ്ങളുടെ പിടിയിലും. ആന്ധ്ര ബാങ്ക്, ദേനാ ബാങ്ക്, പഞ്ചാബ് സിന്ധ് ബാങ്ക്, അലഹാബാദ് ബാങ്ക് എന്നിവയ്ക്കാണ് നിലവില്‍ സിഇഒമാരില്ലാത്തത്. ഐഡിബിഐ ബാങ്ക് സിഇഒയ്‌ക്കെതിരെ അഴിമതി ആരോപണവും നിലവിലുണ്ട്. ഇദ്ദേഹത്തെ ഇപ്പോള്‍ റിസര്‍വ് ബാങ്കിന്‍റെ ഡെപ്യൂട്ടി ഗവര്‍ണറായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുകയാണ്.

പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, യുക്കോ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവയുടെ ഭരണസമിതി കലാവധി വരുന്ന മാര്‍ച്ചില്‍ അവസാനിക്കുകയും ചെയ്യും. പുതിയ നിയമനങ്ങള്‍ക്കായുളള ചര്‍ച്ചകള്‍ സജീവമല്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അലഹാബാദ് ബാങ്ക് സിഇഒയായിരുന്ന ഉഷ അന്തസുബ്രമണ്യത്തെ പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അധികാരത്തില്‍ നിന്ന്  നീക്കം ചെയ്തത്. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് മൊത്തത്തില്‍ 210 ബില്യണ്‍ ഡോളറാണ് വായ്പ തട്ടിപ്പിലൂടെ നഷ്ടമായത്. 

നിഷ്‌ക്രിയ ആസ്തികള്‍ പരിധികള്‍ വിട്ട് പെരുകിയതോടെയാണ് അടിയന്തര നടപടി എന്ന നിലയില്‍ 11 പൊതുമേഖല ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് തെറ്റുതിരുത്തല്‍ നടപടിയിലേക്ക് കടന്നത്. എന്നാല്‍ ബാങ്കുകളില്‍ എങ്ങനെ വേണം റിസര്‍വ് ബാങ്ക് തെറ്റുതിരുത്തല്‍ നടപടികള്‍ നടപ്പക്കേണ്ടതെന്ന് തീരുമാനിക്കേണ്ട ബാങ്ക് സിഇഒമാരുടെ നിയമനക്കാര്യമാണ് എങ്ങുമെത്താതെ നീണ്ടുപോവുന്നത്. ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ആരോഗ്യ കാരണങ്ങളാല്‍ പദവികളില്‍ നിന്ന് മാറി നില്‍ക്കുന്നതിനാല്‍ പകരം എത്തിയത് മന്ത്രിസഭയിലെ സ്മാര്‍ട്ട് മിനിസ്റ്ററെന്ന പേരില്‍ കൈയടി വാങ്ങിയിട്ടുളള പിയുഷ് ഗോയലാണ്. എന്നാല്‍ ഗോയല്‍ എത്തിയിട്ടും സിഇഒ നിയമനങ്ങളില്‍ ഗുണകരമായ തീരുമാനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.    


 

click me!