നിങ്ങളുടെ ഓണ്‍ലൈന്‍ ഷോപ്പിങ് ശീലങ്ങളും ഇനി സര്‍ക്കാര്‍ പരിശോധിക്കും

By Web DeskFirst Published Jun 13, 2017, 2:14 PM IST
Highlights

ദില്ലി: സാധനങ്ങള്‍ വാങ്ങാന്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സംവിധാനങ്ങളെ ആശ്രയിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ നിങ്ങളുടെ ഷോപ്പിങ് ശീലങ്ങള്‍ സര്‍ക്കാറിന് അറിയണം. അടുത്ത മാസം മുതല്‍ ഇതിനുള്ള സര്‍വ്വേ നടപടികള്‍ രാജ്യത്ത് ആരംഭിക്കുകയാണ്. ഓണ്‍ലൈന്‍ ഷോപ്പിങിന്റെ അതിവേഗത്തിലെ വ്യാപനം നിലവിലെ മാര്‍ക്കറ്റ് സ്വഭാവങ്ങളില്‍ വലിയ മാറ്റമുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് ഇത് പഠന വിധേയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ്‍ മാന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്‍ (എന്‍.എസ്.എസ്.ഒ) എല്ലാവര്‍ഷവും നടത്തിവരാറുള്ള കണ്‍സ്യൂമര്‍ എക്സ്പെന്‍ഡിച്ചര്‍ സര്‍വ്വെയിലാണ് ജനങ്ങളുടെ ഓണ്‍ലൈന്‍ ഷോപ്പിങ് രീതികള്‍ കൂടി നിരീക്ഷണ വിധേയമാക്കുന്നത്. ജൂലൈ മുതല്‍ അടുത്ത വര്‍ഷം ജൂണ്‍ വരെ നീണ്ടു നില്‍ക്കുന്ന വിവരശേഖരണമായിരിക്കും ഇത്. ദേശീയ സാമ്പത്തിക ഡേറ്റേബേസിന്റെ ഭാഗമായി ഇനി ഈ കണക്കുകളുമുണ്ടാകും. 2016ലെ കണക്കുകള്‍ പ്രകാരം  14.5 ബില്യന്‍ ഡോളറിന്റെ ഓണ്‍ലൈന്‍ വ്യാപാരമാണ് രാജ്യത്ത് നടക്കുന്നത്. 750 ബില്യന്‍ ഡോളറോളം വരുന്ന രാജ്യത്തെ മൊത്തം ചില്ലറ വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അത്ര വലുതല്ല. എന്നാല്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴിയുള്ള വ്യാപാര രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് വിവിധ ഏജന്‍സികള്‍ നല്‍കുന്ന വിവരം.

2021ഓടെ രാജ്യത്ത് ആകെ നടക്കുന്ന വ്യാപാരങ്ങളുടെ അഞ്ചിലൊന്നും ഓണ്‍ലൈന്‍ വഴി ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ ചൈനയാണ് ഏഷ്യയില്‍ ഏറ്റവുമധികം ഓണ്‍ലൈന്‍ വ്യാപാരം നടക്കുന്നത്. എന്നാല്‍ ലോകത്ത് തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ഓണ്‍ലൈന്‍ വ്യാപാര മേഖല ഇന്ത്യയിലാണ്.  ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതിന്റെ കണക്കുകള്‍ തേടുന്നത്. 1.2 ലക്ഷം വീടുകളിലായിരിക്കും എന്‍.എസ്.എസ്.ഒ സര്‍വ്വേ നടത്തുക.

click me!