ജിഎസ്‌ടി: നികുതി ചരിത്രത്തിലെ വലിയ മാറ്റം

By Rajeev ChandrasekharFirst Published Aug 6, 2016, 3:29 AM IST
Highlights

രാജീവ് ചന്ദ്രശേഖര്‍ എംപി


സാമ്പത്തിക ഉദാരവത്കരണത്തിന്റെ രജത ജൂബിലി വര്‍ഷത്തിലാണു നാമിന്ന്. ഒരുപക്ഷേ ചരക്കു സേവന നികുതി പ്രാബല്യത്തില്‍വരുന്നതുവഴി, രാജ്യത്തിന്റെ നികുതി പരിഷ്‍കരണ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റം യാഥാര്‍ഥ്യമാകുന്ന വര്‍ഷംകൂടിയാകും ഇത്. ഇന്ത്യ മുഴുവന്‍ ഒറ്റ കമ്പോളമാകുന്നതോടെ വ്യാപാരത്തിനും സേവനങ്ങള്‍ക്കുമുള്ള കടമ്പകള്‍ ലഘൂകരിക്കപ്പെടുന്നുവെന്നതാണ് ജിഎസ്‌ടി വരുമ്പോഴുള്ള വലിയ മാറ്റം.

ചരക്കു സേവന നികുതി സംബന്ധിച്ച പാര്‍ലമെന്റ് സെലക്റ്റ് കമ്മിറ്റിയില്‍ ഞാനും അംഗമായിരുന്നു. വിവിധ കോണുകളില്‍നിന്നുള്ള അഭിപ്രായ രൂപീകരണത്തിനും ആലോചനകള്‍ക്കും ശേഷം കൃത്യം ഒരു വര്‍ഷം മുന്‍പ്, 2015 ജൂലായ് 22ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിനു സമര്‍പ്പിച്ചു. അതിനുശേഷം മൂന്നു പാര്‍ലമെന്റ് സമ്മേളനങ്ങള്‍ കഴിഞ്ഞു. ജിഎസ്‌ടി ബില്‍ രാഷ്‍ട്രീയ കളിക്കളത്തിലിട്ട് അമ്മാനമാടുന്ന നിരാശാജനകമായ കാഴ്‍ചയായിരുന്നു പിന്നീട്.

ജിഎസ്‌ടി നടപ്പാക്കുന്നതിനു മുന്നോട്ടുവച്ച 2016 ഏപ്രില്‍ ഒന്ന് എന്ന ലക്ഷ്യം അക്കാരണത്താല്‍ കടന്നുപോയി. ജിഎസ്‌ടി യാഥാര്‍ഥ്യമാകാന്‍ വൈകുന്നത് രാജ്യത്തിനു പ്രതിവര്‍ഷം 20 മില്യണ്‍ നഷ്ടമാണുണ്ടാക്കുന്നത. (ജിഎസ്‌ടി വരുന്നതോടെ ആഭ്യന്തരോത്പാദനത്തില്‍ 1-2% വര്‍ധനവുണ്ടാകുമെന്നതു പരിഗണിച്ച്)

ചെറിയ മാറ്റങ്ങള്‍ക്കുപോലും പരിഷ്‍കാരമെന്ന വാക്ക് ഉപയോഗിക്കുന്ന ഇക്കാലത്ത് ജിഎസ്‌ടി മുന്നോട്ടുവയ്‍ക്കുന്നത് ഈ രംഗത്തെ സമൂല പരിഷ്‍കരണം തന്നെയാണ്. മത്സരവും ശേഷിയും വര്‍ധിപ്പിക്കുന്നതിനു നവീകരണം വേണമെന്നു മുറവിളിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയില്‍, വന്‍ മാറ്റമാകും ജിഎസ്‌ടിവഴി ഉണ്ടാകുന്നത്.

ചരക്കു സേവന നികുതി നടപ്പാക്കുന്നതിനു കഴിഞ്ഞ ഒരു ദശാബ്ദമായി തയാറെടുപ്പുകള്‍ നടക്കുന്നു. കുറേ വര്‍ഷങ്ങളായി ഇതിന്റെ പേരില്‍ ചര്‍ച്ചകള്‍ നടക്കുന്നു. ജിഎസ്‌ടി നടപ്പാക്കുന്നത് രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോത്പാദനത്തില്‍(ജിഡിപി) ഒന്നു മുതല്‍ രണ്ടു വരെ ശതമാനം വളര്‍ച്ച കൊണ്ടുവരുമെന്ന കണ്ടെത്തലിലാണ് ഈ ചര്‍ച്ചകളെല്ലാം ചെന്നു നില്‍ക്കുന്നത്.

ബിസിനസ് നടത്തുന്നതിനു സുതാര്യതയും, ഉപഭോക്താക്കള്‍ക്കു കൂടുതല്‍ സൗകര്യങ്ങളും ജിഎസ്‌ടി നല്‍കും. ഒപ്പം, ചെറുകിട സംരംഭങ്ങള്‍ക്കു വലിയ വിപണി തുറക്കുന്നതിനുള്ള ചാലകശക്തിയാവുകയും ചെയ്യും. അന്തര്‍സംസ്ഥാന വ്യാപാരത്തിനു നിലനില്‍ക്കുന്ന തടസവും ഭീമമായ ചെലവുമൊക്കെ ജിഎസ്‌ടി വരുന്നതോടെ ഇല്ലാതാകും. 14 മുതല്‍ 16 വരെ എണ്ണം വ്യത്യസ്ത നികുതികള്‍ നല്‍കിക്കൊണ്ടിരുന്ന സ്ഥാനത്ത് ജിഎസ്‌ടി വരുമ്പോള്‍ രണ്ടു നികുതി നല്‍കിയാല്‍ മതി. സംസ്ഥാന ജിഎസ്‌ടിയും കേന്ദ്ര ജിഎസ്‌ടിയും. രാജ്യം മുഴുവന്‍ ഒറ്റ കമ്പോളമാകുമ്പോള്‍ കേന്ദ്ര വില്‍പ്പന നികുതി, പ്രവേശന നികുതി തുടങ്ങിയവയുടെയൊന്നും ഭാരമില്ലാതെ രാജ്യത്തിന്റെ ഏതു കോണിലും ഉത്പന്നങ്ങളെത്തിക്കാം, വില്‍ക്കാം.

ചെറിയ നികുതികളുടെ എണ്ണം കുറയുന്നതോടെ ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ചെലവു കുറയും. അടിസ്ഥാന നികുതി നിരക്കുകള്‍ പരിഷ്കരിക്കപ്പെടുന്നതു സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കും. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കൂടുതല്‍ ഫണ്ട് ലഭിക്കുകയും ചെയ്യും. ഇതെല്ലാമാകുമ്പോള്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥ കൂടുതല്‍ കരുത്തും മത്സരബുദ്ധിയും നേടും. ലോക സാമ്പത്തിക രംഗത്ത് ഇന്ത്യ നിര്‍ണായക ശക്തിയാകുകയും ചെയ്യും.

ഉപഭോക്തൃ - വ്യവസായ സൗഹൃദ നികുതിക്രമമാണു ജിഎസ്‌ടി മുന്നോട്ടുവയ്ക്കുന്നത്. വന്‍ തുകയാണു ജിഎസ്‌ടി നടപ്പാക്കുന്നതിനു സാങ്കേതിക മേഖലയില്‍ ചെലവഴിക്കപ്പെടുന്നത്. ഇതും മറ്റൊരു നാഴികക്കല്ലാകും. ഇതുവഴി ഉപഭോക്താക്കള്‍ക്കും ബിസിനസ് ചെയ്യുന്നവര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഇന്‍സ്പെക്ടര്‍ രാജ് ഇല്ലാതാക്കാം.

ജിഎസ്‌ടിയുടെ കാര്യത്തില്‍ പൊതു സമ്മതം നേടാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ വിജയത്തിലേക്കെത്തുന്ന കാഴ്ചയാണു കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. പുതിയ നികുതി ഘടന സംബന്ധിച്ച് ഉയര്‍ന്ന തര്‍ക്കങ്ങള്‍ പരിഹരിച്ചതും, അന്തര്‍ സംസ്ഥാന വ്യാപാരത്തിന് ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിരുന്ന ഒരു ശതമാനം അധിക നികുതി ഒഴിവാക്കിയതും എല്ലാ പാര്‍ട്ടികളും ഒരേപോലെ ജിഎസ്‍ടി സ്വീകരിക്കുന്നതിനു വേണ്ടിയിട്ടാണ്.

സംസ്ഥാനങ്ങള്‍ക്കു നികുതി സമഭാവമുണ്ടാകുമെന്നതും ഉപഭോക്താക്കള്‍ക്കു നികുതി ഭാരം കുറയുമെന്നതും ജിഎസ്‌ടി നല്‍കുന്ന പ്രധാന രണ്ടു ഗുണഫലങ്ങളെന്ന് ധനകാര്യ മന്ത്രാലയത്തിന്റെ ഉന്നതാധികാര സമിതി പറയുന്നുമുണ്ട്. ലോക്സഭയിലും പിന്നീട് സംസ്ഥാന നിയമസഭകളിലും ജിഎസ്‌ടി സംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്ല് പാസാക്കുന്നതിനുവേണ്ടിയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമ്മതമായ രീതിയിലേക്കു സര്‍ക്കാര്‍ ഈ ബില്ല് കൊണ്ടുവരുന്നത്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാനങ്ങളും ജിഎസ്‌ടിയെ പിന്തുണയ്ക്കുമ്പോള്‍ത്തന്നെ ചില കോണുകളില്‍നിന്ന് അതിനോടുള്ള എതിര്‍പ്പും കാണുന്നുണ്ട്. ജിഎസ്‌ടി വേണ്ടെന്ന് ആരും പറയുന്നില്ല. ജിഎസ്‌ടി ഇല്ലാതിരിക്കുന്നതിനക്കാള്‍ നല്ലത് അപാകതകള്‍ പരിഹരിച്ചുള്ള ജിഎസ്‌ടിയെന്ന് ഇക്കൂട്ടരെല്ലാം പറയുന്നു. ഇപ്പോഴത്തെ രൂപത്തില്‍ ജിഎസ്‌ടി ബില്ലിന് പരാതികളില്ലാത്ത പൂര്‍ണയതില്ലായിരിക്കാം. കാരണം, നികുതി വരുമാനത്തിലും നികുതി അധികാരത്തിലും സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങള്‍ സംബന്ധിച്ചുള്ള ഭരണഘടനാ ഭേദഗതിയുടെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണിത്.

ഓരോ നികുതി പരിഷ്കരണങ്ങളും സാമ്പത്തിക പരിഷ്കാരങ്ങളും ഏതെങ്കിലും പുതിയ ആശയത്തിന്റേയോ നിയമത്തിന്റേയോ പരിണാമമാണ്. ക്രമേണയുള്ള വികാസം ഈ പ്രക്രിയയിലുണ്ട്. ജിഎസ്‌ടി ഇപ്പോള്‍ അതിന്റെ വേരിലാണ്. അതിന് ഇനിയും വളര്‍ച്ചയുണ്ട്. സംസ്ഥാന ജിഎസ്‌ടിയെന്നും കേന്ദ്ര ജിഎസ്‌ടിയെന്നും രണ്ടു ഘടനയാണ് ഇപ്പോള്‍ ജിഎസ്‌ടിക്ക്. ഭാവിയില്‍ അത് ഒന്നായേക്കാം.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം മൂന്നാമത്തെ ആഴ്ചയിലേക്കു കടക്കുകയാണ്. എല്ലാ ഇന്ത്യക്കാരെയുംപോലെ  ജിഎസ്‌ടി പാസാക്കുകയെന്ന യാഥാര്‍ഥ്യത്തിനായി ഞാനും കാത്തിരിക്കുകയാണ്. മാറുന്ന ഇന്ത്യയുടെ മറ്റൊരു നാഴികക്കല്ലിന് ഈ വര്‍ഷകാല സമ്മേളനം വേദിയായേക്കാം.. കാത്തിരിക്കുക..

(ജിഎസ്‌ടി ബില്‍ സംബന്ധിച്ച രാജ്യസഭാ സെലക്ട് കമ്മിറ്റി അംഗം കൂടിയാണു ലേഖകന്‍)

click me!