കടക്കെണിയില്‍ കുടുങ്ങാതിരിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്

By Web DeskFirst Published Dec 3, 2017, 4:11 PM IST
Highlights

സാമ്പത്തിക അച്ചടക്കമില്ലായ്മയാണു കടക്കെണിക്കു പ്രധാന കാരണം. വരവും ചെലവും അറിയാതെ കണ്ണില്‍ക്കാണുന്നതിനൊക്കെ പണം ചെലവാക്കിയാല്‍ കടവും കടത്തിനുമേല്‍ കടവുമായി ജിവിതത്തിന്റെ താളംതെറ്റും. മികച്ച ശമ്പളത്തോടെയുള്ള ജോലി ചെയ്യുന്നവര്‍പോലും പലരും കടക്കെണിയില്‍പ്പെട്ടു വിഷമിക്കുന്നതിന്റെ പ്രധാന കാരണം സാമ്പത്തിക അച്ചടക്കത്തിന്റെ പോരായ്മയാണ്. ഒന്നോര്‍ക്കുക. കടക്കെണിയിലായാല്‍ സമാധാനം നഷ്‌ടപ്പെടും. നിരാശയും ഭയവുമൊക്കെ പിടികൂടും. സാമ്പത്തിക അച്ചടക്കം പാലിച്ചു ജീവിതം ആസ്വദിക്കാനുള്ള ചില പൊടിക്കൈകള്‍ ചുവടെ;

വരുമാനമറിഞ്ഞുവേണം ചെലവ്
വരുമാനത്തേക്കാള്‍ ചെലവ് അധികരിക്കുന്നതാണു കുടുംബ ബജറ്റ് താളംതെറ്റുന്നതിനു പ്രധാന കാരണം. വരവും ചെലവുമെത്രയെന്നു മാസത്തിന്റെ തുടക്കത്തിലേ തിട്ടപ്പെടുത്തിയാല്‍ ഈ പ്രശ്നം തീര്‍ന്നു.

ശമ്പളത്തില്‍നിന്നടക്കം എത്ര രൂപ വരുമാനമായി ലഭിക്കുന്നു, വീട്ടുചെലവ്, യാത്ര, കുട്ടികളുടെ വിദ്യാഭ്യാസം, ലോണ്‍, ഭക്ഷണം, വിനോദം തുടങ്ങിയവയ്‌ക്കടക്കം എത്ര രൂപ ചെലവു വരും എന്നിവ സംബന്ധിച്ചു കൃത്യമായ ബജറ്റ് തയാറാക്കുക. അപ്രതീക്ഷിത ചെലവുകള്‍ മറികടക്കാനും അല്‍പ്പം പണം ബജറ്റില്‍ കരുതുക. ഇങ്ങനെയായാല്‍ മാസത്തിന്റെ അവസാനംവരെ പണം ബുദ്ധിമുട്ടില്ലാതെ കയ്യിലുണ്ടാവും. കടം വാങ്ങേണ്ടിവരില്ല.

അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക
അനാവശ്യമായി എത്ര ചെലവുകള്‍ പ്രതിമാസം വരുത്തുന്നുവെന്നു ചിന്തിക്കൂ. വലിയ നേട്ടമൊന്നുമുണ്ടാകാത്ത നിക്ഷേപ പദ്ധതികള്‍ ഇനിയും തുടരണോ എന്ന് ആലോചിക്കൂ. ക്രെഡിറ്റ് കാര്‍ഡ് ഷോപ്പിങ് ഉണ്ടെങ്കില്‍ അതു കുറയ്‌ക്കൂ. കാരണം, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു പരിധിയിലേറെ ഷോപ്പിങ് നടത്തിയാല്‍ തിരിച്ചടവ് മുടങ്ങും. പലിശയും പിഴപ്പലിശയുമൊക്കം തലയ്‌ക്കുമേല്‍ കയറും. വിദേശയാത്ര, സ്‌പാ, ബ്യൂട്ടി പാര്‍ലര്‍ ആഢംബരങ്ങള്‍ കഴിവതും കുറയ്‌ക്കുക.

ലോണില്‍ വീണു കുടുങ്ങരുത്
പേഴ്‌സണല്‍ ലോണ്‍, വെഹിക്കിള്‍ ലോണ്‍ തുടങ്ങിയവയൊക്കെ ഫോണ്‍ കോളില്‍ ലഭിക്കുന്ന കാലമാണിത്. ധനകാര്യ സ്ഥാപനങ്ങളുടെ ഓഫര്‍ മഴയ്‌ക്കു മുന്നില്‍ വീണ് പലപ്പോഴും ഇത്തരം ലോണുകളെടുത്തു തലയില്‍ വയ്‌ക്കുകയും ചെയ്യും. ലോണ്‍ കിട്ടിയ പണം ചെലവായിക്കഴിഞ്ഞാകും പലരും ചിന്തിക്കുക, ഇത് എടുക്കേണ്ടായിരുന്നുവെന്ന്.

വായ്പയെടുക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ സ്വയം ചോദിക്കുക.
1. ഈ വായ്പ ആവശ്യമുണ്ടോ?
2. ഉണ്ടെങ്കില്‍ത്തന്നെ ഇത്ര പലിശയ്‌ക്കു വായ്പ വേണോ?
3. തിരിച്ചടവ് മാസ ബജറ്റിന്റെ ഉള്ളില്‍ നിര്‍ത്താന്‍ കഴിയുമോ?
4. ജോലി നഷ്‌ടപ്പെട്ടാലോ ശമ്പളം വൈകിയാലോ ലോണ്‍ തിരിച്ചടയ്‌ക്കാന്‍ കഴിയുമോ?
5. വായ്പാ തിരിച്ചടവു കാലവും അക്കാലത്തേക്കുള്ള പലിശയും നമുക്കു വന്‍ നഷ്‌ടമുണ്ടാക്കുന്നുണ്ടോ?
6. മൊത്തം വരുമാനത്തിന്റെ 35 ശതമാനത്തിനുമേല്‍ വായ്പാ തിരിച്ചടവു തുക വരുന്നുണ്ടോ?

കുടുംബ ചെലവിനും വേണം പ്രത്യേക അക്കൗണ്ട്
കുടുംബത്തിനായി പ്രത്യേക അക്കൗണ്ടുകള്‍ എന്നതു ബജറ്റ് താളംതെറ്റാതിരിക്കുന്നതിനു മികച്ച ആശയമാണ്. പ്രതിമാസ ചെലവുകള്‍ക്ക് ഒരു അക്കൗണ്ട്, വിദൂരമല്ലാത്ത കാലത്തു വരാവുന്ന ചെലവുകള്‍ക്കായി (വിനോദയാത്ര, ഗൃഹോപകരണങ്ങള്‍ വാങ്ങല്‍, വാഹനം വാങ്ങല്‍ തുടങ്ങിയവയ്‌ക്ക്) ഒരു അക്കൗണ്ട്. ദീര്‍ഘകാല നിക്ഷേപമായി കരുതാവുന്ന (മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍) അക്കൗണ്ട് എന്നിങ്ങനെ മൂന്നിനം അക്കൗണ്ടുകളുണ്ടാക്കാം. ഇതില്‍ രണ്ടാമത്തെയും മൂന്നാമത്തെയും അക്കൗണ്ടില്‍ ബജറ്റിന് അനുസൃതമായി പ്രതിമാസ നിക്ഷേപം നടത്തണം.

ഇന്‍ഷ്വറന്‍സ് ഒരു രക്ഷാമാര്‍ഗം
ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ കുടുംബത്തെ മുഴുവന്‍ പങ്കാളികളാക്കുക എന്നത് സാമ്പത്തിക സുരക്ഷിതത്വം സംബന്ധിച്ച് ഏറെ പ്രധാനമാണ്. അപകടം, മരണം, അസുഖം തുടങ്ങിയവയൊന്നും മുന്‍കൂട്ടി ആര്‍ക്കും പ്രവചിക്കാനാവില്ല. ബിസിനസ് തകര്‍ച്ചടയക്കമുള്ളവയും എപ്പോള്‍ വേണമെങ്കിലും വരാം. അതുകൊണ്ട് അനുയോജ്യമായ ഇന്‍ഷ്വറന്‍സ് നേരത്തേ കണ്ടെത്തി പ്രീമിയം അടച്ചു തുടങ്ങണം.

ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പോളിസികള്‍ തെരഞ്ഞെടുക്കുമ്പോള്‍ പലരും പ്രീമിയം കുറഞ്ഞവയ്‌ക്കാണു പ്രാധാന്യം നല്‍കാറ്. എന്നാല്‍ ഇതു വലിയ പ്രയോജനമൊന്നും നല്‍കില്ല. സൗകര്യങ്ങളും വരും കാല ചികിത്സാ ചെലവുകളും നോക്കിയാകണം പ്രീമിയം തെരഞ്ഞെടുക്കേണ്ടത്. രാജ്യത്തെ പ്രമുഖ പൊതുമേഖലാ - സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ മികച്ച മെഡിക്ലെയിം പോളിസികള്‍ നല്‍കുന്നുണ്ട്.

click me!