IFFK Review : മറ്റൊരു ജെയ്‍ലാന്‍ മാജിക്; 'എബൗട്ട് ഡ്രൈ ഗ്രാസസ്' റിവ്യൂ

By Nirmal SudhakaranFirst Published Dec 12, 2023, 6:54 PM IST
Highlights

'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോളിയ'യുടെ പശ്ചാത്തലമായ അനറ്റോളിയന്‍ മലനിരകള്‍ തന്നെയാണ് പുതിയ സിനിമയുടെയും പശ്ചാത്തലം

ലോകസിനിമയെ ശ്രദ്ധിക്കുന്ന മലയാളികളെ സംബന്ധിച്ച് പ്രിയങ്കരനായ സംവിധായകനാണ് തുര്‍ക്കിയില്‍ നിന്നുള്ള നൂറി ബില്‍ഗെ ജെയ്‍ലാന്‍. കാനില്‍ ഗ്രാന്‍ പ്രി അവാര്‍ഡ് നേടിയ 2011 ചിത്രം വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോളിയയിലൂടെയാണ് മലയാളികളില്‍ വലിയൊരു വിഭാഗം ഈ സംവിധായകനെ ശ്രദ്ധിച്ചുതുടങ്ങിയത്. ആ ചിത്രം ഉണ്ടാക്കിയ അനുഭവം കണ്ട ഒരാള്‍ക്കും മറക്കാനുമാവില്ല. ജെയ്‍ലാന്‍റെ ഏറ്റവും ജനപ്രിയചിത്രവും അതുതന്നെ. 26 വര്‍ഷത്തിനിടെ ഒന്‍പത് ചിത്രങ്ങള്‍ മാത്രം ചെയ്ത, അതില്‍ ആറ് ചിത്രങ്ങള്‍ക്കും തുര്‍ക്കിയുടെ ഓസ്കര്‍ എന്‍ട്രി സ്ഥാനം ലഭിച്ച, പാം ഡി ഓര്‍ ഉള്‍പ്പെടെ കാനില്‍ പല പുരസ്കാരങ്ങളും നേടിയിട്ടുള്ള സംവിധായകനുമാണ് അദ്ദേഹം. അവസാന ചിത്രമായ ദി വൈല്‍ഡ് പിയര്‍ ട്രീ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിന് ശേഷം ജെയ്ലാന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ഇത്തവണ ഐഎഫ്എഫ്‍കെയില്‍ ഉണ്ട്. എബൗട്ട് ഡ്രൈ ഗ്രാസസ് ആണ് ആ ചിത്രം.

വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോളിയയുടെ പശ്ചാത്തലമായ അനറ്റോളിയന്‍ മലനിരകള്‍ തന്നെയാണ് പുതിയ സിനിമയുടെയും പശ്ചാത്തലം. കിഴക്കന്‍ അനറ്റോളിയയിലെ ഒരു ഉള്‍നാടന്‍ പള്ളിക്കൂടത്തില്‍ ഏറെ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന സമെത് എന്ന അധ്യാപകനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഇസ്താംബുളിലേക്ക് ജീവിതം പറിച്ചുനടണമെന്ന് ആഗ്രഹിച്ച് കഴിയുന്ന സമെതിന്‍റെ ദിനങ്ങളെ ഉലച്ചുകൊണ്ട് ഒരു സംഭവം നടക്കുകയാണ്. ചിത്രകലാഅധ്യാപകനായ സമതില്‍ നിന്ന് തങ്ങള്‍ക്ക് മോശം പെരുമാറ്റം നേരിടേണ്ടിവന്നെന്ന് രണ്ട് വിദ്യാര്‍ഥിനികള്‍ പരാതിയുമായി സ്കൂള്‍ അധികാരികളെ സമീപിക്കുകയാണ്. ഇത് അയാളിലുണ്ടാക്കുന്ന പ്രതികരണങ്ങളിലൂടെ ആ കഥാപാത്രത്തിന്‍റെതന്നെ ഉള്ളറകളെ കാട്ടിത്തരുകയാണ് നൂറി ബില്‍ഗെ ജെയ്‍ലാന്‍.

'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോളിയ'യിലെ (2011) അനറ്റോളിയന്‍ മലനിരകള്‍

പൊതുവെ സാവധാനത്തില്‍ കഥ പറയുന്ന, കഥാപശ്ചാത്തലത്തിലെ മാറ്റത്തേക്കാളും കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് ഫോക്കസ് ചെയ്യാന്‍ ശ്രമിക്കുന്ന സംവിധായകനാണ് അദ്ദേഹം. സിനിമാറ്റിക് ഡ്രാമ സൃഷ്ടിക്കുന്നതിന് പകരം മനുഷ്യന്‍റെ യഥാതഥ പ്രതികരണങ്ങളും വ്യക്തികള്‍ക്കിടയിലെ സംഘര്‍ഷങ്ങളുമൊക്കെ അങ്ങേയറ്റം വിശ്വസനീയമായി അവതരിപ്പിക്കുന്ന ആളുമാണ് അദ്ദേഹം. എബൗട്ട് ഡ്രൈ ഗ്രാസസും അങ്ങനെതന്നെ. ഒരു ഉള്‍നാടന്‍ സ്കൂളില്‍ കലാധ്യാപകനായ നായകനുനേര്‍ക്ക് ഗൗരവമുള്ള, അയാളുടെ ജീവിതത്തെ ബാധിക്കാന്‍ സാധ്യതയുള്ള ഒരു ആരോപണം വരുന്നു. അത് അയാളിലും സഹപ്രവര്‍ത്തകരിലുമുണ്ടാക്കുന്ന പ്രതികരണങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോളിയയില്‍ കണ്ട അനറ്റോളിയന്‍ മലനിരകളല്ല എബൗട്ട് ഡ്രൈ ഗ്രാസസില്‍ ഉള്ളത്. അവിടുത്തെ ശൈത്യകാലമാണ് ചിത്രത്തില്‍. എവിടെനോക്കിയാലും മഞ്ഞിന്‍റെ വെളുപ്പ് മാത്രമുള്ള ഫ്രെയ്‍മുകളില്‍ കുന്നുകളുടെ താഴ്വരയില്‍ ഒറ്റപ്പെട്ട ഒരു വിദ്യാലയം. അവിടുത്തെ കുട്ടികള്‍. അവിവാഹിതനാണ് സമെത്. എന്നാല്‍ ആരുമായും അടുത്ത വ്യക്തിബന്ധങ്ങളില്ലാത്ത അയാള്‍ക്ക് ഒറ്റയ്ക്ക് ജീവിക്കുന്നതിന്‍റെ ആവലാതികളോ ആകുലതകളോ ഇല്ല. 

എബൗട്ട് ഡ്രൈ ഗ്രാസസ്

മൂന്ന് മണിക്കൂര്‍ 17 മിനിറ്റ് ദൈര്‍ഘ്യമുണ്ട് ചിത്രത്തിന്. സാവധാനത്തിലാണ് ശൈത്യകാലത്തിലെ ആ കഥാഭൂമികയും കേന്ദ്രകഥാപാത്രമടക്കമുള്ള കഥാപാത്രങ്ങളെയും ജെയ്‍ലാന്‍ പരിചയപ്പെടുന്നത്. ചിത്രത്തിന്‍റെ താളവുമായി ചേരാന്‍ കുറച്ച് സമയം എടുക്കും കാണിക്ക്. എന്നാല്‍ ചിത്രത്തിന്‍റെ പ്രധാന സംഘര്‍ഷമുണ്ടാക്കുന്ന ആ ആരോപണത്തിന് ശേഷം ചിത്രം ഒരു മിനിറ്റ് പോലും ബോറടിപ്പിക്കുന്നില്ല. സമെതിനൊപ്പം അയാളുടെ സഹപ്രവര്‍ത്തകനായ മറ്റൊരു അധ്യാപകനും കുട്ടികളുടെ ആരോപണത്തിന് വിധേയനാവുന്നുണ്ട്. ഇവരും പ്രിന്‍സിപ്പല്‍ അടക്കമുള്ള സ്കൂളിലെ മറ്റ് ജീവനക്കാരും ഒരു സുഹൃത്ത് വഴി വരുന്ന വിവാഹാന്വേഷണത്തിലൂടെ പരിചയപ്പെടുന്ന ഭിന്നശേഷിക്കാരിയായ ഒരു സ്ത്രീയും സ്ക്രൂള്‍ വിദ്യാര്‍ഥികളും ഇങ്ങനെ കുറച്ച് കഥാപാത്രങ്ങളേയുള്ളൂ ചിത്രത്തില്‍. ആദ്യത്തെ ഒരു മണിക്കൂര്‍ പിന്നിട്ടുകഴിഞ്ഞ് കേന്ദ്ര കഥാപാത്രത്തിലേക്ക് തന്നെ ഡീപ്പ് ഫോക്കസ് ചെയ്യുകയാണ് ജെയ്ലാന്‍. ആളത്ര വെടിപ്പല്ലെന്ന് കുട്ടികളുടെ ആരോപണം വരുന്നതിന് മുന്‍പേ കാണികള്‍ക്ക് തോന്നലുളവാക്കുന്നുണ്ട് സംവിധായകന്‍. ആരാണ് ശരിക്കും സമെത് എന്ന അന്വേഷത്തില്‍ പ്രേക്ഷകരെ ഒപ്പം കൂട്ടുകയാണ് പിന്നീട് അദ്ദേഹം.

എബൗട്ട് ഡ്രൈ ഗ്രാസസ്

ഒരു ഫോട്ടോഗ്രാഫര്‍ കൂടിയായ നൂറി ബില്‍ഗെ ജെയ്‍ലാന്‍ ചിത്രങ്ങള്‍ അതിന്‍റെ ഫോട്ടോഗ്രഫി മികവ് കൊണ്ടും എപ്പോഴും വേറിട്ട് നില്‍ക്കാറുണ്ട്. ഇവിടെയും അതിന് വ്യത്യാസമില്ല. മഞ്ഞുകാലത്തെ, പരന്നുകിടക്കുന്ന കുന്നിന്‍പ്രദേശത്തിന്‍റെയും അവിടുത്തെ പകലിരവുകളുടെയുമൊക്കെ ബിഗ് സ്ക്രീന്‍ അനുഭവം ഗംഭീരമാണ്. പൂര്‍ണ്ണമായും നായകനോ വില്ലനോ അല്ലാത്ത, കറുപ്പും വെളുപ്പും കലര്‍ന്ന സമെതില്‍ കാണിക്ക് തന്നെത്തന്നെ കാണാനാവും. ഏതൊരു ജെയ്ലാന്‍ ചിത്രങ്ങളിലെയുംപോലെ ജീവിതത്തെക്കുറിച്ചുള്ള തത്വചിന്താപരമായ ചില വരികളിലാണ് എബൗട്ട് ഡ്രൈ ഗ്രാസസും അവസാനിക്കുന്നത്. ജീവിതത്തിന്‍റെ നിസ്സാരതയെക്കുറിച്ചും സൗന്ദര്യങ്ങളെക്കുറിച്ചുമാണ് സമെതിലൂടെ നൂറി ബില്‍ഗെ ജെയ്ലാന്‍ വീണ്ടും പറയുന്നത്. ജെയ്ലാന്‍റെ മുന്‍ ചിത്രങ്ങള്‍ കണ്ട അദ്ദേഹത്തിന്‍റെ ആരാധകരെ സംബന്ധിച്ച് വലിയ പുതുമ അവകാശപ്പെടാനില്ലാത്ത ചിത്രമാണ് എബൗട്ട് ഡ്രൈ ഗ്രാസസ്. അതേസമയം അത് നിരാശപ്പെടുത്തുന്നുമില്ല. കണ്ടും കേട്ടും അനുഭവിക്കാനുള്ളതാണ് എബൗട്ട് ഡ്രൈ ഗ്രാസസ്. 

ALSO READ : പ്രത്യാശ ഒരു നുണ! 'ആനന്ദ് മൊണാലിസ വെയിറ്റ്സ് ഫോര്‍ ഡെത്ത്' റിവ്യൂ

click me!