Latest Videos

Ajagajantharam Review : കാഴ്ചയുടെ പൂരക്കൊടിയേറ്റം; 'അജഗജാന്തരം' റിവ്യൂ

By Web TeamFirst Published Dec 23, 2021, 3:06 PM IST
Highlights

സമീപകാലത്ത് ഇറങ്ങിയ മലയാള സിനിമകളില്‍ നിന്നെല്ലാം വേറിട്ട വഴിയിലൂടെയാണ് 'അജഗജാന്തര'ത്തിന്‍റെ സഞ്ചാരം

'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' (2018) എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് ടിനു പാപ്പച്ചന്‍ (Tinu Pappachan). ദൃശ്യഭാഷയില്‍ പുതുമ കണ്ടെത്താന്‍ ശ്രമിക്കുന്ന പുതുതലമുറ സംവിധായകരുടെ നിരയിലേക്കുള്ള ഒരു പുതിയ എന്‍ട്രി എന്ന് തോന്നലുളവാക്കിയ ചിത്രമായിരുന്നു അത്. ദൃശ്യവിന്യാസത്തില്‍ നവീനത കണ്ടെത്താന്‍ ശ്രമിക്കുന്ന, പരീക്ഷണങ്ങള്‍ക്ക് തയ്യാറാവുന്ന യുവസംവിധായകന്‍ ഒരുക്കുന്ന ഉത്സവ പശ്ചാത്തലത്തിലുള്ള ചിത്രം എന്നതായിരുന്നു 'അജഗജാന്തര'ത്തിന്‍റെ (Ajagajantharam) ആകര്‍ഷണം. ഒരു ഓഡിയോ, വിഷ്വല്‍ എക്സ്പീരിയന്‍സ് എന്ന നിലയ്ക്ക് ഉത്സവപശ്ചാത്തലത്തെ ടിനു എങ്ങനെ അവതരിപ്പിക്കും എന്നതും റിലീസിന് മുന്‍പുള്ള കൗതുകമായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന സഹായി കൂടിയായ ടിനുവിന്‍റെ പുതിയ ചിത്രത്തിന് പേര് നിര്‍ദേശിച്ചിരിക്കുന്നതും ലിജോ തന്നെയാണ്. 

'സ്വാതന്ത്ര്യം അര്‍ധരാത്രിയിലി'ന്‍റെ കഥാപശ്ചാത്തലം ജയില്‍ ആയിരുന്നുവെങ്കില്‍ ഇവിടെ അതൊരു ഉത്സവപ്പറമ്പ് ആണ്. ഒരു ക്ഷേത്രോത്സവ സ്ഥലത്ത് ഒരു രാത്രിയില്‍ തുടങ്ങി അടുത്ത രാത്രിയില്‍ അവസാനിക്കുന്നതാണ് ചിത്രത്തിന്‍റെ സമയകാലം. ചുരുങ്ങിയ വാക്കുകളില്‍, നിഗൂഢതകളൊന്നുമില്ലാതെ പറയാവുന്ന ഒരു കഥയെ 121 മിനിറ്റില്‍, നേരത്തെ പറഞ്ഞതുപോലെ ഒരു ഓഡിയോ വിഷ്വല്‍ അനുഭവമാക്കി അവതരിപ്പിച്ചിരിക്കുകയാണ് ടിനു പാപ്പച്ചന്‍. വര്‍ഷങ്ങളായി ആന എത്താത്ത ഒരു ക്ഷേത്രോത്സവത്തിന് ഇത്തവണ ആനയെ കൊണ്ടുവരികയാണ് ഉത്സവക്കമ്മിറ്റിക്കാര്‍. 'നെയ്ശ്ശേരി പാര്‍ഥന്‍' എന്ന ആനയ്ക്കൊപ്പം എത്തുന്ന പാപ്പാനും പാപ്പാന്‍റെ സുഹൃത്തും നാട്ടുകാരായ യുവാക്കളുമായി ഉണ്ടാവുന്ന വാക്കുതര്‍ക്കങ്ങള്‍ സംഘര്‍ഷങ്ങളിലേക്ക് പോകുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. പാപ്പാന്‍ 'അമ്പി'യായി ചിത്രത്തിന്‍റെ രചയിതാക്കളില്‍ ഒരാള്‍ കൂടിയായ കിച്ചു ടെല്ലസും അമ്പിയുടെ സുഹൃത്ത് 'ലാലി'യായി ആന്‍റണി വര്‍ഗീസും (Antony Varghese) എത്തുന്നു. 

 

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ട്. സാബുമോന്‍റെ 'കച്ചംബര്‍ ദാസ്', ജാഫര്‍ ഇടുക്കിയുടെ അമ്പലം കമ്മിറ്റി പ്രസിഡന്‍റ്, രാജേഷ് ശര്‍മ്മയുടെ നാടകനടന്‍ തുടങ്ങി മിക്ക കഥാപാത്രങ്ങള്‍ക്കും രസകരമായ ക്യാരക്റ്റര്‍ സ്കെച്ചുകളാണ് തിരക്കഥാകൃത്തുക്കളും സംവിധായകനും ചേര്‍ന്ന് നല്‍കിയിരിക്കുന്നത്. ഒരു ഉത്സവ പറമ്പിലെ ജീവിത വൈവിധ്യങ്ങളെപ്പോലെയാണ് ചിത്രത്തിന്‍റെ തിരക്കഥയുടെയും ഘടന. നായകനെ മാത്രം പിന്തുടരുന്നതിനു പകരം ആ ആള്‍ക്കൂട്ടത്തില്‍ സംഭവിക്കുന്ന രസകരവും സംഘര്‍ഷഭരിതവുമായ നിരവധി സംഭവങ്ങളിലൂടെയാണ് 'അജഗജാന്തരം' വികസിക്കുന്നത്. ഒരു വശത്ത് ആനയുമായി നില്‍ക്കുന്ന അമ്പിയും ലാലിയും, മറുവശത്ത് നാട്ടിലെ യുവാക്കളുടെ സംഘമായ കണ്ണനും (അര്‍ജുന്‍ അശോകന്‍) കൂട്ടുകാരും, മറ്റൊരു ഭാഗത്ത് 'സുഗ്രീവപ്പട' എന്ന ബാലെ അവതരിപ്പിക്കാന്‍ ആറര മണിക്കൂര്‍ വൈകിയെത്തി പെട്ടുപോകുന്ന രാജേഷ് ശര്‍മ്മയുടെ നാടകട്രൂപ്പുകാര്‍, അവിടെ നടക്കുന്ന എല്ലാ പ്രശ്‍നങ്ങളും പരിഹരിക്കാന്‍ ഉത്തരവാദപ്പെട്ട, അതിനായി ഓടിനടക്കുന്ന ജാഫര്‍ ഇടുക്കിയുടെ കമ്മിറ്റി പ്രസിഡന്‍റ് എന്നിങ്ങനെ വിവിധ സംഘങ്ങളുടെ ചെറു ചെറു കഥകള്‍ ചേര്‍ന്ന് ഉത്സവപ്പറമ്പിലെ ഒരു വലിയ ഒറ്റ കഥയായി തീരുംവിധമാണ് ചിത്രത്തിന്‍റെ ഘടന.

വൈഡ് ഫ്രെയ്‍മുകളില്‍ ഒരു ഉത്സവപ്പറമ്പിനെ പോരായ്‍മകളൊന്നും ചൂണ്ടിക്കാട്ടാനാവാത്ത രീതിയില്‍ യഥാതഥമായി അവതരിപ്പിച്ചു എന്നത് സംവിധായകന്‍റെ വിജയമാണ്. ജിന്‍റോ ജോര്‍ജ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഭൂരിഭാഗവും ഒരു ഉത്സവസ്ഥലത്തെ രാത്രിയുടെ പശ്ചാത്തലത്തില്‍ സംഭവിക്കുന്ന, എല്ലാ ഫ്രെയ്‍മുകളിലും ആള്‍ക്കൂട്ടമുള്ള, ഒപ്പം റിയലിസ്റ്റിക് സംഘട്ടന രംഗങ്ങളുമുള്ള ഒരു ചിത്രം പരിചയസമ്പന്നനായ സിനിമാറ്റോഗ്രഫര്‍ക്കുപോലും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ആ വെല്ലുവിളിയെ അവധാനതയോടെയും ചടുലതയോടെയും ചിത്രത്തിന്‍റെ സ്വഭാവത്തിന് ചേരുംവിധം മനോഹരമായി പകര്‍ത്തിയിട്ടുണ്ട് ജിന്‍റോ. ഈ ഛായാഗ്രാഹകന്‍റെ പേര് സിനിമാപ്രേമികള്‍ ഇനി പല പ്രധാന സംവിധായകരുടെ കോമ്പിനേഷനിലും കേള്‍ക്കും എന്നതില്‍ തര്‍ക്കമില്ല. ഉത്സവപരിസരത്തിന്‍റെ പശ്ചാത്തലം വിശ്വസനീയമാക്കുന്നതില്‍ വിഷ്വല്‍ പോലെ സൗണ്ട് നിര്‍വ്വഹിച്ചിരിക്കുന്ന പങ്കും എടുത്തു പറയണം. രംഗനാഥ് രവിയാണ് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈന്‍. ഫസല്‍ എ ബക്കര്‍ സൗണ്ട് മിക്സിഗും.

 

റിയലിസ്റ്റിക് ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്‍റെ ഒരു പ്രധാന ഹൈലൈറ്റ്. ആക്ഷന്‍ കൊറിയോഗ്രഫി എന്ന് തോന്നിക്കാത്ത തരത്തിലുള്ള ചാരുതയോടെയും റിയലിസത്തോടെയുമാണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍. സുപ്രീം സുന്ദര്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍. ആള്‍ക്കൂട്ടത്തിനിടയില്‍, ഒരു ആനയ്ക്കു മുന്നിലുള്ള ഒരു പറ്റം മനുഷ്യരുടെ കൈ മെയ് മറന്നുള്ള പോര് സ്ക്രീനില്‍ ആവേശത്തിന്‍റെ പല നിമിഷങ്ങള്‍ സമ്മാനിക്കുന്നുണ്ട്. 'നെയ്ശ്ശേരി പാര്‍ഥന്‍' എന്ന ആനയും ഇടയ്ക്ക് ആ സംഘട്ടനത്തിന്‍റെ ഭാഗമാവുന്നു. ഒരു ഉത്സവപ്പറമ്പില്‍ നടക്കുന്ന കഥയിലെ വിവിധ കഥാപാത്രങ്ങളുടെ സ്ക്രീന്‍ ടൈം ഏറെക്കുറെ തുല്യമാണ്. ഏറെയും വൈഡ് ഫ്രെയ്‍മുകളുള്ള, ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തിലെ പ്രകടനം ഭാവാഭിനയത്തേക്കാള്‍ ശാരീരികമായ പ്രയത്നവും വഴക്കവും ആവശ്യപ്പെടുന്ന ഒന്നാണ്. അത്തരത്തില്‍ മൊത്തം കൊറിയോഗ്രഫിയുടെ പുറത്ത് നില്‍ക്കുന്ന, ഏച്ചുകെട്ടലെന്ന് തോന്നുന്ന ഒരു കഥാപാത്രമോ പ്രകടനമോ പോലും ചിത്രത്തിലില്ല എന്നതും ചിത്രത്തിന്‍റെ വിജയമാണ്. ആന്‍റണി വര്‍ഗീസും സാബുമോന്‍ അബ്‍ദുസമദുമൊക്കെ കൈയടികള്‍ നേടുന്നുണ്ട് തിയറ്ററില്‍. 

കൊവിഡ് പ്രതിസന്ധി എത്തുംമുന്‍പ് ഉത്സവങ്ങളും ആള്‍ക്കൂട്ടങ്ങളുമൊക്കെ സാമൂഹികജീവിതത്തിന്‍റെ സ്വാഭാവികത ആയിരുന്ന കാലത്ത് ചിത്രീകരിച്ച സിനിമയാണ് അജഗജാന്തരം. സാമൂഹിക അകലത്തിന്‍റെ കാലത്ത് സജീവമായ ഒരു ഉത്സവപ്പറമ്പിന്‍റെ കാഴ്ച തന്നെ കൗതുകം പകരുന്ന ഒന്നാണ്. കഥാപശ്ചാത്തലത്തിലും അവതരണത്തിലും സമീപകാലത്ത് ഇറങ്ങിയ മറ്റു മലയാള സിനിമകളില്‍ നിന്നും ഏറെ വേറിട്ട ഒരു വഴിയിലൂടെയാണ് അജഗജാന്തരത്തിന്‍റെ സഞ്ചാരം. വാഗ്‍ദാനം ചെയ്‍ത എന്‍റര്‍ടെയ്‍ന്‍മെന്‍റില്‍ പിശുക്കൊന്നും കാണിക്കാത്ത സിനിമ. 

click me!