ബിജെപിക്ക് ജീവനുള്ളപ്പോള്‍ കശ്മീരിനെ വിട്ടുകൊടുക്കില്ലെന്ന് അമിത് ഷാ

By Web TeamFirst Published May 17, 2019, 4:47 PM IST
Highlights

മോദിയെ പേടിച്ച് സാക്കിര്‍ നായിക്കിനെ പോലെയുള്ള തീവ്രവാദം പ്രചരിപ്പിക്കുന്ന ആളുകള്‍ രാജ്യം വിട്ടു. കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ തിരികെ എത്തുമെന്നാണ് അയാള്‍ പറഞ്ഞിരിക്കുന്നത്

ബാലിയ: ലോക്സഭ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വീണ്ടും കശ്മീര്‍ വിഷയം ചര്‍ച്ചയാകുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് കശ്മീര്‍ വിവാദത്തില്‍ കൂടുതല്‍ പരാമര്‍ശങ്ങള്‍ നടത്തിയത്. ബിജെപിക്ക് ജീവനുള്ളപ്പോള്‍ കശ്മീരിനെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് അമിത് ഷാ പറഞ്ഞു.

കശ്മീരിന് പ്രത്യേക പ്രധാനമന്ത്രി വേണമെന്നാണ് ഒമര്‍ അബ്ദുള്ള പറയുന്നത്. എങ്ങനെയാണ് ഒരു രാജ്യത്ത് രണ്ട് പ്രധാനമന്ത്രിമാര്‍ ഉണ്ടാവുന്നത്? ഇങ്ങനെ പറയുന്ന ആളുകള്‍ക്ക് കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പിരിക്കാനാണ് ആഗ്രഹം. ഇന്ത്യയില്‍ നിന്ന് ഒരിക്കലും പിരിക്കാന്‍ സാധിക്കാത്തതാണ് കശ്മീരിരെന്ന് രാഹുല്‍ ഗാന്ധിയും ഒമര്‍ അബ്ദുള്ളയും മനസിലാക്കണം.

ബിജെപിക്കാര്‍ ജീവിച്ചിരിക്കുന്ന സമയം വരെ കശ്മീരിനെ സ്വന്തമാക്കാമെന്ന് ആരും കരുതേണ്ട. നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കിയാല്‍ ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കുമെന്നും അമിത് ഷാ പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ഒഴിവാക്കണമെന്നാണ് കോണ്‍ഗ്രസ് ചിന്തിക്കുന്നത്.

അത് ബിജെപി ഒരിക്കലും അനുവദിക്കില്ല. മോദിയെ പേടിച്ച് സാക്കിര്‍ നായിക്കിനെ പോലെയുള്ള തീവ്രവാദം പ്രചരിപ്പിക്കുന്ന ആളുകള്‍ രാജ്യം വിട്ടു. കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ തിരികെ എത്തുമെന്നാണ് അയാള്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ മണ്ണില്‍ കാലുകുത്താന്‍ അയാളെ ഞങ്ങള്‍ വെല്ലുവിളിക്കുകയാണ്.

അങ്ങനെ ചെയ്താല്‍ അന്ന് മുതല്‍ അഴിക്കുള്ളിലായിരിക്കും സാക്കിര്‍ നായിക്. ഉത്തര്‍പ്രദേശിലെ ബാലിയയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു അമിത് ഷായുടെ വെല്ലുവിളി. വികസനത്തിന് വേണ്ടയല്ല വോട്ട് ചെയ്യേണ്ടതെന്നും, ദേശീയ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!