'മഹാത്മാഗാന്ധി പാക് രാഷ്ട്രപിതാവ്', അധിക്ഷേപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ

By Web TeamFirst Published May 17, 2019, 4:09 PM IST
Highlights

ബിജെപിയുടെ മധ്യപ്രദേശ് മാധ്യമ സെൽ തലവനായ അനിൽ സൗമിത്രയെയാണ് പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. 'പാകിസ്ഥാന്‍റെ രാഷ്ട്രപിതാവാണ് ബാപ്പു' എന്നായിരുന്നു അനിൽ സൗമിത്രയുടെ പരാമർശം. 

ഭോപ്പാൽ: മഹാത്മാഗാന്ധിയെ അധിക്ഷേപിച്ച ബിജെപിയുടെ മധ്യപ്രദേശ് ഘടകത്തിന്‍റെ മാധ്യമ സെൽ തലവനെതിരെ അച്ചടക്ക നടപടി. മഹാത്മാഗാന്ധിയെ പാകിസ്ഥാന്‍റെ രാഷ്ട്രപിതാവെന്ന് വിളിച്ച അനിൽ സൗമിത്രയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഗോഡ്സെ രാജ്യസ്നേഹിയായിരുന്നെന്ന് പറഞ്ഞ ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രഗ്യാ സിംഗ് ഠാക്കൂറിനെ പിന്തുണച്ചായിരുന്നു അനിൽ സൗമിത്രയുടെ പരാമർശം. 

''പാകിസ്ഥാൻ ഉണ്ടായത് തന്നെ മഹാത്മാഗാന്ധിയുടെ ആശീർവാദത്തോടെയാണ്. അതുകൊണ്ട് മഹാത്മാഗാന്ധി പാകിസ്ഥാന്‍റെ രാഷ്ട്രപിതാവായിരിക്കാം, ഇന്ത്യയുടേതല്ല'', എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിൽ അനിൽ സൗമിത്ര എഴുതിയത്. 

അനിൽ സൗമിത്രയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പോസ്റ്റ് വൻ വിവാദമായി. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അനിൽ സൗമിത്ര വേറെ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു. ''ഞാൻ പറഞ്ഞത് സത്യമാണ്. ഒരു പണ്ഡിതനും ഞാൻ പറഞ്ഞത് തെറ്റാണെന്ന് പറയാനാകില്ല. എന്‍റെ പോസ്റ്റ് ഞാൻ പിൻവലിക്കില്ല'', അനിൽ സൗമിത്ര പുതിയ പോസ്റ്റിൽ എഴുതി. 

ഇതോടെയാണ് അനിൽ സൗമിത്രക്കെതിരെ ബിജെപി അച്ചടക്ക നടപടിയെടുത്തത്. ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് അനിൽ സൗമിത്രയെ ബിജെപി സസ്പെൻഡ് ചെയ്തിരിക്കുന്നത്. എന്നാൽ ഇത്തരം ഗുരുതരമായ പരാമർശം നടത്തിയ അനിൽ സൗമിത്രയെ പുറത്താക്കുന്നതുൾപ്പടെയുള്ള നടപടി ബിജെപി സ്വീകരിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. പ്രഗ്യാ സിംഗ് ഠാക്കൂറിനോടും അവരെ പിന്തുണച്ചവരോടും ബിജെപി അധ്യക്ഷൻ അമിത് ഷാ വിശദീകരണം തേടിയിരുന്നു. അച്ചടക്ക സമിതി പ്രശ്നം പരിശോധിക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു. 

പ്രഗ്യാ സിംഗ് ഠാക്കൂറിന് മാപ്പില്ലെന്നും, ഇത് ഗുരുതരമായ പരാമർശമാണെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!