രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം

By Web TeamFirst Published Mar 23, 2019, 10:51 PM IST
Highlights

ഇടതുപക്ഷം മുഖ്യഎതിരാളിയായി വരുന്ന മണ്ഡലത്തില്‍ മത്സരിക്കുന്നത് നല്ല സൂചനയാവില്ലെന്ന് ചില നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചതായി സൂചന. 

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ എഐസിസിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായി സൂചന. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിഷയത്തില്‍ അന്തിമതീരുമാനം വൈകിട്ടോടെ ഉണ്ടാവും എന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ രാത്രി വൈകിയും ഇക്കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. 

പശ്ചിമബംഗാളില്‍ പ്രചാരണത്തിന് പോയ രാഹുല്‍ ദില്ലിയില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ വയനാട് സീറ്റില്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുമെന്നായിരുന്നു നേരത്തെ എഐസിസി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വിഭിന്ന അഭിപ്രായം എഐസിസിയില്‍ ഉണ്ടായി എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. 

രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ കൂടിയാലോനചനകള്‍ തുടരുന്നുവെന്നാണ് നേതാക്കള്‍ പറയുന്നത്. കേരളത്തില്‍ രാഹുല്‍ മത്സരിക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായമുണ്ടായെന്നാണ് സൂചന. ഇടതുപക്ഷം മുഖ്യഎതിരാളിയായി വരുന്ന മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് നല്ല സൂചനയാവില്ലെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടതായും അറിയുന്നു. വയനാട് വേണ്ടെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ നാളെയോ മറ്റന്നാളോ കോണ്‍ഗ്രസ് അധ്യക്ഷന്‍ അന്തിമതീരുമാനം എടുക്കും എന്നാണ് ഒടുവില്‍ വരുന്ന വിവരം.

click me!