എൻഡിഎ 2.0 അണിയറയിൽ ഒരുങ്ങുമ്പോൾ മോദിയുടെ അഞ്ച് വർഷം എങ്ങനെ? റിപ്പോർട്ട് കാർഡ്

By Web TeamFirst Published May 22, 2019, 7:12 PM IST
Highlights

1984-ന് ശേഷം ഒറ്റയ്ക്ക് അധികാരം പിടിക്കാൻ പോന്ന ഭൂരിപക്ഷവുമായി സഭയിലെത്തി, നമസ്കരിച്ച് പാർലമെന്‍റ് പടവുകൾ കയറിയ നരേന്ദ്രമോദി സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചോ? റിപ്പോർട്ട് കാർഡ് എങ്ങനെ?

ദില്ലി: എൻഡിഎ 2.0 സർക്കാരിനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും. കേന്ദ്രമന്ത്രിമാർ മന്ത്രാലയങ്ങളിലെത്തി ചുമതലകൾ വീണ്ടുമേറ്റെടുത്തു തുടങ്ങി. ആദ്യത്തെ നൂറ് ദിവസത്തെ അ‍ജണ്ട നിശ്ചയിക്കാൻ മന്ത്രിമാർക്ക് നി‍ർദേശം നൽകി മോദി യോഗം വിളിച്ച് ചർച്ചകളും തുടങ്ങി. എക്സിറ്റ് പോളുകൾ നൽകുന്ന ആത്മവിശ്വാസത്തിൽ സത്യപ്രതിജ്ഞാ തീയതി പോലും മോദി തീരുമാനിച്ച് കഴിഞ്ഞെന്നാണ് റിപ്പോ‍ർട്ടുകൾ. 

പക്ഷേ, 1984-ന് ശേഷം ഒറ്റയ്ക്ക് അധികാരം പിടിക്കാൻ പോന്ന ഭൂരിപക്ഷവുമായി സഭയിലെത്തി, നമസ്കരിച്ച് പാർലമെന്‍റ് പടവുകൾ കയറിയ നരേന്ദ്രമോദി സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചോ? റിപ്പോർട്ട് കാർഡ് എങ്ങനെ?

ഓരോ മേഖലയായി എടുത്ത് പരിശോധിക്കാം:

സാമ്പത്തിക രംഗത്ത് വൻ വിപ്ലവം വാഗ്ദാനം ചെയ്താണ് 2014-ൽ മോദി അധികാരത്തിൽ വരുന്നത്. സാമ്പത്തിക വിപ്ലവം, ജോലികൾ, വികസനം എന്നിവയൊക്കെയായിരുന്നു മോദിയുടെ വാഗ്ദാനം. ആദ്യവർഷങ്ങളിൽ വൻ സ്വീകാര്യത കിട്ടിയെങ്കിലും നോട്ട് നിരോധനത്തോടെ രാജ്യം സാന്പത്തിക മാന്ദ്യത്തിന്‍റെ നിഴലിലായി. പിന്നാലെ ജിഎസ്‍ടി കൂടി വന്നതോടെ, രാജ്യം പിന്നീട് ആ തിരിച്ചടിയിൽ നിന്ന് കര കയറിയില്ലെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. തൊഴിലവസരങ്ങൾ കുറഞ്ഞെന്നും, ചെറുകിട വ്യവസായങ്ങളുടെ വികസനത്തിന് വൻ തിരിച്ചടിയേറ്റെന്നും കണക്കുകൾ തന്നെ തെളിയിക്കുന്നു. 

ജിഎസ്‍ടി

രാജ്യത്ത് ആകമാനം ഒറ്റ പരോക്ഷ നികുതി ഘടന നടപ്പാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചതാണ് ചരക്കു സേവന നികുതി അഥവാ ജിഎസ്‌ടി. കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തുന്ന പരോക്ഷ നികുതികള്‍ക്കു പകരമാണിത്. രാജ്യത്തെ 29 സംസ്ഥാനങ്ങൾക്കും ഒറ്റ നികുതിഘടനക്ക് കീഴിൽ കൊണ്ടുവരാൻ ജിഎസ്‍ടിക്ക് കഴിഞ്ഞു. 

ഏറെക്കാലത്തെ ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷമായിരുന്നു ജിഎസ്‍ടി നടപ്പാക്കിയതെങ്കിലും, തുടക്കത്തിൽത്തന്നെ കേന്ദ്രസർക്കാരിന് പിഴച്ചു. ആദ്യ നികുതി ഘടന പിന്നീട് കേന്ദ്രസർക്കാരിന് അപ്പാടെ മാറ്റേണ്ടി വന്നു. ചെറുകിട വ്യവസായികളുടെയും ജനങ്ങളുടെയും പ്രതിഷേധത്തെത്തുടർന്നായിരുന്നു ഇത്. സംസ്ഥാനസർക്കാരുകൾക്കും ജിഎസ്‍ടി നഷ്ടം മാത്രമാണുണ്ടാക്കിയതെന്നും ആക്ഷേപമുയർന്നു. പക്ഷേ, ജിഎസ്‍ടി നികുതി ഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജിഎസ്‍ടി കൗൺസിൽ തയ്യാറായിരുന്നു എന്നതും തിരുത്തലുകൾ ഇപ്പോഴും തുടരുന്നു എന്നതും ഗുണമാണ്. 

ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി കുമിഞ്ഞു കൂടിയെന്ന് കേന്ദ്രസർക്കാർ തന്നെ സമ്മതിച്ചതാണ്. 2015-ന് ശേഷമുള്ള രണ്ട് സാമ്പത്തിക വർഷം കൊണ്ട് ഒന്നര ശതമാനം കൂടി 6.89 ലക്ഷം കോടിയായി. ഇന്ത്യയുടെ പകുതിയിലേറെ വൈദ്യുതവൽക്കരിക്കാനുള്ളത്ര പണമാണ് നിഷ്ക്രിയ ആസ്തിയായുള്ളത്. 

ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഇൻസോൾവൻസി & ബാങ്ക് റപ്റ്റ്‍സി കോഡ് കൊണ്ടുവന്നത് നിഷ്ക്രിയ ആസ്തികളുടെ പ്രശ്നം പരിഹരിക്കുന്നതിന് സഹായകമായി. പാപ്പരാണെന്ന് പ്രഖ്യാപിക്കപ്പെട്ട് കഴിഞ്ഞാൽ അത് പരിഹരിക്കാൻ ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ രൂപീകരിച്ചു. ഇത് നല്ല ഗുണമുണ്ടാക്കി. 2017-18 സാമ്പത്തിക വർഷം മാത്രം ബാങ്കുകൾ 1.1 ലക്ഷം കോടി തിരിച്ചുപിടിച്ചു.

സാമ്പത്തിക കുറ്റകൃത്യ നിയമം

നൂറുകോടി രൂപയ്ക്ക് മേൽ സാമ്പത്തിക തട്ടിപ്പ് നടത്തി കളയുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത് നേട്ടമായി. കുറ്റവാളിയായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ തട്ടിപ്പുകാരുടെ  ആസ്തികൾ കണ്ടുകെട്ടാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. നീരവ് മോഡി, ലളിത് മോഡി, വിജയ് മല്ല്യ എന്നിവരടക്കമുള്ളവര്‍ ശതകോടികൾ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് കടന്നുകളഞ്ഞ സാഹചര്യത്തിലായിരുന്നു ഈ നിയമം രൂപീകരിച്ചത്. 

നോട്ട് നിരോധനം

2016 നവംബർ 8-ന് രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ട് നിരോധനം, രാജ്യത്ത് പ്രചാരത്തിലുള്ള 86 % നോട്ടുകളെയും പിൻവലിപ്പിച്ചു. 1000, 500 നോട്ടുകൾ പിൻവലിക്കാനുള്ള നരേന്ദ്രമോദിയുടെ തീരുമാനം ആദ്യം അദ്ഭുതത്തോടെയും പിന്നീട് രോഷത്തോടെയുമാണ് ജനം സ്വീകരിച്ചത്. രണ്ട് റിസർവ് ബാങ്ക് ഗവർണർമാരുടെ ശക്തമായ എതിർപ്പ് മറികടന്നായിരുന്നു കേന്ദ്രസർക്കാരിന്‍റെ ഈ തീരുമാനം. രഘുറാം രാജൻ രണ്ടാമത് പദവിയേൽക്കാതെ സ്ഥാനമൊഴിഞ്ഞു. ഊർജിത് പട്ടേലാകട്ടെ കേന്ദ്രധനമന്ത്രാലയവുമായി കനത്ത ഭിന്നതയിലുമായി. 

എന്തായിരുന്നു നോട്ട് നിരോധനത്തിന്‍റെ അവസാനഫലം? കള്ളപ്പണം തിരികെ വന്നോ? നിരോധിച്ച 99.7 ശതമാനം നോട്ടും ബാങ്കിൽ തിരികെ വന്നെന്ന് കണക്കുകൾ പറയുന്നു. അപ്പോൾ കള്ളപ്പണം എവിടെപ്പോയി? ചെറുകിട വ്യവസായങ്ങളെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടതിൽ നോട്ട് നിരോധനത്തിന് വലിയ പങ്കുണ്ടെന്ന് ആർബിഐയുടെ തന്നെ കണക്കുകൾ പറയുന്നു. അപ്പോൾ കേന്ദ്രസർക്കാരിന്‍റെ ഈ സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക് വിജയമായിരുന്നോ? രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ട് നിരോധനത്തിന്‍റെ വക്താക്കൾക്ക് ഇപ്പോഴും മറുപടിയില്ല. 

കർഷകപ്രശ്നങ്ങൾ

കർഷകരുടെ ജീവിതം ദുസ്സഹമായ അഞ്ച് വർഷങ്ങളായിരുന്നു മോദി ഭരണകാലത്ത്. മണ്ണ് ഹെൽത്ത് കാർഡുകളും, യൂറിയ വളത്തിന് സബ്സിഡിയും പോലുള്ള നടപടികളും, വിള ഇൻഷൂറൻസും പോലുള്ള നടപടികൾ ആദ്യം എടുത്തെങ്കിലും പിന്നീടുള്ള നാല് വർഷം സർക്കാർ കർഷകരെ മറന്നേ പോയി. പിന്നീട് കർഷകർ നഗരങ്ങളെ വളഞ്ഞ് ലോങ് മാർച്ച് നടത്തിയിട്ടും, കാർഷിക കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടിട്ടും, നഗ്‍നരായി ദില്ലിയിലെ തെരുവുകളിൽ നടന്നിട്ടും സർക്കാർ കർഷകരെ തിരിഞ്ഞു നോക്കിയില്ല. കർഷകരോഷം മധ്യപ്രദേശിലടക്കം തെരഞ്ഞെടുപ്പ് ഫലങ്ങളിൽ തിരിച്ചടിയായപ്പോഴാണ് പിഎം കിസാൻ യോജന അടക്കം പദ്ധതികളുമായി ഇടക്കാല ബജറ്റിൽ സർക്കാർ എത്തിയത്. 2022 ആകുമ്പോഴേക്ക് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് സർക്കാർ വാഗ്‍ദാനം.

പ്രധാനപദ്ധതികൾ 

സ്വച്ഛ് ഭാരത് പദ്ധതിയാകും മോദി സർക്കാരിന‍്റെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട പദ്ധതി. 9 കോടി ശൗചാലയങ്ങൾ നിർമിച്ച പദ്ധതിയിൽ ഗ്രാമീണ ശുചിത്വം കൂട്ടാനുള്ള നടപടികളുണ്ടായി. നഗര ശുചീകരണ പദ്ധതികളും നടന്നു. എന്നാൽ, ഗ്രൗണ്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പദ്ധതിയുടെ നടത്തിപ്പിലെ വൻ പാളിച്ചകളാണ്. പല ശൗചാലയങ്ങളും തിരക്കു പിടിച്ച് നിർമിച്ചപ്പോൾ, കൃത്യമായ സൗകര്യങ്ങളുണ്ടായിരുന്നില്ലെന്നതടക്കം നിരവധി പരാതികളുയർന്നു. 

ജൻ- ആധാർ -മൊബൈൽ എന്ന ത്രയത്തെ, എതിർത്ത ബിജെപി തന്നെ അധികാരത്തിൽ വന്നപ്പോൾ ആധാറിനെ നിർബന്ധമാക്കി. സബ്‍സിഡികളടക്കമുള്ള ആനുകൂല്യങ്ങൾക്ക് ആധാർ നിർബന്ധമാക്കിയത് വൻ വിവാദത്തിന് വഴി വച്ചു. ഒടുവിൽ സുപ്രീംകോടതി ഇടപെടലോടെയാണ് ആധാർ എവിടെയെല്ലാം വേണം, എവിടെ വേണ്ട എന്ന് തീരുമാനമായത്.

മേക്ക് ഇൻ ഇന്ത്യ പദ്ധതി കൊട്ടിഘോഷിച്ച് തുടങ്ങിയെങ്കിലും അത് ഫലമുണ്ടാക്കിയില്ലെന്ന് തന്നെയാണ് വ്യക്തമാവുന്നത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ ഇന്ത്യ നില മെച്ചപ്പെടുത്തിയെങ്കിലും, ഉത്പാദന സൂചിക, 2018 ഏപ്രിലിൽ 12.4 ശതമാനമായിരുന്നത്, 6.7 ശതമാനമായി കുത്തനെ ഇടിഞ്ഞു. ചെറുകിട വ്യവസായമേഖലകൾ നോട്ട് നിരോധനത്തിലും ജിഎസ്‍ടിയിലും ആടിയുലഞ്ഞു. പുതിയ പദ്ധതി നിക്ഷേപങ്ങൾ 2019 ആകുമ്പോഴേക്ക് കുറഞ്ഞെന്നാണ് കണക്കുകൾ. 

'ഉജ്ജ്വല' യായിരുന്നു മോദിയുടെ മറ്റൊരു അഭിമാനപദ്ധതി. നിരവധി പാവപ്പെട്ടവർക്ക് സിലിണ്ടറുകൾ നൽകിയത് വൻ നേട്ടമായി സർക്കാർ കൊട്ടിഘോഷിച്ചു. എട്ട് കോടി ജനങ്ങൾക്ക് സിലിണ്ടറുകൾ നൽകി എന്നതായിരുന്നു കണക്ക്. എന്നാൽ സിലിണ്ടറൊന്നിന് സബ്‍സിഡി കിഴിച്ച് 600 രൂപ നൽകി വാങ്ങാൻ പല പാവപ്പെട്ട കുടുംബങ്ങൾക്കും കഴിഞ്ഞില്ലെന്നതാണ് വാസ്തവം. അങ്ങനെ പാവപ്പെട്ടവരുടെ അടുക്കളയിൽ കാഴ്ചവസ്തുവായി ഉജ്ജ്വലയിലൂടെ കിട്ടിയ സിലിണ്ടർ. 

ആയുഷ്മാൻ ഭാരതായിരുന്നു മറ്റൊരു അഭിമാനപദ്ധതി. പാവപ്പെട്ടവർക്ക് ആരോഗ്യ ഇൻഷൂറൻസ് ഉറപ്പാക്കുന്ന പദ്ധതിയിൽ പക്ഷേ, രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിന് സ്വകാര്യ ആശുപത്രികളിൽ വെറും 18,000 എണ്ണം മാത്രമാണ് പങ്കാളികളായിട്ടുള്ളതെന്നതാണ് വാസ്തവം. പാവപ്പെട്ടവർക്ക് സ്വകാര്യ ആശുപത്രികളിൽ പോകാൻ ഇൻഷൂറൻസ് നൽകലല്ല, സർക്കാർ ആശുപത്രികളെ നവീകരിച്ച്, ഉടച്ചുവാർക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ തന്നെ പറയുന്നു. പാവപ്പെട്ടവർക്ക് മരുന്നുകൾക്ക് വില കുറച്ച് നൽകുന്ന ജൻ ഔഷധി കേന്ദ്രങ്ങളുടെ പ്രവർത്തനമാണ് എടുത്തു പറയാവുന്ന ഒരു നേട്ടം. 

ചെറുകിട വ്യവസായികൾക്ക് സാന്പത്തിക സഹായം നൽകുന്ന മുദ്ര ലോണുകൾ ഫലം കണ്ടോ? ഈ ലോണുകൾ വഴി രാജ്യത്ത് തൊഴിൽ രംഗം കുതിച്ചുയരുമെന്നായിരുന്നു കേന്ദ്രസർക്കാരിന്‍റെ വാദം. അതുണ്ടായോ? യഥാർത്ഥത്തിൽ, മുദ്ര വഴി സംരംഭകർക്ക് കിട്ടിയ ലോൺ തുകകൾ തീരെ തുച്ഛമായിരുന്നു. സംരംഭകർക്ക് സ്വന്തമായി തൊഴിൽ ശാലകൾ തുടങ്ങി ആളുകൾക്ക് ജോലി നൽകാൻ മാത്രം പര്യാപ്തമായിരുന്നതേയില്ല, മുദ്ര ലോൺ വഴി ലഭിച്ച തുക. ഈ പദ്ധതി വഴി എത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടെന്ന ചോദ്യത്തിന് കേന്ദ്രസർക്കാർ ഇതുവരെ മറുപടി പറയാൻ തയ്യാറായിട്ടുമില്ല.

ദേശസുരക്ഷ

ദേശസുരക്ഷ ഏറ്റവുമധികം വിവാദമായ, ചർച്ചയായ, ആളിക്കത്തിയ ഭരണകാലമായിരുന്നു നരേന്ദ്രമോദിയുടേത്. സത്യപ്രതിജ്ഞ ചെയ്തപ്പോൾ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ കൊണ്ടുവന്നത് മുതൽ പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബാലാകോട്ട് പ്രത്യാക്രമണം നടത്തിയത് വരെ, ഓരോ പ്രതിരോധ നീക്കങ്ങളും നരേന്ദ്രമോദി സമർത്ഥമായി രാഷ്ട്രീയമായി ഉപയോഗിച്ചു. തീവ്രവാദികൾക്കെതിരെ മോദി ഭരണകൂടം ശക്തമായി നിലപാടെടുക്കുമെന്ന ഇമേജ് സൃഷ്ടിക്കാനും മോദിക്കായി.

പക്ഷേ, ഈ കശ്മീർ നയത്തിൽ മോദി സർക്കാരിന് പാളിച്ചകൾ മാത്രമാണുണ്ടായത്. എണ്ണയും വെള്ളവും പോലത്തെ സഖ്യമെന്ന് രാഷ്ട്രീയനിരീക്ഷകർ തന്നെ വിലയിരുത്തിയ പിഡിപി സഖ്യം പൊളിഞ്ഞത് ബിജെപിക്ക് വൻ തിരിച്ചടിയായി. കശ്മീരി യുവാക്കൾക്കിടയിൽ തീവ്രവാദം വളർന്നു. കശ്മീരികളെ അടിച്ചമർത്തുന്ന സർക്കാരാണിതെന്ന വികാരം ശക്തമായി. താഴ്‍വരയിൽ അക്രമങ്ങൾ തുടർക്കഥയായി. തെരഞ്ഞെടുപ്പുകൾ പ്രഹസനമായി. ഒടുവിൽ പുൽവാമയിൽ സ്വന്തം രാജ്യത്തിന്‍റെ സൈന്യത്തിന് നേരെ വാഹനമോടിച്ച് കയറ്റിയത് പുറത്തു നിന്നുള്ള ഒരാളായിരുന്നില്ല, ഒരു കശ്മീരി യുവാവ് തന്നെയാണെന്ന് വ്യക്തമായതോടെ മോദിയുടെ കശ്മീർ നയം വൻ പരാജയമാണെന്ന് രാഷ്ട്രീയ വിദഗ്‍ധരും പ്രതിപക്ഷവും ഒരു പോലെ ആഞ്ഞടിച്ചു.

ഭരണഘടനാസ്ഥാപനങ്ങൾ പ്രതിസന്ധിയിൽ

ചരിത്രത്തിലാദ്യമായി സുപ്രീംകോടതിയിൽ സിറ്റിംഗ് നിർത്തിവച്ച് നാല് ജഡ്‍ജിമാർ വാർത്താ സമ്മേളനം നടത്തി. 2018 ജനുവരി 12-ന് ജഡ്‍ജിമാർ നടത്തിയ വാർത്താസമ്മേളനം, ജസ്റ്റിസ് ലോയയുടെ കൊലപാതകക്കേസ് ലിസ്റ്റ് ചെയ്തതിലെ അതൃപ്തിയിൽ തുടങ്ങി സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസിനെതിരായ ജുഡീഷ്യൽ കലാപമായി കണക്കാക്കപ്പെട്ടു.

അഴിമതി രഹിത പ്രതിച്ഛായ ലക്ഷ്യമിട്ട് നീങ്ങിയ എൻഡിഎ സർക്കാരിന് കനത്ത തിരിച്ചടിയായിരുന്നു റഫാൽ അഴിമതിയാരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വന്ന എൻഡിഎ സർക്കാർ ഏപ്രിൽ 2015-ന് ഫ്രാൻസിൽ നിന്ന് സർക്കാരുകൾ തമ്മിൽ 8.7 ബില്യൺ ഡോളർ ചെലവിൽ 36 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 126 വിമാനങ്ങൾ നിർമിക്കാനുള്ള യുപിഎ സർക്കാർ തീരുമാനം റദ്ദാക്കിക്കൊണ്ടായിരുന്നു ഇത്. 

എന്നാൽ ഇതിനെ ശക്തമായി എതിർത്ത കോൺഗ്രസ്, അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിനും നരേന്ദ്രമോദിക്കുമെതിരെ ശക്തമായ ആരോപണങ്ങളുയർത്തി. ഓരോ വിമാനവും 526 കോടി രൂപയ്ക്കാണ് യുപിഎ വാങ്ങാനുദ്ദേശിച്ചിരുന്നതെന്നും, ഇപ്പോൾ വിമാനങ്ങളുടെ വില 1670 കോടി രൂപയായെന്നുമായിരുന്നു കോൺഗ്രസിന്‍റെ ആരോപണം. പഴയ കരാർ പ്രകാരം വിമാനനിർമാണത്തിനുള്ള സാങ്കേതികവിദ്യ എച്ച് എ എല്ലിന് കൈമാറുമെന്ന് വ്യക്തമാക്കിയെന്നും പുതിയ കരാറിൽ ഇതില്ലെന്നും കോൺഗ്രസ് ആരോപിച്ചു. 

റഫാലിന്‍റെ അനുബന്ധകരാർ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് നൽകിയത് വേറെ വിവാദത്തിന് വഴിയൊരുക്കി. പഴയ കരാർ പൊളിച്ച് പുതിയ കരാറുണ്ടാക്കിയതിലൂടെ മോദി അംബാനിക്ക് വഴിവിട്ട സഹായം ചെയ്തെന്നും കോൺഗ്രസ് ആരോപിക്കുന്നു. ബിജെപിയും റിലയൻസ് ഗ്രൂപ്പും ആരോപണങ്ങൾ നിരന്തരം നിഷേധിച്ചിരുന്നു. 

പശുക്കളുടെ പേരിലുള്ള അക്രമങ്ങളായിരുന്നു സർക്കാരിന് മേൽ കരിനിഴൽ വീഴ്‍ത്തിയ മറ്റൊരു വിഷയം. ഗുജറാത്തിയിലെ ഉനയിലടക്കം ദളിതർക്ക് നേരെയുണ്ടായ അക്രമങ്ങൾ മുതൽ, മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരെയുണ്ടായ അതിക്രമങ്ങളും കൊലപാതകങ്ങളും ഒരു വിഭാഗത്തെത്തന്നെ ബിജെപിയിൽ നിന്നകറ്റി. സാമൂഹ്യപ്രവർത്തകരെ അർബൻ നക്സലുകൾ എന്ന് പ്രധാനമന്ത്രി തന്നെ വിളിച്ചത് വിവാദമായി. മലയാളിയായ ബെസ്‍വാഡ വിൽസണടക്കമുള്ള നിരവധി സന്നദ്ധസംഘടനാപ്രവർത്തകർ ഇപ്പോഴും ജയിലിലാണ്. 

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി കേരളത്തിന്‍റെ മതേതരത്വത്തെത്തന്നെ ഗുരുതരമായി ബാധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാർട്ടിയും സംഘപരിവാർ സംഘടനകളും ആദ്യം സ്ത്രീപ്രവേശനത്തിന് അനുകൂലമായിരുന്നെങ്കിലും പിന്നീട് പ്രതിഷേധം കണക്കിലെടുത്ത് വിശ്വാസികൾക്കൊപ്പം നിന്നു, പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ആശയസംഘട്ടനത്തിന് തന്നെ ഇത് വഴി വച്ചു. 

click me!