ഇന്ത്യൻ മാമ്പഴത്തിന് വീണ്ടും സുവർണ കാലം; അമേരിക്കയിലേക്ക് കയറ്റി അയക്കാൻ അനുമതി, കർഷകർക്ക് നേട്ടം

By Web TeamFirst Published Jan 11, 2022, 10:22 PM IST
Highlights

മാർച്ചിൽ ആരംഭിക്കുന്ന മാമ്പഴ സീസൺ മുതൽ അൽഫോൺസോ മാമ്പഴങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാനാവും

ദില്ലി: ഇനി ഇന്ത്യയിൽ നിന്ന് മാമ്പഴം അമേരിക്കയിലെത്തും. അമേരിക്കയിലെ കാർഷിക വകുപ്പിന്റെ (USDA - United States Department of Agriculture) അനുമതി ലഭിച്ചതോടെയാണിത്. അമേരിക്കയിലുള്ളവർക്ക് ഇനി ഇന്ത്യയിൽ നിന്ന് മികച്ച ഗുണനിലവാരമുള്ള മാമ്പഴങ്ങൾ ലഭ്യമാകും. കൊവിഡ് മഹാമാരിയെ തുടർന്ന് അമേരിക്കയിലെ യുഎസ്‌ഡിഎ ഇൻസ്പെക്ടർമാർക്ക് ഇന്ത്യ സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് 2020 മുതൽ കയറ്റുമതി നിർത്തിവെച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ വർഷാവസാനം നടന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര നയ കൂട്ടായ്മയിൽ ഈ വിഷയം ചർച്ച ചെയ്തിരുന്നു. ഇതേ തുടർന്ന് ഇരു രാജ്യങ്ങളും പുതിയ കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. ഇത് പ്രകാരം അമേരിക്കയിലേക്ക് ഇന്ത്യയിൽ നിന്ന് മാമ്പഴവും മാതളനാരങ്ങയും കയറ്റുമതി ചെയ്യും. അമേരിക്കയിൽ നിന്ന് ചെറി, അൽഫാൽഫ പുല്ലുകളും ഇന്ത്യയിലേക്ക് എത്തും.

മാർച്ചിൽ ആരംഭിക്കുന്ന മാമ്പഴ സീസൺ മുതൽ അൽഫോൺസോ മാമ്പഴങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാനാവും. 2017-18 ൽ ഇന്ത്യ 800 മെട്രിക് ടൺ (MTs) മാമ്പഴം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്‌തിരുന്നു. അന്ന് പഴത്തിന്റെ കയറ്റുമതി മൂല്യം 2.75 മില്യൺ ഡോളറായിരുന്നു. അമേരിക്കയിൽ ഇന്ത്യൻ മാമ്പഴത്തിന് വലിയ സ്വീകാര്യതയുള്ളതാണ് ഇതിന് പ്രധാന കാരണം.

സമാനമായി 2018-19 കാലത്ത്, 3.63 ദശലക്ഷം അമേരിക്കൻ ഡോളർ മൂല്യം വരുന്ന 951 മെട്രിക് ടൺ മാമ്പഴം കയറ്റുമതി ചെയ്തു. പിന്നീട് 2019-20 കാലത്ത് 4.35 ദശലക്ഷം ഡോളർ വരുന്ന 1095 മെട്രിക് ടൺ മാമ്പഴമാണ് ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തിയത്. അടുത്ത സീസൺ മുതൽ കൂടുതൽ മാമ്പഴം ഇന്ത്യയ്ക്ക് കയറ്റി അയക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങിനെയെങ്കിൽ അത് 2019-20 കാലത്തെ കണക്കുകൾക്കും അപ്പുറത്താകുമെന്നും വ്യാപാരികൾ പ്രതീക്ഷിക്കുന്നു.

മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള മാമ്പഴങ്ങൾ അമേരിക്കയിലെത്തും. ഇതോടെ ഇവിടങ്ങളിലെ കർഷകർക്കും അതിന്റെ നേട്ടം ലഭിക്കും. ലാൻഗ്ര, ചൗസ, ദുഷെഹ്‌രി, ഫാസിലി തുടങ്ങി ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന മറ്റ് രുചികരമായ മാമ്പഴങ്ങളുടെ കയറ്റുമതിക്കും ഇതിലൂടെ അവസരമുണ്ടാകും.

click me!