ഇന്ത്യൻ കമ്പനികളെ ചൈന വിഴുങ്ങുമോ? തടയാൻ വിദേശ നിക്ഷേപ നയത്തിൽ വൻ മാറ്റവുമായി കേന്ദ്രം

Published : Apr 18, 2020, 05:02 PM IST
ഇന്ത്യൻ കമ്പനികളെ ചൈന വിഴുങ്ങുമോ? തടയാൻ വിദേശ നിക്ഷേപ നയത്തിൽ വൻ മാറ്റവുമായി കേന്ദ്രം

Synopsis

പ്രതിസന്ധി കാലഘട്ടത്തിൽ ബുദ്ധിമുട്ടിലായ കമ്പനികളുടെ ഓഹരിവില കുറയുന്നത് നോക്കി ചൈന ഓഹരികൾ വാങ്ങിക്കൂട്ടുന്നുവെന്ന് ആരോപണമുയർന്നിരുന്നു. എച്ച്ഡിഎഫ്സിയുടെ ഓഹരികൾ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന വാങ്ങിയതായിരുന്നു ആരോപണത്തിന് മൂർച്ച കൂട്ടിയത്.

ദില്ലി: ഇന്ത്യയുടെ അതിർത്തി പങ്കിടുന്ന രാജ്യങ്ങളുമായുള്ള വിദേശനിക്ഷേപനയത്തിൽ മാറ്റം വരുത്തി കേന്ദ്ര വാണിജ്യമന്ത്രാലയം. ഇന്ത്യൻ കമ്പനികളിൽ നടത്തുന്ന ഓഹരിനിക്ഷേപങ്ങൾ സംബന്ധിച്ചുള്ള നയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലുള്ളവർക്ക് ഇനി സർക്കാർ വഴിയേ ഓഹരി നിക്ഷേപം അനുവദിക്കൂ എന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ഉത്തരവിറക്കി. ഇതുവരെ പാകിസ്ഥാനും ബംഗ്ലാദേശിനും മാത്രം ബാധകമായ ഉപാധിയാണ് ചൈനയ്ക്കും ബാധകമാക്കിയിരിക്കുന്നത്. ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ ചൈന വാങ്ങിക്കൂട്ടുകയാണെന്ന വിവരം പുറത്തു വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം ഓഹരിവില ഇടിഞ്ഞതോടെയാണിത്.

രാജ്യത്ത് വിദേശനിക്ഷേപം അനുവദിക്കുന്നതിന് രണ്ട് മാർഗങ്ങളാണ് പൊതുവേയുള്ളത്. ഒന്ന് - സർക്കാർ അനുവാദം ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് റൂട്ട്. രണ്ട് - സർക്കാർ അനുമതി ആവശ്യമുള്ള തരം നിക്ഷേപം.

വിദേശനിക്ഷേപനയം കൊവിഡ് പ്രതിസന്ധികാലത്ത് പുതുക്കുന്നത്, രാജ്യത്തെ കമ്പനികൾക്ക് മേൽ, അവസരം മുതലെടുത്ത് കൊണ്ട് ഓഹരിവാങ്ങിക്കൂട്ടലുകളും ടേക്കോവറുകളും നടക്കാതിരിക്കാൻ വേണ്ടിയാണെന്ന്, കേന്ദ്ര വാണിജ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ പറയുന്നു. ചൈനയെത്തന്നെയാണ് ഇതിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്.

''ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏത് രാജ്യത്തിലെയും ഒരു വാണിജ്യസ്ഥാപനമോ, അതിന്‍റെ ഉടമയോ, സർക്കാർ അനുമതി വാങ്ങി മാത്രമേ ഇന്ത്യയിലെ ഏത് കമ്പനിയിലും നിക്ഷേപം നടത്താൻ പാടുള്ളൂ'', എന്നാണ് ഉത്തരവ്. നിലവിൽ വാങ്ങിയ ഓഹരികളെല്ലാം, ഇന്ത്യയുടെ അതിർത്തി പങ്കിടുന്ന ഏതെങ്കിലും ഒരു രാജ്യത്തെ കമ്പനിയ്ക്ക് വിൽക്കുകയോ കൈമാറുകയോ ചെയ്യുന്നതിനും സർക്കാർ അനുമതി വേണം.

നിലവിൽ, എച്ച്ഡിഎഫ്സിയുടെ ഓഹരികൾ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന വാങ്ങിയത് വിപണിയിൽത്തന്നെ വലിയ വിവാദത്തിന് വഴി വച്ചിരുന്നു. വലിയൊരു ടേക്കോവറിന് മുമ്പുള്ള വാങ്ങിക്കൂട്ടലാണ് ഇതെന്നായിരുന്നു ആരോപണങ്ങൾ. എച്ച്ഡിഎഫ്സിയുടെ 1.01 % ഓഹരികളാണ് പീപ്പിൾസ് ബാങ്ക് ഓഫ് ചൈന വാങ്ങിയത്. അവസരം മുതലെടുത്ത് ചൈന സാഹചര്യം ചൂഷണം ചെയ്യുകയാണെന്ന് ആരോപണമുയർന്നു. എന്നാൽ നിലവിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ നിയമങ്ങളുടെ പരിധിയിൽ, എച്ച്ഡിഎഫ്സി - പീപ്പിൾസ് ബാങ്ക് ഓഫ് ഇന്ത്യ ഇടപാട് വരില്ല. 10 ശതമാനമോ, അതിന് മുകളിലോ മാത്രമുള്ള ഓഹരി വാങ്ങിക്കൂട്ടലുകൾക്കാണ് കേന്ദ്രസർക്കാരിന്‍റെ മുൻകൂർ അനുമതി വേണ്ടത്.

ഇതിന് പുറമേ, പ്രതിരോധം, ടെലികോം, മരുന്നുൽപ്പാദനം എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളിൽ അമ്പതും അതിന് മുകളിലും വിദേശത്ത് നിന്ന് നടത്തുന്നതിന് മുമ്പ് സർക്കാർ അനുമതി വേണമെന്ന് നിർബന്ധമാണ്. അത് മാത്രമല്ല, 50 ബില്യണിന് മുകളിലുള്ള ഏത് നേരിട്ടുള്ള വിദേശനിക്ഷേപവും സാമ്പത്തിക കാര്യ ക്യാബിനറ്റ് സമിതിക്ക് മുന്നിൽ വച്ച് പരിശോധിച്ച ശേഷം മാത്രമേ അനുമതി നൽകൂ.

PREV
click me!

Recommended Stories

ക്രെഡിറ്റ് കാർഡ് പരാതികൾ അര ലക്ഷം കടന്നു; ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് പരാതികൾ കുറഞ്ഞു
എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ