നെഫ്‍റ്റ്, ആർടിജിഎസ് ഇടപാടുകൾ ജൂലൈ 1 മുതൽ സൗജന്യം, എടിഎം ചാർജുകൾ പുനഃപരിശോധിക്കും

By Web TeamFirst Published Jun 12, 2019, 7:59 AM IST
Highlights

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും അതിലൂടെ ഉണ്ടാകുന്ന നേട്ടം ഉപഭോക്താക്കളിലേക്കെത്തിക്കാനുമാണ് റിസർവ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെടുന്നത്. 

ദില്ലി: ആർടിജിഎസ്, നെഫ്റ്റ് വഴിയുള്ള പണമിടപാടുകൾ ജൂലൈ 1 മുതൽ സൗജന്യം. ഇരു ചാനലുകളും വഴിയുള്ള പണമിടപാടുകൾക്ക് അടുത്ത മാസം മുതൽ സർവീസ് ചാർജ് ഈടാക്കേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളോട് നിർദേശിച്ചു. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും അതിലൂടെ ഉണ്ടാകുന്ന നേട്ടം ഉപഭോക്താക്കളിലേക്കെത്തിക്കാനുമാണ് റിസർവ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെടുന്നത്. 

എന്താണ് NEFT, RTGS പണമിടപാടുകൾ? 

റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്‍റ് സിസ്റ്റം എന്നതിന്‍റെ ചുരുക്കെഴുത്താണ് RTGS. വലിയ തുകയുടെ പണമിടപാടുകൾ പെട്ടെന്ന് നടത്താനുള്ള ചാനലാണിത്. നാഷണൽ ഇലക്ട്രോണിക് ഫണ്ട്‍സ് ട്രാൻസ്ഫർ എന്നതിന്‍റെ ചുരുക്കെഴുത്ത് NEFT എന്നും. രണ്ട് ലക്ഷം രൂപ വരെ പെട്ടെന്ന് അയക്കാൻ ഉള്ള ചാനലാണ് NEFT. 

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ നെഫ്റ്റ് വഴിയുള്ള ഇടപാടുകൾക്ക് 1 മുതൽ 5 രൂപ വരെയും, ആ‍ർടിജിഎസ് ഇടപാടുകൾക്ക് 5 മുതൽ 50 രൂപ വരെയും ഈടാക്കുന്നുണ്ട്. 

പണനയം ച‍ർച്ച ചെയ്യുന്ന സമിതിയുടെ യോഗത്തിന് ശേഷം പുറത്തിറക്കിയ പുതിയ പോളിസി രേഖയിലാണ് NEFT, RTGS ഫീസ് ഒഴിവാക്കുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ഡിജിറ്റൽ ഇടപാടുകൾ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇതിലൂടെ ലഭിക്കുന്ന നേട്ടം ഇടപാടുകാർക്കു തന്നെ ബാങ്കുകൾ കൈമാറണമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. ഇതിനുള്ള നിർദേശങ്ങൾ റിസർവ് ബാങ്ക് ഒരാഴ്ചയ്ക്കകം പുറത്തിറക്കും.

ഇതോടൊപ്പം എടിഎം ചാർജുകൾ ഈടാക്കുന്നതിൽ മാറ്റം വേണോ എന്ന കാര്യം ചർച്ച ചെയ്യാനും റിസർവ് ബാങ്ക് പുതിയ സമിതി രൂപീകരിച്ചിട്ടുണ്ട്. എടിഎം ഉപയോഗം രാജ്യത്ത് വർദ്ധിച്ച സാഹചര്യത്തിലാണിത്. മൂന്നിലധികം തവണ മറ്റൊരു ബാങ്കിന്‍റെ എടിഎമ്മിലൂടെ പണം പിൻവലിച്ചാൽ സർവീസ് ചാർജ് ഈടാക്കുന്നത് പിൻവലിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെന്ന് ആർബിഐ വ്യക്തമാക്കുന്നു.

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അധ്യക്ഷനായ സമിതിയാകും എടിഎം ഫീ സംബന്ധിച്ച് അന്തിമശുപാർശ സമർപ്പിക്കുക. ആദ്യയോഗം ചേർന്നതിന് ശേഷം രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് സമിതിക്ക് നൽകിയ നിർദേശം. സമിതിയിൽ ആരൊക്കെ എന്നതും ടേംസ് ഓഫ് റഫറൻസും ഒരാഴ്ചയ്ക്കകം അറിയാം. 

click me!