Latest Videos

എല്ലാവരും പ്രവചിച്ചു അനില്‍ ഒന്നാമനാകുമെന്ന്, പക്ഷേ ഏട്ടനായിരുന്നു 'ഒന്നാം റാങ്ക്'

By Anoop PillaiFirst Published Mar 29, 2019, 4:10 PM IST
Highlights

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം, മുകേഷ് അംബാനി ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളാണ്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ പോലെ വളര്‍ച്ച സാധ്യതയുണ്ടായിരുന്ന കമ്പനി സ്വത്തായി ലഭിച്ചിട്ടും അനില്‍ അംബാനി 14 വര്‍ഷങ്ങള്‍ക്കിപ്പുറം വന്‍ കടക്കെണിയിലും. ഒടുവില്‍ കടം കയറി ജയിലിലാകുമെന്ന അവസ്ഥയിലെത്തിയ അനിലിന് തല്‍ക്കാലത്തേക്കെങ്കിലും രക്ഷ നേടാനായത് ജ്യേഷ്ഠൻ അംബാനിയുടെ സഹായത്താലാണ്.

അച്ഛന്‍ മരിക്കുന്നു..!, അതിനെ തുടര്‍ന്ന് മക്കള്‍ക്കിടയില്‍ സ്വത്ത് വീതംവയ്ക്കണം എന്ന ആവശ്യം ഉയരുന്നു. അമ്മ മക്കള്‍ക്കിടയിലെ പ്രശ്ന പരിഹരിക്കാനായി കുടുംബ സ്വത്തുക്കള്‍ രണ്ടായി വിഭജിക്കുന്നു. നാട്ടിലെ സാധാരണ സംഭവമായി നമ്മള്‍ക്ക് തോന്നുന്ന ഇത്തരമൊന്നായിരുന്നു 2005 ല്‍ ധീരുഭായ് അംബാനിയുടെ മരണശേഷം അംബാനി കുടുംബത്തില്‍ നടന്നതും. 

അന്ന് ഇന്ത്യന്‍ വ്യവസായ ലോകത്തെ ഏറെ അത്ഭുതപ്പെടുത്തിയ സംഭവ വികാസങ്ങള്‍ക്കൊടുവില്‍ 2005 ല്‍ ധീരുഭായ് അംബാനി വളര്‍ത്തിയെടുത്ത റിലയന്‍സ് സാമ്രാജ്യം രണ്ടായി പിളര്‍ന്നു. എണ്ണ, പ്രകൃതി വാതകം, പെട്രോകെമിക്കല്‍സ്, റിഫൈനിംഗ് ആന്‍ഡ് മാനുഫാക്ചറിംഗ് എന്നീ വ്യവസായങ്ങള്‍ മുകേഷ് അംബാനിയുടെ കൈകളിലേക്കും, വൈദ്യുതി, ടെലികോം, സാമ്പത്തിക സേവനം തുടങ്ങിയ കമ്പനികള്‍ അനുജന്‍ അനില്‍ അംബാനിയുടെ കൈവശവും വിഭജന ശേഷം വന്നു ചേര്‍ന്നു. കൃത്യമായി പറഞ്ഞാല്‍ റിലയന്‍സിന്‍റെ പരമ്പരാഗത വ്യവസായങ്ങള്‍ മുകേഷിന്‍റെയും പുതിയ കാലത്തിന്‍റെ സാധ്യതകള്‍ അനിലിന്‍റെയും കൈയില്‍ എത്തി.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം, മുകേഷ് അംബാനി ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളാണ്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ പോലെ വളര്‍ച്ച സാധ്യതയുണ്ടായിരുന്ന കമ്പനി സ്വത്തായി ലഭിച്ചിട്ടും അനില്‍ അംബാനി 14 വര്‍ഷങ്ങള്‍ക്കിപ്പുറം വന്‍ കടക്കെണിയിലും. ഒടുവില്‍ കടം കയറി ജയിലിലാകുമെന്ന അവസ്ഥയിലെത്തിയ അനിലിന് തല്‍ക്കാലത്തേക്കെങ്കിലും രക്ഷ നേടാനായത് ജ്യേഷ്ഠൻ അംബാനിയുടെ സഹായത്താലാണ്. സ്വീഡിഷ് കമ്പനിയായ എറിക്സണിന് കുടിശിക നല്‍കാന്‍ സുപ്രീം കോടതി വിധിച്ചത്  580 കോടി രൂപ, കുടിശ്ശിക കൊടുത്ത് തീര്‍ത്തില്ലെങ്കില്‍ ജയിലിലേക്ക് അനിലിന് പോകേണ്ടി വരുമെന്ന അവസ്ഥ വന്നു. അവസാന ദിവസവും പണം കൊടുക്കാന്‍ കഴിയാതിരുന്ന അനുജന്‍റെ സഹായത്തിന് ഒടുവില്‍ ഏട്ടന്‍ അംബാനി എത്തി. 

അനുജന്‍റെ കടം വീട്ടാനായി മുകേഷ് അംബാനിക്ക് 462 കോടി രൂപയാണ് ചെലവാക്കേണ്ടി വന്നത്. കുടിശ്ശിക അടച്ചതോടെ തല്‍ക്കാലികമായി അനില്‍ അംബാനിക്ക് രക്ഷപെടാനായി. എന്നാല്‍, പണം തിരികെ നല്‍കാനുളള നിരവധി കമ്പനികളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും നീണ്ട  നിര ബാക്കിയാണ്. പണം തിരികെ നല്‍കാത്തതുമായി ബന്ധപ്പെട്ട മറ്റ് നിരവധി കോടതി വ്യവഹാരങ്ങളും അനിലിനെ കാത്തിരിക്കുന്നു.

 

അവരുടെ പ്രവചനം തെറ്റിച്ച അനില്‍ 

കഴിഞ്ഞ ദശകത്തില്‍ അനില്‍ അംബാനിയുടെ സ്വത്തുക്കളില്‍ വന്‍ ഇടിവാണ് ദൃശ്യമായത്. 2007 ല്‍ 4500 കോടി ഡോളറായിരുന്നു അനിലിന്‍റെ ആകെ ആസ്തി. ഫോബ്സിന്‍റെ കണക്ക് പ്രകാരം നിലവില്‍ അദ്ദേഹത്തിന്‍റെ ആകെ ആസ്തി ഏകദേശം 170 കോടി ഡോളറാണ്. അതായത്, 2007 ലേതിന്‍റെ 3.8 ശതമാനം ആസ്തികള്‍ മാത്രമേ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ കൈവശമുള്ളൂ. വാര്‍ഷികടിസ്ഥാനത്തില്‍ 23.9  ശതമാനത്തിന്‍റെ ഇടിവാണ് 12 വര്‍ഷങ്ങള്‍ കൊണ്ട് അദ്ദേഹത്തിനുണ്ടായത്. 

2007 ല്‍ മുകേഷ് അംബാനിക്ക് 4900 കോടി ഡോളര്‍ ആസ്തിയാണ് ഉണ്ടായിരുന്നത്. പിന്നീട് അദ്ദേഹത്തിന്‍റെ ആസ്തി വര്‍ദ്ധിച്ചത് 102 ശതമാനമാണ്. 2005 ല്‍ വേര്‍പിരിയുമ്പോള്‍ അനില്‍ അംബാനി മുകേഷിനെക്കാള്‍ ഭാവിയില്‍ നേട്ടമുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരില്‍ പലരും അന്ന് പ്രവചിച്ചത്. അത്തരം ഒരു പ്രവചനത്തിലേക്ക് അവരെ നയിച്ചത് വളര്‍ച്ച സാധ്യത കൂടിയ റിലയന്‍സ് കമ്മ്യൂണിക്കേഷനിലുളള (ആര്‍കോം) അനിലിന്‍റെ ഓഹരി വിഹിതമായിരുന്നു. ആര്‍കോമില്‍ അനില്‍ അംബാനിക്ക് അന്ന് 66 ശതമാനം ഓഹരിയാണുണ്ടായിരുന്നത്. അക്കാലത്ത് കമ്പനി സ്ഥിരതയാര്‍ന്ന വളര്‍ച്ചയുടെ പാതയിലും. ഇന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന കമ്പനിയാണ്. എതിരാളികള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പോലും കമ്പനിക്ക് ഇന്ന് ശക്തിപോര. അനിലിന്‍റെ ഓഹരി 53.08 ശതമാനമായി കുറയുകയും ചെയ്തു. ഇതില്‍ ഭൂരിപക്ഷം ഓഹരികളും (72.31 കോടി ഷെയറുകള്‍) അനില്‍ അംബാനി തന്നെ നടത്തുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്‍റര്‍പ്രൈസസിന്‍റെ കൈവശമാണ്.  

റിച്ച് ലിസ്റ്റില്‍ നിന്ന് പുവര്‍ ലിസ്റ്റിലേക്ക്

അനില്‍ അംബാനിയുടെ വീഴ്ച്ചയുടെ 2007-08 ലാണ് തുടങ്ങുന്നത്. 2007 ലെ ഫോബ്സ് റിച്ച് ലിസ്റ്റില്‍ ഉയര്‍ന്ന നേട്ടം ഉണ്ടാക്കിയ വ്യവസായിയായി രേഖപ്പെടുത്തിയ അനില്‍ 2008 ലിസ്റ്റില്‍ ഉയര്‍ന്ന നഷ്ടം നേരിട്ട വ്യക്തിയായി മാറി. അക്കാലത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വിദേശ വ്യവസായ ഇടപാടുകളില്‍ ഒന്നായ എംടിഎന്‍ ലയനമാണ് അനിയന്‍ അംബാനിക്ക് കടുത്ത നഷ്ടം സമ്മാനിച്ചത്. 2008 ജൂലൈ മുതല്‍ നവംബര്‍ കാലത്ത് ആര്‍കോം സ്റ്റോക്കുകളില്‍ 48 ശതമാനത്തിന്‍റെ ഇടിവാണ് നേരിട്ടത്. 

ഒപ്പം പ്രവര്‍ത്തിച്ചിരുന്നവരുടെ അഭിപ്രായത്തില്‍ അനില്‍ അംബാനിയുടെ പ്രവര്‍ത്തന ശൈലിയാണ് തുടര്‍ച്ചയായ നഷ്ടങ്ങള്‍ അദ്ദേഹത്തിനുണ്ടാകാനുളള പ്രധാന കാരണം. പുതിയ പ്രോജക്ടുകള്‍ക്കായും സംരംഭങ്ങള്‍ക്കായും മൂലധനം സ്വരൂപിക്കാന്‍ കടം വാങ്ങുകയെന്ന നയമാണ് അദ്ദേഹം പൊതുവേ സ്വീകരിച്ചു പോന്നത്. അദ്ദേഹത്തിന്‍റെ കമ്പനി നടത്തിപ്പിലെ ഏകാധിപത്യ സ്വഭാവം പല മികച്ച പ്രഫഷണലുകളും കുറഞ്ഞകാലം കൊണ്ട് റിലയന്‍സ് വിട്ടുപോകാനിടയാക്കിയിട്ടുണ്ട്. പലപ്പോഴും വന്‍ വിവാദങ്ങള്‍ക്ക് കാരണമായ ഇടപാടുകളുടെ കേന്ദ്രബിന്ദുവായി മാറിയതും അനിലിന്‍റെ പതനം വേഗത്തിലാക്കി. ടുജി സ്പെക്ട്രം അഴിമതിയും റഫാല്‍ ഇടപാടും ഇതിന് ഉദാഹരണങ്ങളാണ്.

 

'ടുജി സ്പെക്ട്രം അഴിമതി രൂക്ഷമായതിനെ തുടര്‍ന്ന് 2011-12 കാലത്ത് ബാങ്കുകള്‍ അദ്ദേഹത്തിന് പണം നല്‍കുന്നത് നിര്‍ത്തിവച്ചു. അദ്ദേഹത്തിന് പ്രതിസന്ധി സൃഷ്ടിച്ച ആദ്യ സംഭവമായിരുന്നു ഇത്.' അനില്‍ അംബാനിയുടെ വിപണി ഉപദേഷ്ടാവായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച സീനിയര്‍ എക്സിക്യൂട്ടീവ് ടുജി സ്പെക്ട്രം അഴിമതിക്കാലത്തെ അനുഭവം ദേശീയ മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിളിനോട് വിശദീകരിച്ചത് ഇങ്ങനെയാണ്. അനില്‍ അംബാനിക്ക് സഹനശക്തിയും ക്ഷമാശീലവും കുറവുള്ളതായി നിരവധി പ്രഫഷണലുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

'പ്രഫഷണലുകളെ അദ്ദേഹത്തിന് ബഹുമാനം തീരെയില്ല. മിക്ക തീരുമാനങ്ങളും അനില്‍ നേരിട്ടാണ് എടുക്കുന്നത്. തന്‍റെ ചേട്ടനെ പോലെ ബിസിനസ് സംരംഭങ്ങളോടൊപ്പം അധിക സമയം അദ്ദേഹം ചെലവഴിക്കാറില്ല. ക്ഷമാശീലം തീരെക്കുറവാണ് അനിലിന്. അതാണ് അദ്ദേഹത്തിന് ഒരുപാട് നഷ്ടങ്ങളുണ്ടാകാന്‍ കാരണം.' അനില്‍ അംബാനിയോടൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഉന്നത ഉദ്യോഗസ്ഥന്‍റെ വാക്കുകളാണിത്.

ദില്ലി മെട്രോയും റഫാല്‍ ഇടപാടും

ദില്ലി മെട്രോയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് അനിലിന്‍റെ നേതൃപാടവത്തിന് നേര്‍ക്ക് ഏറ്റവും ചോദ്യങ്ങളുയര്‍ത്തിയ സംഭവങ്ങളില്‍ ഒന്ന്. ഏറ്റവും മികച്ച പ്രോജക്ടുകളില്‍ ഒന്നായ ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍റെ 30 വര്‍ഷത്തെ നിര്‍മാണ- പ്രവര്‍ത്തന- കൈമാറല്‍ കരാര്‍ പിപിപി വ്യവസ്ഥയില്‍ റിലയന്‍സ് എനര്‍ജിക്കും സിഎഎഫ് കണ്‍സോഷ്യത്തിനുമായി ലഭിച്ചു. 5,700 കോടി രൂപയായിരുന്നു പദ്ധതി ചെലവ്. അതില്‍ റിലയന്‍സ് ഇന്‍ഫ്ര 2,885 കോടി രൂപ പദ്ധതിക്കായി ചെലവഴിക്കുകയും ചെയ്തു. എന്നാല്‍, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2013 ജൂണ്‍ 27 ന് റിലയന്‍സ് ഇന്‍ഫ്രാ ലാഭ സാധ്യതയുണ്ടായിരുന്ന കരാറില്‍ നിന്ന് പിന്‍മാറാന്‍ പോകുന്നതായി ഡിഎംആര്‍സിയെ അറിയിച്ചു. ജൂണ്‍ 30 തിന് അപ്പുറം മെട്രോ ലൈന്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ലെന്നായിരുന്നു റിലയന്‍സിന്‍റെ നിലപാട്. 2013 ജൂലൈ 1 ന് ഡിഎംആര്‍സി എയര്‍പോര്‍ട്ട് എക്സ്പ്രസ് ലൈനിന്‍റെ പ്രവര്‍ത്തന ചുമതല റിലയന്‍സില്‍ നിന്നും ഏറ്റെടുത്തു. കരാര്‍ പൂര്‍ത്തിയാക്കാതെ പിന്‍മാറിയതിലൂടെ വന്‍ നഷ്ടമാണ് റിലയന്‍സിന് അന്നുണ്ടായത്. 

അനില്‍ അംബാനി വിവാദ ചുഴിയിലേക്കും വന്‍ കടക്കെണിയിലേക്കും വീഴാനുണ്ടായ പ്രധാന വിഷയം റഫാല്‍ ഇടപാടാണ്. പ്രതിരോധ സംരംഭത്തിലേക്ക് ഇറങ്ങിത്തിരിക്കാനുളള അദ്ദേഹത്തിന്‍റെ തീരുമാനമാണ് തിരികെക്കയറാന്‍ കഴിയാത്ത രീതിയില്‍ അനിലിനെ കടക്കെണിയില്‍ കുടുക്കിയത്. അനിലിന്‍റെ ഉപദേശകരില്‍ ചിലര്‍ കടക്കെണിയില്‍ നിന്ന് രക്ഷപെടാനുളള മാര്‍ഗമായി റഫാല്‍ ഇടപാടിനെ ഉപദേശിച്ചതായാണ് വിവരം. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച റിലയന്‍സ് മുന്‍ ഉദ്യോഗസ്ഥന്‍ അനിലിന്‍റെ പ്രവര്‍ത്തനത്തെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്. 'ഭരിക്കുന്ന പാര്‍ട്ടി അദ്ദേഹത്തിന് പൂര്‍ണമായും അനുകൂലമായിരുന്നു. അവര്‍ അദ്ദേഹത്തിന് കരാര്‍ നല്‍കുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, അതിനായുളള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത് വരെയും പ്രതിരോധ നിര്‍മാണ രംഗത്ത് ശേഷി നേടിയെടുക്കുന്നത് വരെയും സര്‍ക്കാരിന് അദ്ദേഹത്തെ സഹായിക്കാന്‍ കഴിയില്ല. തന്‍റെ പ്രതിരോധ ബിസിനസിനായി അദ്ദേഹം ഒരു ഷിപ്പ്‍യാര്‍ഡ് വാങ്ങി. പക്ഷേ അത് പ്രവര്‍ത്തന ക്ഷമമാക്കേണ്ടിയിരുന്നു, കരാര്‍ ലഭിച്ചില്ലെങ്കില്‍ അത് ഉപയോഗ ശൂന്യമല്ലേ...'  

 

നിക്ഷേപം നടത്താൻ പോകുന്ന മേഖലയിൽ വേണ്ട രീതിയിൽ സങ്കേതികമായ പഠനമോ വിദഗ്ധരുടെ നിർദ്ദേശങ്ങളോ സ്വീകരിക്കാൻ തയ്യാറാകാത്തതാണ് അനിൽ അംബാനിക്ക് വിനയായത്. 'കടങ്ങളെ സാമ്പത്തിക സ്രോതസ്സായി കൂടുതൽ ആശ്രയിച്ച പ്രവണതയും. ബാങ്കുകളിൽ നിന്നെടുക്കുന്ന ഭീമൻ തുകകൾ കാലവധി കഴിഞ്ഞാലും തിരിച്ചടയ്ക്കാതെ തന്‍റെ ബന്ധങ്ങൾ ഉപയോഗിച്ച് നീട്ടിക്കൊണ്ടുപോകുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. ഇത് കടങ്ങൾ വല്ലാതെ പെരുകാൻ കാരണമായി. ചില ബിസിനസിന്റെ ലാഭം ഒന്നടങ്കം വായ്പയുടെ തിരിച്ചടവിനായി വിനിയോഗിക്കേണ്ടി വന്നതായി' റിലയൻസിൽ മുൻപ് ജോലി ചെയ്തിരുന്ന ഉന്നതന്‍ സാക്ഷ്യപ്പെടുത്തുന്നു.

പ്രതീക്ഷകളുടെ പുതിയ പുലരികള്‍

സാമ്പത്തിക തര്‍ക്കങ്ങളെ തുടര്‍ന്ന് സഹോദരങ്ങള്‍ തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ മറന്നാണ് മുകേഷ് അംബാനി അനിലിനെ സഹായിക്കാനായി അവസാന മണിക്കൂറുകളില്‍ ഓടി നടന്നത്. 'ഏട്ടന്‍റെ സമയോചിത ഇടപെടല്‍ ഹൃദയത്തില്‍ തൊട്ടു, ഒരുപാട് നന്ദി...' എറിക്സണുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമായതിനെ തുടര്‍ന്ന് അനില്‍ അംബാനിയുടെ വാക്കുകള്‍ ഇതായിരുന്നു. ഏട്ടനും അനിയനും തമ്മില്‍ അടുക്കുന്നതിന്‍റെ സൂചനകളായി ഇതിനെ കരുതുന്നവര്‍ അനേകമാണ്.

അനില്‍ അംബാനി ജയിലില്‍ പോകുമെന്ന സാഹചര്യത്തില്‍ മുകേഷ് അംബാനി നടത്തിയ ഈ ഇടപെടലിലൂടെ റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്‍റെ ശുഭാപ്തി വിശ്വാസം ഉയര്‍ന്നത് വാനോളമാണ്. എന്നാല്‍, അനിലിന്‍റെ മറ്റ് ബാധ്യതകളില്‍ മുകേഷ് അംബാനിയുടെ നയം എന്താകുമെന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അനിലിന്‍റെ ചില സംരംഭങ്ങളെ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്ന് വാര്‍ത്തകള്‍ പുതിയ സംഭവ വികാസങ്ങളെ തുടര്‍ന്ന് പുറത്ത് വന്നിരുന്നെങ്കിലും ഇവയ്ക്ക് സ്ഥിരീകരണം നല്‍കാന്‍ ഇരു ബിസിനസ് ഗ്രൂപ്പുകളും ഇതുവരെ തയ്യാറായിട്ടില്ല. 

ഓഹരി വിപണിയില്‍ മൂല്യം ഉയര്‍ത്തി ആര്‍കോം

എറിക്സണുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചതിന് ശേഷം തൊട്ടടുന്ന വ്യാപാര ദിനത്തില്‍ ആര്‍കോമിന്‍റെ (റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്) ഓഹരി മൂല്യം 10 ശതമാനമാണ് ഉയര്‍ന്നത്. പത്ത് ശതമാനം നേട്ടത്തോടെ ആര്‍കോം അന്ന് മുംബൈ സ്റ്റോക്ക് എകസ്ചേഞ്ചില്‍ ഏറ്റവും നേട്ടം കൊയ്ത കമ്പനിയായി മാറി. കഴിഞ്ഞ ഒരു വര്‍ഷമായി ഓഹരി മൂല്യത്തില്‍ 80 ശതമാനം ഇടിവ് നേരിട്ട ആര്‍കോമിന് ഇത് ആശ്വാസ നേട്ടമായിരുന്നു. 23 രൂപയില്‍ നിന്ന് നാല് രൂപയിലേക്ക് ഒരു വര്‍ഷത്തിനിടയ്ക്ക് മൂല്യമിടിഞ്ഞ കമ്പനിക്ക് പ്രശ്ന പരിഹാരത്തിന്‍റെ പിറ്റേന്ന് ഓഹരി മൂല്യം 0.40 ശതമാനം ഉയര്‍ത്താനായി. മാര്‍ച്ച് 21 ന് വ്യാപാരം അവസാനിച്ചപ്പോള്‍ മൂല്യം 4.40 ലേക്ക് ഉയര്‍ന്നിരുന്നു. ആര്‍കോമും അനില്‍ അംബാനിയും ശുഭപ്രതീക്ഷയിലാണ്, ഇനി തുടര്‍ന്നുളള  കാലം നേട്ടങ്ങളുടേത് മാത്രമാകുമെന്ന ശുഭപ്രതീക്ഷയില്‍.                
      
     

      

click me!