അമ്പലപ്പുഴ ക്ഷേത്രത്തിലെ പതക്കം നഷ്ടപ്പെട്ട സംഭവം:  ക്ഷേത്രത്തിലെ അന്തേവാസി അറസ്റ്റിൽ

By Web DeskFirst Published Jul 12, 2018, 12:07 AM IST
Highlights
  • അമ്പലപ്പുഴ ക്ഷേത്രത്തിലെ പതക്കം നഷ്ടപ്പെട്ട സംഭവം:  ക്ഷേത്രത്തിലെ അന്തേവാസി അറസ്റ്റിൽ
  • ടെമ്പിൾ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത് 

അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അമൂല്യങ്ങളായ തിരുവാഭരണങ്ങൾ മോഷണം പോയ കേസിൽ ക്ഷേത്രത്തിലെ അന്തേവാസി അറസ്റ്റിൽ. ഇടുക്കി ഉപ്പുതുറ സ്വദേശി കാളിയപ്പൻ എന്ന വിശ്വനാഥനാണ് ഒരു വർഷത്തിനു ശേഷം പിടിയിലായത്. പ്രതിയെ കോടതി രണ്ടാഴ്ച റിമാന്‍റ് ചെയ്തു.

കഴിഞ്ഞ ഏഴു വർഷമായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വാഹന പാർക്കിങ് വിഭാഗത്തിൽ ജോലിക്കാരനാണ് കളിയപ്പൻ എന്ന വിശ്വനാഥൻ. കേസ് അന്വേഷിക്കുന്ന ടെമ്പിൾ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ ചോദ്യം ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. 
മോഷണം പോയ പന്ത്രണ്ട് പവനിലേറെ വരുന്ന തിരുവാഭരണങ്ങൾ ഒരു മാസത്തിന് ശേഷം ക്ഷേത്രത്തിന്‍റെ കാണിക്കവഞ്ചിയിൽ നിന്ന് കണ്ടെടുത്തിരുന്നു. ഇത് കൊണ്ടയിട്ടത് താനാണെന്ന് കാളിയപ്പൻ സമ്മതിച്ചു. വിഗ്രഹത്തിൽ നിന്ന് ഊരിമാറ്റുന്ന പൂമാലകൾ, കത്തിക്കാൻ ഇടുന്ന സ്ഥലത്തു നിന്നാണ് തിരുവാഭരണങ്ങൾ ലഭിച്ചതെന്നാണ് മൊഴി. 

രത്നങ്ങൾ അടർത്തിയെടുക്കാൻ കല്ലുകൊണ്ട് ഇടിച്ചു. ഇങ്ങനെയാണ് പതക്കങ്ങൾക്ക് കേടുപാട് സംഭവിച്ചത്. മോഷണം നടന്നെന്ന വിവരം പുറത്തിറിഞ്ഞതോടെ അന്വേഷണം ക്ഷേത്രജീവനക്കാരിലേക്കും നീണ്ടു. ഈ ഘട്ടത്തിൽ ആരെങ്കിൽ അബദ്ധത്തിൽ ഇവ കൈവശം വച്ചിട്ടുണ്ടെങ്കിൽ കാണിക്കവഞ്ചിയിൽ ഇടണമെന്നും കേസുണ്ടാവില്ല എന്നുമുള്ള ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ വാക്കു കേട്ടാണ് കാളിയപ്പൻ മാലകൾ തിരികെയിട്ടത്.

എന്നാൽ വിഗ്രഹത്തിൽ ചാർത്തിയ പൂമാലകൾ കത്തിക്കാനിടുന്ന ആനക്കൊട്ടിലിന്റെ പരിസരത്ത് തിരുവാഭരണങ്ങൾ എങ്ങിനെയെത്തി എന്ന കാര്യത്തിൽത്തിന് സംശയങ്ങൾ ഉണ്ട്. 2017 വിഷുത്തലേന്നാണ് രത്നങ്ങൾ പതിച്ച നൂറ്റാണ്ടുകളുടെ പഴക്കമുള്ള മൂന്ന് മാലകൾ മോഷണം പോയത്. കേസിൽ അഡ്മിനിസ്ട്രേറ്റിവ് ഒഫീസർ ഉൾപ്പെടെ നാലുപേരെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു.

click me!