സര്‍ക്കാരിനെ വലിച്ച് താഴെയിടും; സുപ്രീംകോടതിയെ വെല്ലുവിളിച്ച്, ശരണം വിളിച്ച് അമിത് ഷായുടെ പ്രസംഗം

By Web TeamFirst Published Oct 27, 2018, 1:33 PM IST
Highlights

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതിയെ വെല്ലുവിളിച്ച് അമിത് ഷാ. കോടതികൾ നടപ്പാക്കാൻ കഴിയുന്ന വിധി പറഞ്ഞാൽ മതിയെന്ന് അമിത് ഷാ കണ്ണൂരിൽ പറഞ്ഞു. കമ്യൂണിസ്റ്റ് സർക്കാർ അയ്യപ്പന്‍റെ ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്താൻ ശ്രമിയ്ക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

കണ്ണൂർ: ശബരിമല സ്ത്രീപ്രവേശനവിധിയ്ക്കെതിരെയും ഇടത് സർക്കാരിനെതിരെയും രൂക്ഷവിമർശനവുമായി ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ. ശരണം വിളിച്ചുകൊണ്ടാണ് കണ്ണൂരിൽ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗം അമിത് ഷാ തുടങ്ങിയത്. സുപ്രീംകോടതിയ്ക്കെതിരെ  തുറന്ന വെല്ലുവിളി നടത്തിയ അമിത് ഷാ വിധി അപ്രായോഗികമാണെന്നാണ് വിമര്‍ശിച്ചത്. അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയാല്‍ ഇടത് സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ മടിക്കില്ലെന്നും അമിത് ഷാ ഭീഷണി മുഴക്കി.
 
കോടതികൾ നടപ്പാക്കാനാകുന്ന വിധി പറഞ്ഞാൽ മതിയെന്ന് അമിത് ഷാ ആഞ്ഞടിച്ചു. ഒരു മൗലികാവകാശം ഉറപ്പാക്കാൻ മറ്റൊരു മൗലികാവകാശം ഹനിയ്ക്കണമെന്ന് പറയാൻ കോടതിയ്ക്ക് എങ്ങനെ കഴിയുമെന്നും അമിത് ഷാ ചോദിച്ചു. ഈ വിധി അംഗീകരിക്കാൻ കഴിയില്ല. അയ്യപ്പഭക്തരുടെ അവകാശങ്ങൾ അടിച്ചമർത്തുകയാണ് ഈ കോടതി വിധി. സ്ത്രീപുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പാക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.
 
ഇടതുസർക്കാർ അയ്യപ്പന്‍റെ ആചാരാനുഷ്‍ഠാനങ്ങളിൽ മാറ്റം വരുത്തി ശബരിമലയെ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അമിത് ഷാ ആരോപിച്ചു.കമ്യൂണിസ്റ്റ് സർക്കാർ തിരുവിതാംകൂർ ദേവസ്വംബോർഡിനെ വരുതിയിൽ നിർത്താനുള്ള ശ്രമം നടത്തുകയാണ്. ബിജെപിയുടെ ദേശീയശക്തി മുഴുവൻ അയ്യപ്പഭക്തർക്കൊപ്പം നിൽക്കും.
 
സുപ്രീംകോടതി വിധിയുടെ ബലത്തിൽ ഇടത് സർക്കാർ ഭക്തരെ അടിച്ചമർത്തുകയാണ്. ഇത് തീക്കളിയാണെന്ന് പിണറായി വിജയൻ തിരിച്ചറിയണം. കൂട്ടത്തോടെ അറസ്റ്റ് ചെയ്യാന്‍ പ്രതിഷേധിച്ച അയ്യപ്പഭക്തര്‍ എന്തുതെറ്റാണ് ചെയ്തത്? ഈ വേട്ടക്കെതിരെ കേരളസമൂഹം പ്രതികരിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. മുസ്ലിംപള്ളികളിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കരുതെന്നതുൾപ്പടെയുള്ള വിധികൾ ഈ നാട്ടിലെ സ‍ർക്കാർ നടപ്പാക്കിയിട്ടില്ല. ഇതൊന്നും നടപ്പാക്കാൻ കഴിയാത്ത സർക്കാർ എന്തുകൊണ്ട് ശബരിമല വിധി നടപ്പാക്കാൻ ആവേശം കാണിയ്ക്കുന്നുവെന്നും അമിത് ഷാ ചോദിച്ചു.
 
സ്ത്രീപുരുഷ സമത്വത്തില്‍ വിശ്വസിക്കുന്ന മതമാണ് ഹിന്ദുമതം. രാജ്യത്ത് പല ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് മാത്രം ചെയ്യാനാകുന്ന ആചാരങ്ങളുണ്ട്. അവയെയൊന്നും ഭക്തര്‍ ചോദ്യം ചെയ്യുന്നില്ല. കോടതിയോ സര്‍ക്കാരോ വിശ്വാസത്തില്‍ കയറി കളിക്കരുതെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി.
click me!