അസം പൗരത്വ വിഷയത്തിൽ തര്‍ക്കം; രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

First Published Aug 1, 2018, 3:00 PM IST
Highlights

അസം പൗരത്വ വിഷയത്തിൽ ബിജെപിക്കും പ്രതിപക്ഷത്തിനുമിടയിലെ തർക്കം രൂക്ഷമാകുന്നു. അമിത് ഷാ മാപ്പു പറയണമെന്ന കോൺഗ്രസ് നിലപാടിൽ രാജ്യസഭ പ്രക്ഷുബ്ധമായി. 

ദില്ലി: അസം പൗരത്വ വിഷയത്തിൽ ബിജെപിക്കും പ്രതിപക്ഷത്തിനുമിടയിലെ തർക്കം രൂക്ഷമാകുന്നു. അമിത് ഷാ മാപ്പു പറയണമെന്ന കോൺഗ്രസ് നിലപാടിൽ രാജ്യസഭ പ്രക്ഷുബ്ധമായി.  അസം ധാരണ മുന്നോട്ടു കൊണ്ടു പോകാൻ രാജീവ് ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് പ്രധാനമന്ത്രിമാർക്ക് ധൈര്യമുണ്ടായില്ല എന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെയായിരുന്നു കോൺഗ്രസ് ബഹളം. വിശദീകരണത്തിന് അമിത് ഷാ എണീറ്റെങ്കിലും പ്രതിപക്ഷം അനുവദിച്ചില്ല.

ഇതിനിടെ പ്രതിപക്ഷത്തിന്‍റെ പെരുമാറ്റത്തിൽ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു  കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഹിന്ദുത്വ അജണ്ടയ്ക്ക് പ്രധാന ആയുധമെന്ന വിലയിരുത്തലിൽ അമിത് ഷാ മുന്നിൽ നിന്നാണ് ബിജെപിയുടെ പ്രതിരോധം. ഈ മാസം പതിനൊന്നിന് പശ്ചിമ ബംഗാളിലെത്തി അമിത് ഷാ റാലി നടത്തും. ആഭ്യന്തരയുദ്ധം വരെയുണ്ടാവും എന്ന മുന്നറിയിപ്പ് നല്‍കിയ മമത ബാനർജിക്കെതിരെ യുവമോർച്ചയുടെ പരാതിയിൽ അസമിൽ കേസെടുത്തു. 

ഇതിനിടെ പ്രതിപക്ഷ നീക്കത്തിന്‍റെ മുഖമായി മമത ബാനർജി മാറി. കോൺഗ്രസിൽ ആശയക്കുഴപ്പം പ്രകടമാണ്. പൗരത്വ രജിസ്റ്റർ കോൺഗ്രസിന്‍റെ കുട്ടിയാണെന്ന് അവകാശപ്പെട്ട് മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയി രംഗത്തുവന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കിഴക്കേ ഇന്ത്യയിൽ പൗരത്വ രജിസ്റ്റർ പ്രധാന അജണ്ടയാവുകയാണ്.

click me!