ബാധ്യതകള്‍ തീര്‍ക്കാന്‍ അറ്റ്‍ലസ് രാമചന്ദ്രന്‍ ബാങ്ക് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി

By Web DeskFirst Published Jul 11, 2018, 12:37 PM IST
Highlights

തനിക്ക് ഇപ്പോഴുള്ളതും ഭാവിയില്‍ തുടങ്ങാനിരിക്കുന്നതുമായ ബിസിനസ് സംരംഭങ്ങള്‍ ഉപയോഗപ്പെടുത്തി ബാധ്യതകള്‍ തീര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും അക്കാര്യം ബാങ്കുകളെ അറിയിച്ചിട്ടുണ്ടെന്നും അറ്റ്‍ലസ് രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദുബായ്: ജയില്‍ മോചിതനായ അറ്റ്‍ലസ് രാമചന്ദ്രന്‍ പണം തിരിച്ചടയ്‌ക്കാനുള്ള ബാങ്കുകളുടെ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തി. ബാങ്കുകളിലെ ബാധ്യത തീര്‍ക്കുന്നതിനും ബിസിനസ് പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള തന്റെ പദ്ധതികള്‍ അദ്ദേഹം ബാങ്കുകളെ അറിയിച്ചു. പണം തിരിച്ചടയ്‌ക്കാനുള്ള വിശദമായ പദ്ധതികള്‍ വരുന്ന മൂന്ന് മാസത്തിനകം ബാങ്കുകളെ അറിയിക്കാമെന്ന് അദ്ദേഹം ബാങ്ക് പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കിയതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തനിക്ക് ഇപ്പോഴുള്ളതും ഭാവിയില്‍ തുടങ്ങാനിരിക്കുന്നതുമായ ബിസിനസ് സംരംഭങ്ങള്‍ ഉപയോഗപ്പെടുത്തി ബാധ്യതകള്‍ തീര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും അക്കാര്യം ബാങ്കുകളെ അറിയിച്ചിട്ടുണ്ടെന്നും അറ്റ്‍ലസ് രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് ബാങ്കുകളുടെ സഹായ സഹകരണങ്ങളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. വായ്പാ തിരിച്ചടവിനുള്ള വിശദമായ പദ്ധതി തയ്യാറാക്കും. അടുത്ത 30 ദിവസത്തിനുള്ളില്‍ മറ്റൊരു യോഗം കൂടി ചേരും. അന്ന് ഇതിന്റെ പുരോഗതി ബാങ്ക് പ്രതിനിധികളെ അറിയിക്കും. തനിക്ക് ഇന്ത്യയിലും ഗള്‍ഫിലുമുള്ള ആസ്തികളുടെയും ബാധ്യതകളുടെയും വിശദ വിവരങ്ങളും ബാങ്കുകള്‍ക്ക് നല്‍കും. സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍  എന്നീ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമുള്ള തന്റെ ജ്വല്ലറികളില്‍ ചിലത് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കുകള്‍ക്ക് സെക്യൂരിറ്റിയായി നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്ന് 2015ലാണ് അറ്റ്‍ലസ് രാമചന്ദ്രന് കോടതി ശിക്ഷ വിധിച്ചത്. ജയില്‍ മോചിതനായ ശേഷം ഈ വര്‍ഷം തന്നെ ദുബായില്‍ ആദ്യ ജ്വല്ലറി തുടങ്ങാനാണ് അദ്ദേഹത്തിന്റെ പദ്ധതി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ യുഎഇയില്‍ 10 ജ്വല്ലറികള്‍ തുറക്കും. ഘട്ടംഘട്ടമായി തന്റെ ബാധ്യതകളെല്ലാം തീര്‍ക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

 

click me!