ശബരിമല സമരം പിന്‍വലിച്ചതില്‍ ബിജെപിയില്‍ കടുത്ത ഭിന്നത; ആര്‍എസ്എസില്‍ അതൃപ്തി

By Web TeamFirst Published Nov 30, 2018, 10:53 AM IST
Highlights

ബിജെപി സംസ്ഥാന അധ്യക്ഷൻ ഒത്തുതീർപ്പിന് തയ്യാറാകില്ലെന്നാണ് തോന്നുന്നതെന്നാണ് വി. മുരളീധരൻ എംപി പറഞ്ഞത്. പി.എസ്.ശ്രീധരൻപിള്ളയ്ക്കെതിരെ തുറന്ന പോരിനൊരുങ്ങുകയാണ് മുരളീധരപക്ഷം എന്നാണ് സൂചന.

തിരുവനന്തപുരം: ശബരിമല സമരം സന്നിധാനത്ത് നിന്ന് നിയമസഭയ്ക്ക് മുന്നിലേക്ക് മാറ്റിയതില്‍ ബിജെപിയില്‍ ഭിന്നത. അമിത് ഷാ മുന്‍കൈയെടുത്താണ് ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കാന്‍ ബിജെപി സംസ്ഥാന ഘടകം തീരുമാനിച്ചത്. എന്നാല്‍ മണ്ഡലകാലം ആരംഭിച്ച് ആഴ്ചകള്‍ കഴിയുന്നതിന് മുന്നേ ബിജെപി സമരം നിയമസഭയ്ക്ക് മുന്നിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയരുകയാണ്. 

ശബരിമല സമരം ഒത്തുതീർപ്പാക്കാൻ ആത്മാഭിമാനുള്ള ഒരു ബിജെപി പ്രവർത്തകനും അനുവദിക്കില്ലെന്ന് വി.മുരളീധരൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ ഒത്തുതീർപ്പിന് തയ്യാറാകില്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  സമരത്തെ അടിച്ചമർത്താൻ പിണറായി വിജയൻ ശ്രമിക്കേണ്ടെന്നും മുരളീധരൻ പറഞ്ഞു. 

ഇതിനിടെ ബിജെപി ബിജെപി സമരം ശക്തമാക്കുകയാണ് ചെയ്തതെന്ന വാദവുമായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള രംഗത്തെത്തി. ബിജെപി സമരം നിര്‍ത്തിയെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 

ശബരിമല വിഷയത്തില്‍ താന്‍ നടത്തിയ എല്ലാ സമരങ്ങളും പൂങ്കാവനത്തിന് പുറത്തായിരുന്നു ഇപ്പോഴും കര്‍മ്മ സമിതിയുടെ സമരത്തിന് ബിജെപി പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്. സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കുകയാണ് ബിജെപി ചെയ്തതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 
 

വി.മുരളീധരപക്ഷം തുറന്ന പോരിനോ?

തുടർച്ചയായി കേസുകൾ നേരിടുന്ന കെ.സുരേന്ദ്രനെ പുറത്തിറക്കാൻ സംസ്ഥാനനേതൃത്വം ഒന്നും ചെയ്തില്ലെന്ന ആരോപണം വി.മുരളീധരപക്ഷത്തിന് നേരത്തേയുണ്ട്. ഹിന്ദു ഐക്യവേദി പ്രസിഡന്‍റ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതിന് ഹർത്താൽ പ്രഖ്യാപിച്ച ബിജെപി സംസ്ഥാനജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് വേണ്ടി ദേശീയപാതാ ഉപരോധം മാത്രമാണ് പ്രഖ്യാപിച്ചതെന്ന് നേരത്തേ പാർട്ടിയ്ക്കുള്ളിൽ ആരോപണമുയരുകയും ചെയ്തിരുന്നു.

ആർഎസ്എസ്സിനും കടുത്ത അതൃപ്തി

ശബരിമല സമരം സംബന്ധിച്ച ആർഎസ്എസ് നിർദ്ദേശങ്ങൾ ബിജെപി സംസ്ഥാന നേതൃത്വം അട്ടിമറിച്ചതാണ് ആർഎസ്എസില്‍ അതൃപ്തി ഉണ്ടാക്കിയത്. ഇതിന്‍റെ ഭാഗമായാണ് ശബരിമലയിലെ സമരപദ്ധതി സർക്കുലറാക്കി ഇറക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന അധ്യക്ഷൻ സ്വന്തം കാര്യം മാത്രം നോക്കുന്നുവെന്ന് ആര്‍എസ്എസില്‍ വിമർശനമുയര്‍ന്നത്. അതൃപ്തി കേന്ദ്ര നേതൃത്വത്തെ അറിയിക്കാനാണ് ആര്‍എസ്എസ് സംസ്ഥാന ഘടകത്തിന്‍റെ തീരുമാനം. 

click me!