ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത്

By Web DeskFirst Published Jun 23, 2016, 6:53 PM IST
Highlights

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ എന്നത് സംബന്ധിച്ച നിര്‍ണ്ണായകവും ചരിത്രപരവുമായ ജനഹിതപരിശോധനയുടെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന വാദക്കാര്‍ക്ക് വിജയം. ഹിതപരിശോധനയില്‍ പങ്കെടുത്തവരില്‍ 51.9 ശതമാനം പേര്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 48.1 ശതമാനം പേര്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ആഭിപ്രായപ്പെട്ടു.

മൂന്ന് കോടി ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ ഹിത പരിശോധനയില്‍ 17,410,742 പേര്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ അനുകൂലിച്ചു.16,141,241 പേര്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. രാജ്യങ്ങളുടെ കണക്കെടുപ്പില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറണമെന്ന അഭിപ്രായത്തിന് മുന്‍തൂക്കം ലഭിച്ചപ്പോള്‍ വടക്കന്‍ അയര്‍ലന്‍ഡിലും സ്കോട്‌ലന്‍ഡിലും യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം ലഭിച്ചത്. 43 വര്‍ഷത്തിനുശേഷം നടന്ന ഹിതപരിശോധനയില്‍ 71.8 ശതമാനം പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. 1992ലെ യുകെ പൊതുതെരഞ്ഞെടുപ്പിനുശേഷം ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തി ഹിതപരിശോധന കൂടിയാണിത്.

ബ്രെക്സിറ്റ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ യൂറോയ്ക്കെതിരെ പൗണ്ടിന്റെ മൂല്യം 11 ശതമാനത്തോളം ഇടിഞ്ഞു. 1985നുശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. ഹിതപരിശോധനക്ക് തൊട്ടുമുമ്പ് നടന്ന ഏറ്റവും വലിയ ഓണ്‍ലൈന്‍ അഭിപ്രായ സര്‍വ്വേ ആയ ഫൈനല്‍ ഒപ്പീനിയന്‍ പോളില്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകണം എന്ന അഭിപ്രായത്തേക്കാള്‍ തുടരണം എന്നതിന് 10 ശതമാനം ലീഡുണ്ടായിരുന്നു. എന്നാല്‍ മറ്റ് രണ്ട് അഭിപ്രായ സര്‍വ്വേകള്‍ യൂറോപ്യന്‍ യൂണിയന്‍ വിടുക എന്ന അഭിപ്രായത്തിന് ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ മുന്‍തൂക്കം നല്‍കി.

1973 മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ബ്രിട്ടന്റെ ഹിതപരിശോധനാഫലത്തെ ലോകം ഏറെ ആകാഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്. ബാലറ്റുപേപ്പറില്‍ ഒരൊറ്റ ചോദ്യമാണ് ഉണ്ടായിരുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ ഒരംഗമായി തുടരണോ അതോ വിട്ടുപോകണോ? ഇതിന് രണ്ടുത്തരങ്ങള്‍. തുടരണം. വിട്ടുപോകണം. റിമെയ്‌ന്‍‍, ലീവ്- ഈ രണ്ട് വാക്കുകളിലാണ് ബ്രിട്ടന്‍ ജനത ഇന്ന് രാഷ്ട്രീയമായി വിഭജിക്കപ്പെട്ടത്.

യൂറോപ്യന്‍ യൂണിയനെ ആശയപരമായും രാഷ്ട്രീയമായും പ്രായോഗികമായും എതിര്‍ക്കുകയും യോജിക്കുകയും ചെയ്യുന്ന രണ്ട് രാഷ്ട്രീയ ധാരകള്‍ ഏറെക്കാലമായി ബ്രിട്ടനിലുണ്ട്. യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണവും ഉടമ്പടികളും ബ്രിട്ടന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും സമ്പദ്‌വ്യവസ്ഥയെയും ഹനിക്കുന്നുവെന്നാണ് വിട്ടുപോകണമെന്ന് ആവശ്യപ്പെടുന്ന ലീവ് പക്ഷക്കാരുടെ വാദം. യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതാവും ബ്രിട്ടന്റെ അഭിവൃദ്ധിക്കും ഭാവിക്കും നല്ലതെന്നാണ് റിമെയ്ന്‍ പക്ഷപാതികളുടെ പക്ഷം.

ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍, യൂകീപ് പാര്‍ട്ടി നേതാവ് നിഗേല്‍ ഫറാഷ് തുടങ്ങിയവരാണ് ലീവ് പക്ഷത്തിന് നേതൃത്വം നല്‍കിയത്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, പ്രതിപക്ഷനേതാവ് ജെറെമി കോര്‍ബെന്‍, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, മുന്‍ പ്രധാനമന്ത്രിമാരായ ടോണി ബ്ലയര്‍, സ്‌കോട്ര്‍ലന്‍ഡ് പ്രധാനമന്ത്രി നിക്കോളാ സ്റ്റര്‍ജിയോണ്‍ തുടങ്ങിയവരായിരുന്നു റിമെയ്ന്‍ പക്ഷക്കാര്‍.

രണ്ടാം ലോകമഹായുദ്ധകാലത്ത് തീവ്രദേശീയത തകര്‍ത്തെറിഞ്ഞ യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ അനുഭവപാഠങ്ങളില്‍ നിന്നാണ് രാജ്യാതിര്‍ത്തികള്‍ക്കപ്പുറമുള്ള യൂറോപ്പിന്റെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയന്‍ രൂപം കൊണ്ടത്. യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടന്‍ വിധിയെഴുതിയതോടെ അത് യൂറോപ്പിന്റെയും ലോകത്തിന്റേയും രാഷ്ട്രീയ സാമ്പത്തിക സമവാക്യങ്ങളെ മാറ്റിവരയ്ക്കുന്ന പുതുചരിത്രമായി.

 

click me!