Latest Videos

കൃത്രിമ മഴ പരീക്ഷണത്തിന് തടസ്സമില്ലെന്ന് കേന്ദ്രം; കേരളത്തിന് സഹായം നല്‍കും

By Web DeskFirst Published May 23, 2017, 11:24 AM IST
Highlights

ദില്ലി: കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യതയെ കുറിച്ച് പരീക്ഷണം നടത്താന്‍ കേരളത്തിന് തടസ്സമില്ലെന്ന് കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കി. പദ്ധതിയില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് എതിര്‍പ്പുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മന്ത്രാലയം തള്ളി. 

വരള്‍ച്ചയും കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോള്‍ കൃത്രിമ മഴ പെയ്യിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ എതിര്‍പ്പുകളെ തുടര്‍ന്ന് ആ പദ്ധതി ഇടയ്ക്കുവെച്ച് നിര്‍ത്തി. ഇക്കാര്യത്തിലാണ് ഇപ്പോള്‍ കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രാലയം വ്യക്തത വരുത്തിയത്. കേരളത്തിന്റെ കൃത്രിമ മഴ പരീക്ഷണത്തിന് യാതൊരു തടസ്സവും ഇല്ലെന്നും സംസ്ഥാനത്തിന് ആവശ്യമായ സാങ്കേതിക സഹായം കേന്ദ്രം നല്‍കുമെന്നും ശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തിലെ എയര്‍ത്ത് സയന്‍സ് വിഭാഗം സെക്രട്ടറി ഡോ.എം.രാജീവന്‍ അറിയിച്ചു.

ഗള്‍ഫ് നാടുകളില്‍ നിലവില്‍ കൃത്രിമ മഴ പെയ്യിച്ചുകൂടിയാണ് അവിടുത്തെ ജലക്ഷാമം പരിഹരിക്കുന്നത്. ഈ രീതി ഇന്ത്യയില്‍ പ്രായോഗികമാണോ എന്നത് പരിശോധിച്ചുവരികയാണെന്നും ശാസ്‌ത്ര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കി. കൃത്രിമ മഴ പെയ്യിക്കുന്നത് സംബന്ധിച്ച പരീക്ഷണം അടുത്ത മൂന്നു വര്‍ഷക്കാലം നടത്തും. 200 കേന്ദ്രങ്ങളിലാകും പരീക്ഷണം. അതിന് ശേഷം ഇത് സാമ്പത്തികമായി ഗുണം ചെയ്യുമോ എന്ന് പരിശോധിക്കുമെന്നും അതിന്റെ വിവരങ്ങള്‍ സംസ്ഥാനങ്ങളെ അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

click me!