കൂടുതൽ സൈന്യത്തെ അയയ്ക്കാന്‍ കേന്ദ്രസർക്കാർ തീരുമാനം

By Web TeamFirst Published Aug 16, 2018, 4:12 PM IST
Highlights

കേരളത്തിലെ പ്രളയത്തെ നേരിടാൻ കൂടുതൽ സൈനികരെ അയയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനം.  ക്യാബിനറ്റ് സെക്രട്ടറി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് കേരളത്തിന്റെ സ്ഥിതി വിലയിരുത്താൻ പ്രത്യേക യോഗം ചേർന്നത്. 

ദില്ലി: കേരളത്തിലെ പ്രളയത്തെ നേരിടാൻ കൂടുതൽ സൈനികരെ അയയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനം.  ക്യാബിനറ്റ് സെക്രട്ടറി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് കേരളത്തിന്റെ സ്ഥിതി വിലയിരുത്താൻ പ്രത്യേക യോഗം ചേർന്നത്. കേന്ദ്രആഭ്യന്തര മന്ത്രാലയം, പ്രതിരോധമന്ത്രാലയം, ദുരന്തനിവാരണ അതോറിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.  

കൂടുതൽ സൈന്യത്തെ അയയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. നിലവിൽ നാവിക സേനയുടെയും എൻഡിആ‌ർഎഫിന്റെയും വ്യോമസേനയുടെയും കരസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും വിവിധ ടീമുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ന് തന്നെ എൻഡിആർഎഫിന്റെ 12 ടീമുകൾ കൂടി കേരളത്തിലെത്തും. ദില്ലി അഹമ്മദാബാദ് എന്നിവിടങ്ങിൽ നിന്നാകും ഇവരെത്തുക. നാളെ പത്ത് സംഘത്തെക്കൂടി അയയ്ക്കാൻ ആലോചിക്കുന്നുണ്ട്. വ്യോമസേനയുടെ കൂടുതൽ ഹെലികോപ്റ്ററുകളും കേരളത്തിലേക്ക് അയയ്ക്കും.

ദുരന്തനിവാരണ സേനയുടെ ദക്ഷിണമേഖലാ ഡിഐജിയെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചുമതലപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. സ്ഥിതി ഗുരുതരമെന്നാണ് കേരളം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തനം ഏകോപിപ്പിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെയും കേന്ദ്രസർക്കാർ നിയോഗിച്ചിട്ടുണ്ട്.
 

click me!