കടമക്കുടി നിലം നികത്തല്‍ ഉത്തരവിന് പ്രത്യേക താല്‍പര്യമെടുത്തതും മുഖ്യമന്ത്രി

By gopala krishananFirst Published Apr 19, 2016, 6:46 AM IST
Highlights

തിരുവനന്തപുരം: വിവാദമായ കടമക്കുടി നിലം നികത്തല്‍ ഉത്തരവിന് പ്രത്യേക താല്‍പര്യമെടുത്തതും മുഖ്യമന്ത്രി. ഇതു വ്യക്തമാക്കുന്ന രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി . വിവാദമായ മെത്രാന്‍ കായല്‍ നികത്തല്‍ ഉത്തരവിന് മുന്‍കൈയെടുത്തത് മുഖ്യമന്ത്രിയും അന്നത്തെ ചീഫ് സെക്രട്ടറിയായ ജിജി തോംസണുമെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തായതിന് പിന്നാലെയാണിത്.
 
കടമക്കുടിയില്‍ 47 ഏക്കര്‍ നിലം നികത്തി മെഡിസിറ്റി ടൂറിസം പദ്ധതി സ്ഥാപിക്കാനായിരുന്നു നിര്‍ദേശം.എന്നാല്‍ പദ്ധതി പൊതുകാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനതല സമിതി നിലം നികത്തല്‍ ആവശ്യം ആദ്യം തള്ളി.  പദ്ധതി നടത്തിപ്പുകാര്‍ മുഖ്യമന്ത്രിയെ സമീപിച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണത്തിലെ ഇളവിനായ പൊതുപദ്ധതിയായി കണക്കാക്കണമെന്നായിരുന്നു ആവശ്യം. കഴിഞ്ഞ വര്‍ഷം ജൂണില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചു .  എന്നാല്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പാണ് വിവാദ പദ്ധതിക്ക് തീരുമാനമെടുക്കാനുള്ള പ്രത്യേക താല്‍പര്യം വീണ്ടും സജീവമായത്. ഉടനടി ഫയല്‍ മന്ത്രിസഭാ യോഗത്തിന് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. തൊട്ടടുത്ത മന്ത്രിസഭാ യോഗത്തില്‍ ഫയല്‍ എത്തിക്കാനാവശ്യപ്പെട്ട് ഫെബ്രുവരി 16 ന്  ചീഫ് സെക്രട്ടറി കൃഷി വകുപ്പിന് കുറിപ്പെഴുതി.

ഫെബ്രുവരി 25 ലെ മന്ത്രിസഭാ യോഗം പദ്ധതി പൊതുകാര്യമായി കണക്കാക്കാന്‍ തീരുമാനിച്ചു.നിലം നികത്തി ആശുപത്രി കെട്ടാന്‍ അനുമതിയും നല്‍കി. വിവാദമായ നിലം നികത്തല്‍ ഉത്തരവുകള്‍ക്ക് പിന്നിലെ പിന്നാമ്പുറക്കഥകളാണ് രേഖകള്‍ പറയുന്നത്. മെത്രാന്‍ കായല്‍ നികത്താനുള്ള റിസോര്‍ട്ട് കെട്ടാനുള്ള പദ്ധതി റവന്യൂവകുപ്പ് നിരസിച്ചിരുന്നു.നെല്‍വയല്‍ സംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന ചൂണ്ടിക്കാട്ടിയാണിത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ ഫെബ്രുവരി 19 ന് യോഗം ചേര്‍ന്നു.ആഭ്യന്തരമന്ത്രി, റവന്യൂമന്ത്രി ,ചീഫ് സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.

തത്വത്തില്‍ അനുമതി ആവശ്യം യോഗത്തിലുണ്ടായി.എന്നാല്‍ ഇപ്പോഴത്തെ നിലയില്‍ റവന്യുവകുപ്പിന് അനുമതി നല്‍കാനാവില്ലെന്ന് അഭിപ്രായമുയര്‍ന്നു. ചീഫ് സെക്രട്ടറി വഴി ഫയല്‍ തനിക്ക് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. തത്വത്തില്‍ അനുമതി നല്‍കാമെന്ന ചീഫ് സെക്രട്ടറിയുടെ ഫയലില്‍ എഴുതി. മുഖ്യമന്ത്രി ഇത് ശരിവച്ചു. ഫെബ്രുവരി 25ലെ തന്നെ മന്ത്രിസഭാ തീരുമാനം മെത്രാന്‍ കായല്‍ നികത്തലിന് വഴിയൊരുക്കുന്ന വിവാദ തീരുമാനമെടുത്തു.

 

click me!