കോളേജുകളും സര്‍ക്കാറും രണ്ട് തട്ടില്‍; സ്വാശ്രയ മെഡിക്കല്‍ പി.ജി പ്രവേശനം അനിശ്ചിതത്വത്തില്‍

By Web DeskFirst Published May 16, 2017, 9:28 AM IST
Highlights

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പി.ജി പ്രവേശനം അനിശ്ചിതത്വത്തിൽ. അപേക്ഷ നൽകാനുള്ള അവസാന ദിവസം നാളെയായിരിക്കെ 150 ലേറെ സീറ്റുകളിലാണ് പ്രശ്നം. കോളേജുകൾ വിവരങ്ങൾ കൈമാറുന്നില്ലെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ പറയുമ്പോൾ സർക്കാറിന്റെ അനാസ്ഥയാണ് കാരണമെന്നാണ് മാനേജ്മെന്റുകളുടെ വിശദീകരണം. അതിനിടെ പി.ജി ഫീസ് കൂട്ടിയതിനെതിരായ കെ.എസ്.യുവിന്റെ നിയമസഭാ മാർച്ചിൽ സംഘർഷമുണ്ടായി.

മെഡിക്കൽ പിജി ഫീസ് കുത്തനെ കൂട്ടിയതിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സ്വാശ്ര മെഡിക്കൽ പ്രവേശനം അനിശ്ചിതത്വത്തിലായത്. രണ്ടാം ഘട്ട പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാനദിവസം നാളെയാണ്. സർക്കാർ കോളേജുകളിലും ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിലെ കോളേജുകളിലും മാത്രമാണ് പ്രവേശന നടപടി തുടങ്ങിയത്. എം.ഇ.എസ് അടക്കമുള്ള ബാക്കി സ്വാശ്രയ കോളേജുകളിലാണ് തർക്കം. സാമുദായിക ക്വാട്ട തിരിച്ചുള്ള സീറ്റുകളുടെ വിവരം മാനേജ്മെന്റുകൾ നൽകിയില്ലെന്നാണ് പ്രവേശനപരീക്ഷാ കമ്മീഷണറുടെ വിശദീകരണം. എന്നാൽ മാനേജ്മെന്റുകൾ ഇത് തള്ളുന്നു

14 ലക്ഷം ഫീസ് നിശ്ചയിച്ചതിലും മാനേജ്മെന്റുകൾക്ക് അതൃപ്തിയുണ്ട്. മാനേജ്മെന്റുൾ സഹകരിക്കുന്നില്ലെങ്കിൽ സ്വന്തം നിലക്ക് മുൻവർഷത്തെ സാമുദായിക ക്വാട്ട പരിശോധിച്ച് സ്വാശ്രയ കോളേജുകളിലേക്ക് സർക്കാർ നേരിട്ട് പ്രവേശന നടപടി തുടങ്ങാൻ സാധ്യതയുണ്ട്. ഈ മാസം 31 നുള്ളിൽ പി.ജി പ്രവേശന നടപടികൾ അവസാനിപ്പിക്കാനാണ് സുപ്രീം കോടതി നിർദ്ദേശം. അതിനിടെ പി.ജി ഫീസ് കൂട്ടിയതിനെതിരായ കെ.എസ്.യു നിയമസഭാ മാർച്ചിൽ സംഘർഷമുണ്ടായി. സംസ്ഥാന പ്രസിഡണ്ട് അഭിജിത്ത്, കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ കെ.ഇ ബൈജു എന്നിവരടക്കമുള്ളവർക്ക് പരിക്കേറ്റു.

click me!