'ധന വ്യവസായ' ബാങ്കേഴ്സ് തട്ടിപ്പ്; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

By Web TeamFirst Published Jan 14, 2023, 7:13 PM IST
Highlights

തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലുള്ള ധന വ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി. പാണഞ്ചേരിക്കെതിരെ 80 പേരാണ് പരാതി നൽകിയത്.

തൃശൂർ: തൃശൂർ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. അന്വേഷണ ചുമതല തൃശൂർ സിറ്റി സി- ബ്രാഞ്ച് അസി.കമ്മീഷണർ കെ എ തോമസിനെ ചുമതലപ്പെടുത്തി തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ ഉത്തരവ് പുറപ്പെടുവിച്ചു. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിൽ പ്രവർത്തിച്ചിരുന്ന ധനവ്യവസായ ബാങ്കേഴ്സ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപന ഉടമകൾ നടത്തിയ തട്ടിപ്പ് കേസ് ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലായിരുന്നു രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നത്.

തൃശൂരിൽ നിക്ഷേപ തട്ടിപ്പുകൾ വ്യാപകമാകുകയാണ്. ഒരു മാസത്തിനിടെ മൂന്നാമത്തെ ധനകാര്യ സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നത്. തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലുള്ള ധന വ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി. പാണഞ്ചേരിക്കെതിരെ 80 പേരാണ് പരാതി നൽകിയത്. 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടും ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയില്ലെന്ന് നിക്ഷേപകര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പത്ത് ലക്ഷം, 25 ലക്ഷം, 40 ലക്ഷം, 47 ലക്ഷം തുടങ്ങി വൻ തുകയാണ് ഓരോരുത്തരും ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്. 15 ശതമാനം പലിശ തരാമെന്നാണ് ബാങ്ക് പറഞ്ഞതെന്ന് റിസീപ്റ്റിലടക്കം വ്യക്തമാണെന്നും നിക്ഷേപകർ പറയുന്നു. ആറ് മാസത്തിന് വേണ്ടി നിക്ഷേപിച്ചവരാണ് പലരും. 

ധനകാര്യ സ്ഥാപനമായ ധനവ്യവസായയിൽ പണം നിക്ഷേപിച്ച മുന്നൂറിലേറെപ്പേരാണ് കബളിപ്പിക്കപ്പെട്ടത്. നൂറു കോടിയിലേറെ നിക്ഷേപവുമായി ദമ്പതികൾ മുങ്ങിയെന്നാണ് പരാതി. ഒരു ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെയാണ് പലർക്കും കിട്ടാനുള്ളത്. ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ കൂട്ടപ്പരാതിയാണ് എത്തിയിരിക്കുന്നത്. 100 ലേറെ പേർ പരാതിയുമായെത്തി. തൃശൂർ വടൂക്കര സ്വദേശിയായ പി ഡി ജോയിയാണ് സ്ഥാപനത്തിന്റെ ഉടമ. ഭാര്യയും മക്കളും ഡയറക്ടർമാരാണ്. നിക്ഷേപകര്‍ കൂട്ടത്തോടെ പരാതിയുമായെത്തിയതിന് പിന്നാലെ ജോയിയും കുടുംബവും മുങ്ങി. ജോയിയും ഭാര്യ റാണിയുമാണ് പ്രതികൾ. അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉടമയുടെ വസതിക്കു മുമ്പിലും നിക്ഷേപകരുടെ നിരയുണ്ട്.

click me!