ഇസ്രയേല്‍-പാലസ്തീന്‍ സമാധാന കരാര്‍ യാഥാര്‍ത്ഥ്യമാകണമെന്ന് ട്രംപ്

By Web DeskFirst Published May 22, 2017, 7:01 PM IST
Highlights

ഇസ്രയേല്‍- പാലസ്തീന്‍ സമാധാന കരാര്‍ എന്ന വലിയ ലക്ഷ്യം യാഥാര്‍ത്ഥ്യമാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഇസ്രയേലിലെത്തി. അതിനിടെ മറ്റൊരു സെപ്തംബര്‍ 11 ആവര്‍ത്തിക്കാതിരിക്കാന്‍ അമേരിക്ക സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തി.
 
രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഡൊണാള്‍ഡ് ട്രംപ് ഇസ്രയേലിലെത്തിയത്. വിമാനത്താവളത്തില്‍ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിനെ സ്വീകരിച്ചു. ഇസ്രായേലും പലസ്തീനും എത്രയും വേഗം സമാധാന കരാറുണ്ടാക്കണം. എന്നാല്‍ കരാര്‍ എങ്ങനെയായിരിക്കണമെന്ന് ഇരു രാജ്യങ്ങളും തീരുമാനിക്കണമെന്ന് ട്രംപ് പറഞ്ഞു.
 
പലസ്തീന്‍  പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജെറുസലേമിലെ വിശുദ്ധ കേന്ദ്രങ്ങള്‍ ട്രംപ് സന്ദര്‍ശിക്കും.
പശ്ചിമേഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ട്രംപ് വത്തിക്കാനിലേക്ക് പോകും. അതിനിടെ സൗദി ഉച്ചക്കോടിക്കിടെ വിമര്‍ശനം ഉന്നയിച്ച ട്രംപിന് ഇറാന്‍ മറുപടി നല്‍കി. സിറിയന്‍ സൈന്യത്തിന് ആയുധങ്ങള്‍ നല്‍കുന്നത് ഇറാനാണെന്നായിരുന്നു ട്രംപിന്റെ ആരോപണം. 

സിറിയയിലെ പ്രശ്‌നങ്ങള്‍ക്കും പിന്നില് ഇറാനാണെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 11 വേള്‍ഡ് ട്രേഡ് ആക്രമണം അമേരിക്ക മറക്കണ്ട, ആക്രമണത്തിന് പിന്നില്‍ സൗദി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചായിരുന്നു ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് സരിഫ് ഖൊന്‍സാരിയുടെ മറുപടി. 

click me!