Latest Videos

ദില്ലിയില്‍ ബ്രിട്ടിഷ് ഭരണകാലം ആഘോഷിച്ച് ഹിന്ദുസേന; ഒന്നാം സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് വിചിത്രവാദം

By Web TeamFirst Published Jan 22, 2019, 8:43 PM IST
Highlights

ഇസ്ലാമിക് തീവ്രവാദികളില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും ഇന്ത്യയെ ബ്രിട്ടിഷുകാര്‍ മോചിപ്പിച്ചത് 1857 ലായിരുന്നുവെന്നാണ് ഹിന്ദു സേനയുടെ പക്ഷം. സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന പോരാട്ടം എന്ന നിലയിലല്ല മറിച്ച് ഇന്ത്യയില്‍ ബ്രിട്ടിഷ് ആധിപത്യം ഊട്ടിയുറപ്പിച്ചു എന്ന നിലയിലാകണം 1857 നെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് അടയാളപ്പെടുത്തേണ്ടതെന്നും അവര്‍ പറഞ്ഞുവച്ചു

ദില്ലി: ഇന്ത്യന്‍ അധിനിവേശ കാലത്ത് ബ്രിട്ടിഷ് രാജ്ഞിയായിരുന്ന വിക്ടോറിയയുടെ ചരമ വാര്‍ഷികമാണ് ഹിന്ദു സേന ആഘോഷിച്ചത്. ഇന്ത്യയെ മുസ്ലിം ഭരണത്തില്‍ നിന്ന് രക്ഷിച്ചത് ബ്രിട്ടിഷുകാരാണെന്ന് പറഞ്ഞാണ് അക്കാലത്തെ രാജ്ഞിയുടെ ചരമവാര്‍ഷികം ഹിന്ദു സേന ഏറ്റെടുത്തത്. വിക്ടോറിയയുടെ 118 ാം ചരമ വാര്‍ഷികം ദില്ലിയില്‍ വിപുലമായ രീതിയിലാണ് ഇവര്‍ ആഘോഷിച്ചത്.

രണ്ട് നൂറ്റാണ്ടോളം ഇന്ത്യക്ക് മേല്‍ അധീശത്വം പുലര്‍ത്തിയ ബ്രിട്ടിഷ് ഭരണത്തെ മഹത്വവല്‍ക്കരിക്കുകയായിരുന്നു ഇവര്‍. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെപോലും അവഹേളിക്കുന്ന നിലയുണ്ടായി. ഇസ്ലാമിക് തീവ്രവാദികളില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും ഇന്ത്യയെ ബ്രിട്ടിഷുകാര്‍ മോചിപ്പിച്ചത് 1857 ലായിരുന്നുവെന്നാണ് ഹിന്ദു സേനയുടെ പക്ഷം. സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന പോരാട്ടം എന്ന നിലയിലല്ല മറിച്ച് ഇന്ത്യയില്‍ ബ്രിട്ടിഷ് ആധിപത്യം ഊട്ടിയുറപ്പിച്ചു എന്ന നിലയിലാകണം 1857 നെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് അടയാളപ്പെടുത്തേണ്ടതെന്നും അവര്‍ പറഞ്ഞുവച്ചു.

മുസ്ലീം ഭരണത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിച്ചതാണ് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് പരിപാടി സംഘടിപ്പിച്ച ഹിന്ദു സേനയുടെ പ്രസിഡന്‍റ് വിഷ്ണു ഗുപത വ്യക്തമാക്കി. ബഹൂദൂര്‍ഷ സഫറിന്‍റെ ഭരണത്തിന് അന്ത്യം കുറിച്ചത് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരമായിരുന്നുവെന്നും വിഷ്ണു ഗുപ്ത ചൂണ്ടികാട്ടി. 1860 കളിലാണ് എല്ലാ ഇന്ത്യാക്കാര്‍ക്കും തുല്യ അവകാശം നല്‍കുന്ന നിയമം കൊണ്ടുവന്നത് ബ്രിട്ടിഷ് ഭരണകാലത്തെ വാഴ്ത്താന്‍ അത്തരത്തില്‍ ഒട്ടേറെ കാര്യങ്ങളുണ്ടെന്നും ഗുപ്ത പറഞ്ഞു.

ജാലിയന്‍ വാലാബാഗ് പോലുള്ള സംഭവങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ബ്രിട്ടിഷ് ഭരണകാലം മികച്ചതായിരുന്നു. ബ്രിട്ടിഷ് കാലം അടിമത്വത്തിന്‍റേതായിരുന്നുവെന്ന് എങ്ങനെ പറയാനാകുമെന്നും ഹിന്ദുസേന നേതാവ് ചോദിച്ചു. നാട്ടു രാജ്യങ്ങളായി വിഭജിച്ച് കിടന്നിരുന്ന ഇന്ത്യയെ ഒരു കുടക്കീഴില്‍ ഒറ്റ നിയമത്തിന്‍ കീഴില്‍ കൊണ്ടുവന്നത് വിക്ടോറിയ രാജ്ഞിയാണെന്നും അതുകൊണ്ടാണ് അവരുടെ ചരമ വാര്‍ഷികം ആഘോഷിച്ചതെന്നും നേതാക്കള്‍ വ്യക്തമാക്കി.

click me!