ഇന്ത്യന്‍ യുവതയ്ക്ക് അഭിമാനമായി ഇവര്‍ പറക്കും 'മഹി'യ്ക്കൊപ്പം

First Published Jul 27, 2018, 2:30 PM IST
Highlights
  • 90 ദിവസം നീണ്ട ആകാശ യാത്രയ്ക്ക് തയ്യാറെടുത്ത് ഇന്ത്യന്‍ യുവതികള്‍

ദില്ലി: കാലാവസ്ഥ അനുകൂലമെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കുഞ്ഞു വിമാനത്തില്‍ രണ്ട് ഇന്ത്യന്‍ യുവതികള്‍ മറ്റൊരു ഇന്ത്യന്‍ സ്ത്രീയും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെയുള്ള യാത്ര ആരംഭിക്കും. 90 ദിവസം കൊണ്ട് ലോകം ചുറ്റിക്കറങ്ങുക എന്ന  ദൗത്യത്തിലേക്കാണ് അവര്‍ തയ്യാറെടുക്കുന്നത്. മഹി എന്നാണ് അരോഹി പണ്ടിറ്റും കെയ്തര്‍ മിസ്ക്വിറ്റയും ലോകം ചുറ്റാന്‍ അവര്‍ തെരഞ്ഞെടുത്തിരിക്കുന്ന കുഞ്ഞന്‍ വിമാനത്തിന് നല്‍കിയിരിക്കുന്ന പേര്. 

കഴിഞ്ഞ നാല് വര്‍ഷമായി സുഹൃത്തുക്കളാണ് അരോഹിയും കെയ്തറും. ബോംബെ ഫ്ലൈയിംഗ് ക്ലബ്ബില്‍ ഒരുമിച്ചായിരുന്നു പരിശീലനം. അന്ന് മുതല്‍ ഒപ്പമാണ് ഇരുവരും. സാഹസിക യാത്രയെ കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ തങ്ങള്‍ യോജിച്ച് നീങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. പകരം മറ്റാരെ കുറിച്ചും തങ്ങള്‍ക്ക് ചിന്തിക്കാനാകുമായിരുന്നില്ലെന്നും അരോഹി പറഞ്ഞു. 

മണിക്കൂറില്‍ 215 കിലോമീറ്റര്‍ വേഗമുള്ള മാരുതി ബലേനോയുടെയും ക്രൂയിസെസിന്‍റെയും പവറിന് തുല്യമാണ് മഹി. അതൊരു ഒറ്റ എഞ്ചിന്‍ മാത്രമുള്ള ഭാരം കുറഞ്ഞ സ്ലോവേനിയന്‍ നിര്‍മ്മിത വിമാനമാണ്. എന്നാല്‍ തുടര്‍ച്ചയായി നാല് മണിക്കൂറില്‍ കൂടുതല്‍ പറക്കാനാകില്ല. അതിനാല്‍ തന്നെ ദിവസവും നിരവധി തവണ നിലത്തിറക്കണം. ഇത് യാത്രയില്‍ ഉടനീളം ക്രമപ്പെടുത്തിയിട്ടുണ്ട്. 

ബാലിസ്റ്റിക് പാരച്യൂട്ട് സുരക്ഷയും വിമാനത്തിലുണ്ട്. യാത്രയില്‍ പ്രതികൂല സാഹചര്യമുണ്ടായാല്‍ അരോഹിയ്ക്കും കെയ്തറിനും പാരച്യൂട്ട് ഉപയോഗിച്ച് വിമാനം സുരക്ഷിതമായി നിലത്ത് ഇറക്കാം. മറ്റ് വിമാനങ്ങളില്‍നിന്ന് വ്യത്യസ്തമായി മഹിയ്ക്കായി ആദ്യം ചിന്തിക്കേണ്ടത് കാലാവസ്ഥയെ കുറിച്ചാണ്. കാലാവസ്ഥ അനുകൂലമല്ലെങ്കില്‍ വിമാനം പറത്തുന്നത് ആലോചിക്കുക പോലുമാകില്ലെന്നും ഇരുവരും പറയുന്നു. 

എല്ലാം ആനുകൂലമായാല്‍ 90 ദിവസത്തിനുള്ളില്‍ 40000 കിലോമീറ്ററുകള്‍ താണ്ടി മൂന്ന് വന്‍കരകളിലായി 23 രാജ്യങ്ങള്‍ ചുറ്റി ഇവര്‍ തിരിച്ചെത്തും. ഇവര്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ പഞ്ചാബിലെ പട്യാലയില്‍നിന്ന്  അഹമ്മദാബാദിലേക്ക് പറക്കാന്‍ കാലാവസ്ഥ അനുകൂലമാകാന്‍ കാത്തിരിക്കുകയാണ് ഇവര്‍. പിന്നീട് പാക്കിസ്ഥാന് മുകളിലൂടെ യാത്ര തുടരും.

ഇറാന്‍, തുര്‍ക്കി, സ്ലോവാനിയ, ഓസ്ട്രിയ, തുടങ്ങിയ രാജ്യങ്ങള്‍ പിന്നിട്ടതിനേ ശേഷമായിരിക്കും ഇരുവരും അറ്റ്‍ലാന്‍റിക് സമുദ്രം മറികടന്ന് ഐലാന്‍റും ഗ്രീന്‍ലാന്‍റും താണ്ടുക. പിന്നീട് കാന‍ഡയാണ് ലക്ഷ്യം. ചൈനയും മ്യാന്‍മാറും ചുറ്റി സഞ്ചരിച്ചതിന് ശേഷമായിരിക്കും അവര്‍ ഇന്ത്യയില്‍ തിരിച്ചെത്തുക. നെക്സസ് ഫ്ലൈറ്റ് ഓപ്പറേഷന്‍സാണ് ഈ സാഹസിക പറക്കലിന് അരോണിയ്ക്കും കെയ്തറിനും എല്ലാ പിന്തുണയും നല്‍കുന്നത്. സാങ്കേതിക സഹായവും ഓരോ നാല് മണിക്കൂര്‍ ഇടവിട്ടുള്ള ലാന്‍റിംഗിനുള്ള അനുമതിയും ശരിയാക്കി നല്‍കിയത് ഇവരാണ്. 

കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മനേകാ ഗാന്ധിയുടെ പൂര്‍ണ്ണ പിന്തുണയും ഇരുവര്‍ക്കുമുണ്ട്. ഇന്ത്യയിലെ വനിതാ മുന്നേറ്റത്തിന്‍റെ ഉദാഹരണമാണ് സ്വന്തം നിലയില്‍ ഉയര്‍ന്നുവന്ന അരോഹിയും കെയ്തറുമെന്ന് മനേകാ ഗാന്ധി പറഞ്ഞു. ഇന്ത്യന്‍ എയര്‍ഫോഴ്സിലെ മുന്‍ പൈലറ്റ് ക്യാപ്റ്റന്‍ രാഹുല്‍ മോങ്കയാണ് ഇവരുടെ എല്ലാ സുരക്ഷാ കാര്യങ്ങളും ശ്രദ്ധിക്കുന്നത്. 

 

 

 

click me!