വീട്ടമ്മയെ പീഡിപ്പിച്ച പരാതിയിൽ ഫാ.എബ്രഹാം വര്‍ഗീസിനെ റിമാന്‍ഡ് ചെയ്തു

By Web TeamFirst Published Aug 13, 2018, 3:44 PM IST
Highlights

ഫാ.എബ്രഹാം വ‍ർഗീസിനെ പത്തനംതിട്ട ജില്ലാ ജയിലിലേക്ക് മാറ്റും. വ്യാഴാഴ്ച പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകുമെന്നാണ് സൂചന.
 

തിരുവല്ല: വീട്ടമ്മയെ പീഡിപ്പിച്ച പരാതിയിൽ കീഴടങ്ങിയ ഓര്‍ത്തഡോക്സ് വൈദികനായ ഫാ.എബ്രഹാം വര്‍ഗീസിനെ 10 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഫാ.എബ്രഹാം വ‍ർഗീസിനെ പത്തനംതിട്ട ജില്ലാ ജയിലിലേക്ക് മാറ്റും. വ്യാഴാഴ്ച പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകുമെന്നാണ് സൂചന.

ഇന്ന് രാവിലെയാണ് യുവതിയെ ബലാൽസംഗം ചെയ്ത കേസിൽ രണ്ട് ഓർത്തഡോക്സ് സഭാ വൈദികർ കൂടി കീഴടങ്ങിയത്. രാവിലെ പത്തേ ഇരുപതിന് നാലാം പ്രതി ജെയ്സ് കെ ജോർജ് ഓട്ടോറിക്ഷയിൽ കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി അന്വേഷണ ഉദ്യോഗസ്ഥൻ ജോസി ചെറിയാന് മുന്നിലാണ് കീഴടങ്ങിയത്. യുവതിയുടെ സഹപാഠിയായ ജെയ്സ് കൗൺസിലിംഗ് നടത്താനെന്ന പേരിൽ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. 

ദില്ലി ഭദ്രാസനത്തിലെ വൈദികനാണ് ജെയ്സ്. ഒന്നാം പ്രതി എബ്രഹാം വർഗീസ് മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിലാണ് കീഴടങ്ങിയത്. യുവതിയുടെ അയൽവാസിയും ബന്ധുവുമായ എബ്രഹാം വർഗീസ് യുവതിയുടെ പതിനാറാം വയസു മുതൽ ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. 

ബന്ധം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി വിവാഹ ശേഷവും ബലാൽസംഗം തുടർന്നു. നാഞ്ഞൂറിലേറെ തവണ ബന്ധപ്പെട്ടുവെന്നാണ് യുവതി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് പ്രതികൾ കീഴടങ്ങിയത്. കേസിലെ രണ്ടാം പ്രതി ജോബ് മാത്യുവും മൂന്നാം പ്രതി ജോൺസൻ വി മാത്യുവും ജാമ്യത്തിലാണ്. 
 

click me!