സൈബര്‍ ഗുണ്ടകള്‍ മലയാള ഭാഷയെ വ്യഭിചരിക്കുന്നുവെന്ന് എംസി ജോസഫൈന്‍

By Web TeamFirst Published Jul 28, 2018, 12:36 PM IST
Highlights

''ആര്‍ക്കും തെരുവില്‍ പ്രസംഗിക്കാം, എഴുതാം, എന്നാല്‍ സ്ത്രീകളോട് മാന്യത കാണിക്കണം''

കൊച്ചി: സ്ത്രീകള്‍ നേരിടുന്ന സൈബര്‍ ആക്രമണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. സൈബര്‍ ഗുണ്ടകള്‍ മലയാള ഭാഷയെ വ്യഭിചരിക്കുന്നുവെന്ന് ഹനാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

തമ്മനത്ത് മീന്‍ വിറ്റ് ജീവിതം മുന്നോട്ട് കൊണ്ടുപോകുകയായിരുന്ന പെണ്‍കുട്ടിയെ സിനിമാ പ്രമോഷന്‍റെ ഭാഗമായി നടത്തിയ പ്രചാരണമെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയ ആക്രമിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഹനാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വനിതാ കമ്മീൽഷന്‍റെ എല്ലാവിധ പിന്തുണയും ജോസഫൈന്‍ അറിയിച്ചു. 

സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന സാഹചര്യത്തിലാണ് ഹനാന്‍ അഭിമാനത്തോടെ ജീവിക്കാന്‍ മീന്‍ കച്ചവടവുമായി ഇറങ്ങിയത്. അതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നടപടിയുമായി മുന്നോട്ടുപോകും. ഭൂരിപക്ഷ സമൂഹത്തിന്‍റെയും പിന്തുണ ഹനാനുണ്ടെന്നും അവര്‍ വ്യക്തമാക്കി. 

ഇതാദ്യമായല്ല കേരളത്തിലെ സ്ത്രീകള്‍ സോഷ്യല്‍ മീഡിയ ആക്രമണം നേരിടുന്നത്. ഗുരുവായൂരില്‍ താലിമാല അഴിച്ച് വച്ചതിന്‍റെ പേരിലാണ് പെണ്‍കുട്ടി സൈബര്‍ ആക്രമണം നേരിട്ടത്. പുരുഷ കേന്ദ്രീകൃത സമൂഹമാണ് നമ്മുടേത്. മേധാവിത്ത പരമായ എല്ലാ മാനസിക അവസ്ഥകളും ഇവിടെ നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളെ അടിച്ചമര്‍ത്താന്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ശരിയായ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ളതാണ് സോഷ്യല്‍ മീഡിയ എന്നാല്‍ വിവാദങ്ങള്‍ക്കും സമൂഹത്തിന്‍റെ സ്വൈര്യം കെടുത്തുന്നതിനുമാണ് ഇപ്പോള്‍ ഇത് ഉപയോഗിക്കുന്നത്. 

ഏത് തട്ടില്‍ ജിവിക്കുന്നവരായാലും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ ശക്തമായി നേരിടും. ഇനി ഇതൊരു സമരമാണ്. സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം അഴിച്ചുവിടുന്നവര്‍ മലയാള ഭാഷയെ വ്യഭിചരിക്കുകയാണ്. ചിന്തിക്കാന്‍ പോലുമാകാത്തതാണ് അവരുടെ ഭാഷ. ഹാദിയ കേസുമുതല്‍ താനും ഇത് നേരിടുന്നുണ്ട്. പരിമിതികളെ ചോദ്യം ചെയ്യേണ്ടത് വനിതാകമ്മീഷന്‍ മാത്രമല്ല സമൂഹം കൂടിയാണ്. സമൂഹത്തെ സെന്‍സേഷണലാക്കി അതിലേക്ക്  സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തുന്നത് ശരിയല്ല. സ്ത്രീകള്‍ക്കെതിരായ ഇത്തരം ആക്രമണങ്ങള്‍ മാറ്റം അനിവാര്യമാണെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു. 

ആര്‍ക്കും എഴുതാം, തെരുവില്‍ പ്രസംഗിക്കാം, എന്നാല്‍ സ്ത്രീകളോട് മാന്യത കാണിക്കണം. ആക്രമണങ്ങളില്‍ നടപടികള്‍ ഉണ്ടാകുന്നുണ്ടെന്നും പൊലീസിനെ കൂടി ഉള്‍പ്പെടുത്തി സൈബര്‍ ആക്രമണ വിഷയത്തില്‍ നടപടിയെടുക്കുമെന്നും ജോസഫൈന്‍ ഉറപ്പ് നല്‍കി. 

click me!