ദില്ലിയിലെ വാഹന നിയന്ത്രണം ആദ്യ ദിവസം അന്തരീക്ഷ മലിനീകരണം കുറച്ചില്ലെന്നു കാലാവസ്ഥാ കേന്ദ്രം

By Asianet NewsFirst Published Apr 16, 2016, 6:37 AM IST
Highlights

ദില്ലി: ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണത്തിന്റെ ആദ്യ ദിവസം അന്തരീക്ഷ മലിനീകരണം കുറഞ്ഞില്ലെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അവധി ദിനമായിരുന്നിട്ടു കൂടി ആദ്യ ദിനം 1311 യാത്രക്കാര്‍ നിയമലംഘനത്തിനു പിഴയൊടുക്കി. ദില്ലിയില്‍ വാഹനം നിയന്ത്രണം തുടരുകയാണ്.

ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണത്തിന്റെ ആദ്യ ഘട്ടം വിജയം കണ്ടതിന്റെ പശ്ചാത്തലത്തില്‍ കൊണ്ടു വന്ന രണ്ടാം ഘട്ട നിയന്ത്രണത്തിന്റെ ആദ്യ ദിവസം വടക്ക് കിഴക്കന്‍ കാറ്റാണു വില്ലനായത്. രാമനവമി അവധിയില്‍ വാഹനങ്ങള്‍ തീരെ കുറഞ്ഞിട്ടും മാലിന്യവാഹിനിയായ കാറ്റാണ് അന്തരീക്ഷ മലീനീകരണം കൂട്ടിയതെന്നാണു കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍.

അപകടകാരികളായ പൊടിപദാര്‍ഥങ്ങളായ പിഎം 10ന്റെയും 2.5ന്റെയും അളവു വന്‍ തോതില്‍ വര്‍ദ്ധിച്ചു. എന്നാല്‍ നിയന്ത്രണം ഇല്ലായിരുന്നെങ്കില്‍ മലിനീകരണം ഇതിലും കൂടുമായിരുന്നു എന്നാണ് ഗതാഗത വകുപ്പിന്റെ വിശദീകരണം. ആദ്യ ദിനത്തില്‍ നിയമ ലംഘകരുടെ എണ്ണം കൂടിയതും ദില്ലി സര്‍ക്കാരിനെ ഞെട്ടിച്ചു. ജനുവരി മാസം നടന്ന ഒന്നാം ഘട്ടത്തിലെ ആദ്യ ദിനത്തില്‍ 294 പേര്‍ മാത്രമാണ് നിയമം ലംഘിച്ചതെങ്കില്‍ രണ്ടാം ഘട്ടത്തിലെ ആദ്യ ദിനത്തില്‍ അത് 1311 ആയി വര്‍ദ്ധിച്ചു.

click me!