ഇരുള്‍വഴിയില്‍ അതിജീവനത്തിനായുള്ള പൊന്നപ്പന്‍റെ പാട്ടുകള്‍

By Web DeskFirst Published Mar 17, 2018, 12:22 PM IST
Highlights
  • 22ാമത്തെ വയസിലാണ് പൊന്നപ്പന് കാഴ്ച നഷ്ടപ്പെടുന്നത്
  • 1981 ല്‍ കാഴ്ച നഷ്ടപ്പെട്ട 22 പേരെ ചേര്‍ത്തുള്ള ന്യൂ കേരള ഗായക സംഘത്തിലുള്‍പ്പെട്ടു

കോഴിക്കോട്: നാളെയക്കുറിച്ചുള്ള ആശങ്കകളും നോവുകളും  കലര്‍ന്ന ഈണങ്ങളുമായി പൊന്നപ്പന്‍. ഇരുപത്തിരണ്ടാം വയസിൽ ഇരു കണ്ണുകളുടേയും കാഴ്ച നഷ്ടപ്പെട്ട പൊന്നപ്പന് പാട്ടുകളാണ് ജീവിതോപാധി. കോഴിക്കോട് ഒളവണ്ണ വേട്ടുവേടന്‍ കുന്നിലെ നാല് സെന്‍റില്‍ പഴക്കം കൊണ്ട് മേല്‍ക്കൂരയും ചുമരുകളും തകര്‍ന്ന വീട്ടിലിരുന്ന് 60 പിന്നിട്ട പൊന്നപ്പനും ഭാര്യ ശ്രീമതിയും ജീവിത നോവുകളെ കുറിച്ച് പറയുമ്പോള്‍ സംഗീതം പോലെ അത്ര മധുരിക്കില്ല അത്.

ചെറുപ്പത്തിലെ ചെങ്കണ്ണ് രോഗമാണ് ആലപ്പുഴ സ്വദേശിയായ പൊന്നപ്പന്‍റെ കാഴ്ച നഷ്ടപ്പെടുത്തിയത്. ചികിത്സകളൊന്നും ഫലിക്കാതെ ഇരു കണ്ണുകള്‍ക്കൊപ്പം ജീവിതവും ഇരുട്ടിലായി. കസേര, കുട, മെഴുക് തിരി, ചോക്ക് നിര്‍മ്മാണം ഇവയൊക്കെയായിരുന്നു പൊന്നപ്പന്‍റെ അതിജീവനത്തിന്‍റെ വഴികള്‍. ഫാറൂഖ് കോളെജിനടുത്ത് താമസിച്ച് കൈതൊഴില്‍ പഠിക്കുമ്പോഴാണ് ഒളവണ്ണ സ്വദേശിനി ശ്രീമതിയുമായുളള വിവാഹ ആലോചനയെത്തുന്നത്. വിവാഹത്തോടെ താമസം വേട്ടുവേടന്‍ കുന്നിലേക്ക് മാറി.

1981 ലാണ് ഫാദര്‍ ജോസ് മാണിപ്പാറ പൊന്നപ്പനടക്കം കാഴ്ച നഷ്ടപ്പെട്ട 22 പേരെ ചേര്‍ത്ത് ന്യൂ കേരള ഗായക സംഘം രൂപീകരിക്കുന്നത്. തലശേരിക്കാരന്‍ മൂസ, കൂത്ത്പറമ്പിലെ മുഹമ്മദലി തുടങ്ങിയവരായിരുന്നു സഹയാത്രികര്‍. തെരുവുകളിലും സാംസ്ക്കാരിക സംഘടനാ വേദികളിലും കാര്‍ണിവലുകളിലും പാടി അവര്‍ ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചു. തങ്ങളുടെ സംഗീത യാത്രകളില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍ പൊന്നപ്പനും സൂഹൃത്തുക്കളും അവരെ ആശ്രയിക്കുന്ന കുടുംബങ്ങളും ജീവിച്ചു. എന്നാല്‍ പ്രൊഫഷണല്‍ ഗാനമേള സംഘം അരങ്ങ് വാഴാന്‍ തുടങ്ങിയതോടെ ഇവരുടെ കൊച്ചു ട്രൂപ്പിന് വേദികള്‍ കുറയുകയാണ്. വല്ലപ്പോഴും കിട്ടുന്ന സ്ഥലങ്ങളില്‍ സൗകര്യമൊരുക്കാനും അനുമതിക്കും ബുദ്ധിമുട്ടുകയാണ് ഇവര്‍.

പാട്ടും തങ്ങളെ കവൈിടുകയാണെന്ന് തിരിച്ചറിഞ്ഞതോടെ കൂട്ടത്തിലുള്ളവര്‍ പലരും മറ്റ് വഴികളന്വേഷിച്ചു പോയി. ചിലര്‍ മരണപ്പെട്ടു. പൊന്നപ്പനൊപ്പം ട്രൂപ്പില്‍ ഇപ്പോള്‍ ബാക്കിയായത് മൂസയും മുഹമ്മദലിയും മാത്രം. വല്ലപ്പോഴുമുളള പരിപാടികളിലെ വരുമാനം മാത്രമാണിപ്പോള്‍ പൊന്നപ്പന്റെയും ശ്രീമതിയുടേയും ജീവിതോപാധി. കുന്നിന്‍ മുകളിലെ പഴയ വീട് ചിതലരിച്ച്, മേല്‍കൂര തകര്‍ന്ന് അപകട ഭീഷണിയിലാണ്. സര്‍ക്കാറിന്റെയോ ഗ്രാമ പഞ്ചായത്തിന്റെയോ സഹായം ഇവർക്ക് കിട്ടിയിട്ടില്ല. കിട്ടിയാല്‍ തന്നെ കുന്നിന്‍ മുകളിലെ നടവഴിമാത്രമുളള വീട്ടിലേക്ക് നിര്‍മാണ സാമഗ്രികളെത്തിക്കാന്‍ തന്നെ വലിയ ചിലവ് വരും.

മക്കളില്ലാത്ത ഇവര്‍ക്ക് സംഗീതം കൊണ്ടെത്ര കാലം പിടിച്ച് നില്‍ക്കാനാവുമെന്ന് ആശങ്കയുണ്ട്. പട്ടണിയില്ലാതെ ജീവിച്ച് പോവണം. തകര്‍ച്ചയിലെത്തിയ വീടൊന്ന് പുതുക്കി പണിയണം.അത്രയേ ഉളളൂ ആഗ്രഹങ്ങള്‍. അതിനാണ് പൊന്നപ്പനിപ്പോഴും പാടുന്നത്. തളര്‍ച്ചയില്ലാത്ത സ്വരങ്ങളിലൂടെ, വിറയില്ലാത്ത വിരലുകളിലൂടെ താളം പിടിച്ച് പൊന്നപ്പന്‍ പാടുന്നു. കൂട്ടായുളത് ശ്രീമതിയുടെ കണ്ണുകളിലെ വെളിച്ചം മാത്രം.
 

click me!