ഖത്തര്‍ പ്രതിസന്ധി; ആരോപണങ്ങളില്‍ വ്യക്തത വരുത്താന്‍ കഴിയാതെ ഉപരോധ രാഷ്‌ട്രങ്ങള്‍

By Web DeskFirst Published Jul 6, 2017, 1:02 AM IST
Highlights

ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം തുടരാന്‍ സൗദി അനുകൂല രാജ്യങ്ങള്‍ തീരുമാനിച്ചു. മറ്റ് കടുത്ത നടപടികളിലേക്ക് ഇപ്പോള്‍ നീങ്ങുന്നില്ലെന്നും തുടര്‍നടപടികള്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും കെയ്റോയില്‍ ചേര്‍ന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം ഉപരോധ രാജ്യങ്ങളിലെ പ്രതിനിധികള്‍ അറിയിച്ചു

കഴിഞ്ഞ മാസം അഞ്ചിന് നാല് അയല്‍ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഒരു മാസം പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ന് കെയ്റോയില്‍ ചേര്‍ന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഉപരോധം നിലവിലെ അവസ്ഥയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചത്. ഉപരോധം പിന്‍വലിക്കാന്‍ സൗദി അനുകൂല രാജ്യങ്ങള്‍ മുന്നോട്ടുവെച്ച പതിമൂന്ന് ഉപാധികള്‍ അംഗീകരിക്കാന്‍ തയാറല്ലെന്ന് ഖത്തര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇന്ന് കെയ്റോയില്‍ യോഗം ചേര്‍ന്നത്. തങ്ങള്‍ പ്രഖ്യാപിച്ച നിബന്ധനകളോട് ഖത്തര്‍ പ്രതികൂലമായി പ്രതിയകരിച്ചത് നടക്കമുളവാക്കിയെന്നും ഖത്തറിനെതിരെയുള്ള  ഉപരോധം തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാണെന്നും യോഗത്തിനു ശേഷം ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചു. അന്താരാഷ്‌ട്ര നിയമങ്ങള്‍ക്ക് അനുസരിച്ചു മാത്രമേ ഖത്തറിന് മേല്‍ തുടര്‍നടപടികള്‍ ഉണ്ടാവൂ എന്നും  സൈനിക നടപടി ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പെട്ടെന്ന് കടക്കാന്‍ ഉദ്ദേശമില്ലെന്നും നാല് രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.  

ലോകത്തെ ഏറ്റവും വലിയ തീവ്രവാദ രാജ്യമായ ഇറാനുമായി ഖത്തര്‍ നടത്തിവരുന്ന ഇടപാടുകള്‍ എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്നും എന്നാല്‍ ഖത്തറില്‍ നിലയുറപ്പിച്ചിട്ടുള്ള തുര്‍ക്കി സൈന്യത്തെ തങ്ങള്‍ കാര്യമാക്കുന്നില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. തുര്‍ക്കി പ്രതിനിധികള്‍ വളരെ മാന്യമായാണ് പ്രശ്നത്തില്‍ ഇടപെടുന്നതെന്നും യോഗം വിലയിരുത്തി.  ഖത്തറിന്റെ തീവ്രവാദ ബന്ധം തെളിയിക്കുന്ന നിരവധി രേഖകള്‍ തങ്ങളുടെ പക്കലുണ്ട്.  സമയമാകുമ്പോള്‍ തെളിവുകള്‍ ലോകത്തിനു മുമ്പില്‍ കൊണ്ടുവരുമെന്നും പ്രതിനിധികള്‍ അവകാശപ്പെട്ടു. നിലവിലെ പ്രതിസന്ധിയോട് ഖത്തര്‍ തുടര്‍ന്നും എങ്ങിനെ പ്രതികരിക്കുമെന്ന് സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം ബഹ്‌റൈനിലെ മനാമയില്‍ വീണ്ടും യോഗം ചേരുമെന്നും പ്രതിനിധികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം ഉപരോധം പ്രഖ്യാപിച്ചു ഒരു മാസം കഴിഞ്ഞിട്ടും ഖത്തറിനെതിരെയുള്ള ആരോപണങ്ങളില്‍ വ്യക്തത വരുത്താന്‍ ഉപരോധ രാഷ്‌ട്രങ്ങള്‍ക്ക് കഴിയാത്തത് വലിയ പോരായ്മയായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടണമെന്ന ആവശ്യത്തിലും കാര്യമായ തീരുമാനമെടുക്കാന്‍ പ്രതിനിധികള്‍ക്ക് കഴിഞ്ഞില്ല. രണ്ടു ദിവസത്തെ അന്ത്യശാസനക്ക് ശേഷം കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും നിലപാടുകളിലെ ആത്മവിശ്വാസമില്ലായ്മ ഉപരോധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ ശരീരഭാഷയില്‍ പ്രകടമായിരുന്നുവെന്നും ലോകമാധ്യമങ്ങള്‍ വിലയിരുത്തുന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന്  ശേഷം വിഷയത്തില്‍ കാര്യമായ പുരോഗതികള്‍ ഉണ്ടാവുമെന്ന് വിലയിരുത്തപ്പെടുന്നു.

click me!