അവസാനം രാകേഷ് പാടി, ശങ്കർ മഹാദേവനൊപ്പം ഒരേ വേദിയിൽ

By Sumam ThomasFirst Published Jul 29, 2018, 12:33 PM IST
Highlights

രാകേഷ് ഉണ്ണി എന്ന നൂറനാട് സ്വദേശി ഒരു സ്വപ്നം സത്യമായതിന്റെ ആ​ഹ്ളാദനിമിഷങ്ങളിലാണ്. തടിപ്പണിക്കിടയിൽ ജോലിയുടെ ആയാസം മാറ്റാൻ വെറുതെ പാടിയ ഒരു പാട്ടാണ് ഇന്ന് രാകേഷിനെ ശങ്കർ മഹാ​ദേവൻ എന്ന ​ഗായകന്റെ തൊട്ടടുത്ത് നിർത്തിയിരിക്കുന്നത്. 

നൂറനാട്:  ഓർമ്മവച്ച കാലം മുതൽ സ്നേഹിച്ച, ആരാധിച്ച ​ഗായകൻ തൊട്ടടുത്ത് നിൽക്കുകയാണ്. അദ്ദേഹത്തിനൊപ്പം നിന്ന് പാടുകയാണ്. ആ നിമിഷങ്ങളെ എങ്ങനെ പറഞ്ഞു തരണമെന്ന് രാകേഷ് ഉണ്ണി എന്ന ചെറുപ്പക്കാരന് അറിയില്ല. രാകേഷ് ഉണ്ണി എന്ന നൂറനാട് സ്വദേശിക്ക് ഒരു സ്വപ്നം സത്യമായതിന്റെ ആഹ്ളാദ നിമിഷങ്ങളാണ്. തടിപ്പണിക്കിടയിൽ ജോലിയുടെ ആയാസം മാറ്റാൻ വെറുതെ പാടിയ ഒരു പാട്ടാണ് ഇന്ന് രാകേഷിനെ ശങ്കർ മഹാ​ദേവൻ എന്ന ​ഗായകന്റെ തൊട്ടടുത്ത് നിർത്തിയിരിക്കുന്നത്. ഇന്നലെ കൊച്ചിയിലെ ഹയാത് ഹോട്ടലിൽ വച്ച് നടന്ന സം​ഗീത പരിപാടിയിലാണ് ശങ്കർ മഹാദേവൻ ഒപ്പം പാടാൻ രാകേഷിനെ വിളിച്ചത്.

''എന്നെ വിളിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. ഇന്നലെ പെട്ടെന്നാണ് കോൾ വന്നത്. മൂന്ന് പാട്ട് പാടി. അതിലൊരെണ്ണം അദ്ദേഹത്തോടൊപ്പമാണ് പാടിയത്.'' രാകേഷ് പറയുന്നു. ജൂലൈ മാസത്തിലെ ആദ്യത്തെ രണ്ടാഴ്ചകളിൽ രാകേഷായിരുന്നു സോഷ്യൽ മീഡിയയിലെ താരം. വിശ്രമവേളയിൽ പാടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പാട്ട് കേട്ട് ആയിരക്കണക്കിന് ആളുകളാണ് ആരാണീ പാട്ടുകാരൻ എന്ന് അന്വേഷിച്ചത്. സം​ഗീത സംവിധായകൻ ​ഗോപീ സുന്ദർ തന്റെ അടുത്ത സിനിമയിൽ ഈ ​ഗായകനുണ്ടാകും എന്ന് ഔദ്യോ​ഗിക പേജിൽ പ്രഖ്യാപിച്ചു. പിന്നീട്  ഈ പാട്ടുകാരനൊപ്പം വർക്ക് ചെയ്യാൻ താത്പര്യമുണ്ടെന്ന് ശങ്കർ മഹാദേവൻ തന്റെ ട്വിറ്ററിൽ കുറിച്ചു. ​ഗായകനായ പന്തളം ബാലൻ തന്റെ പേജിൽ രാകേഷിന്റെ പാട്ടിനെ പരിചയപ്പെടുത്തി. അങ്ങനെ ഒന്നു കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് രാകേഷിന്റെ ജീവിതം മാറിമറിഞ്ഞു. 

കമൽഹാസൻ എഴുതി ശങ്കർ മഹാദേവനും കമലും ചേർന്ന് പാടിയ പാട്ടായിരുന്നു വിശ്വരൂപത്തിലേത്. തന്റെ പാട്ട് പാടിയ കലാകാരനെ നേരിട്ട് കാണാൻ കമൽഹാസൻ ആ​ഗ്രഹം പ്രകടിച്ചു. അങ്ങനെ‌ രാകേഷ് ചെന്നൈയിലെത്തി ഉലകനായകനെ നേരിട്ട് കണ്ട് അദ്ദേഹത്തിന്റെ മുന്നിലിരുന്ന് പാടി. തന്റെ അടുത്ത ചിത്രത്തിൽ പാടാനുള്ള അവസരവും കമൽ വാ​ഗ്ദാനം ചെയ്തു. ശങ്കർ മഹാദേവന്റെ ശബ്ദത്തിൽ പാടുന്ന മലയാളിയെ തമിഴ് മാധ്യമങ്ങളും ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്.

മുരളി അപ്പാടത്തിന്റെ ഒരു തമിഴ്പാട്ടായിരുന്നു ആദ്യം രാകേഷിനെ തേടിയെത്തിയത്. അതിന് ശേഷം കൈനിറയെ പാട്ടുകൾ. ജിനോ കുന്നുംപുറത്തിന്റെ ക്രിസ്ത്യൻ ഭക്തി​ഗാനം പാടാനൊരുങ്ങുകയാണ് രാകേഷ് ഇപ്പോൾ. പ്രസാദ് നൂറനാടിന്റെ ചിലപ്പോൾ പെൺകുട്ടി എന്ന സിനിമയിൽ അജയ് സരി​ഗമയുടെ സം​ഗീത സംവിധാനത്തിൽ ഒരു പാട്ട് പാടി. വൈറൽ 2019 എന്ന സിനിമയിൽ പാടാനും അവസരം ലഭിച്ചതായി രാകേഷ് പറയുന്നു. കമലിന്റെ വിശ്വരൂപം എന്ന സിനിമയിലെ ഉന്നെ കാണാതെ നാൻ ഇല്ലൈ എന്ന പാട്ടാണ് രാകേഷിനെ സോഷ്യൽ മീഡിയയിൽ താരമാക്കിയത്. വിനയം കൈവിടാതെ തന്നെത്തേടിയെത്തുന്ന പാട്ടുകൾക്ക് വേണ്ടി കാത്തിരിക്കുകയാണ് നൂറനാടിന്റെ സ്വന്തം പാട്ടുകാരൻ. 

click me!