ജലപ്രവാഹം ഭയക്കാതെ കുട്ടിയുമായി പാഞ്ഞ ആ രക്ഷാപ്രവര്‍ത്തകന്‍ ഇവിടെയുണ്ട്

By Web TeamFirst Published Aug 11, 2018, 3:39 PM IST
Highlights

ദുരന്തനിവാരണ സംഘത്തിലെ അംഗമായ ബീഹാര്‍ സ്വദേശി കനയ്യകുമാറായിരുന്നു കടുത്ത പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ പെരും മഴയത്ത് ചെറുതോണി പാലത്തിന് മുകളിലൂടെ ഒരു കുടയുടെ തണലില്‍ കുത്തിച്ചെത്തിയ വെള്ളം മുറിച്ച് കടന്നത്. 

ഇടുക്കി: ദുരന്ത നിവാരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടേണ്ടി വരുന്ന രക്ഷാപ്രവര്‍ത്തകര്‍ നേരിടേണ്ടി വരുന്ന സാഹസങ്ങളുടെ നേര്‍ചിത്രമായി ചെറുതോണിയില്‍ നിന്നുള്ള കാഴ്ച.  ഇടുക്കി അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നതോടെ കുതിച്ചെത്തിയ ജലത്തിന് നടുവിലെ പാലത്തിലോടെ ഒരു കുരുന്ന് ജീവനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഓടുന്ന രക്ഷാപ്രവര്‍ത്തകന്റെ ചിത്രവും വീഡിയോയും  വൈറലാകുന്നു. അണക്കെട്ട് തുറക്കുന്നതിന് സാക്ഷികളായ ഏവരും തന്നെ ആ ചിത്രത്തിന് പിന്നിലെ വിവരങ്ങള്‍ തേടി. ദുരന്ത നിവാരണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ആ രക്ഷകന് അഭിനന്ദനവുമായി മന്ത്രി ജീ സുധാകരന്‍ അടക്കമെത്തി. 

ദുരന്തനിവാരണ സംഘത്തിലെ അംഗമായ ബീഹാര്‍ സ്വദേശി കനയ്യകുമാറായിരുന്നു കടുത്ത പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ പെരും മഴയത്ത് ചെറുതോണി പാലത്തിന് മുകളിലൂടെ ഒരു കുടയുടെ തണലില്‍ കുത്തിച്ചെത്തിയ വെള്ളം മുറിച്ച് കടന്നത്. ചിത്രവും വീഡിയോയും വൈറലായതോടെ കനയ്യകുമാറിനെ തേടിയെത്തുന്നത് അഭിനന്ദന പ്രവാഹമാണ്. 

പാലം വെള്ളത്തിൽ മുങ്ങിത്തുടങ്ങിയ അവസ്ഥയിലായിരുന്നു കനയ്യകുമാര്‍ സ്വജീവന്‍ അവഗണിച്ച് കുഞ്ഞിനെയുമെടുത്ത് മറുകരയിലെത്തിയത്. കുഞ്ഞിനെ എങ്ങനെയെങ്കിലും  ആശുപത്രിയിലെത്തിക്കണമെന്ന വയർലെസ് സന്ദേശം ലഭിച്ച ഉടൻ കനയ്യകുമാർ ആ സാഹസം ഏറ്റെടുക്കുകയായിരുന്നു. ഇടുക്കി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടർ ഉയർത്തിയപ്പോഴാണ് കനയ്യ കുഞ്ഞുമായി പാലം മുറിച്ച് കടന്നത്. രണ്ട് കിലോമീറ്റർ അകലെയുള്ള ആശുപത്രിയില്‍  കൃത്യസമയത്ത് കുഞ്ഞിനെയെത്തിച്ച ധീരനെ തേടി ആശംസാപ്രവാഹമാണ് ഇപ്പോള്‍.

ചിത്രത്തിന് കടപ്പാട് തേജസ് ഫോട്ടോഗ്രാഫര്‍ ഷിയാമി തൊടുപുഴ
 

click me!