കോഴികൾ ഉറങ്ങാൻ സമ്മതിക്കുന്നില്ല; പരാതിയുമായി മുൻ ആർമി ഉദ്യോഗസ്ഥൻ

By Web TeamFirst Published Jun 17, 2019, 3:45 PM IST
Highlights

ഛത്തീസ്ഗഡിലെ സെക്ടർ 47ലുള്ള പൊലീസ് സ്റ്റേഷനിലാണ് ദിൽവാരി പരാതി നൽകിയത്. തന്നെയും ഭാര്യയെയും നിരന്തരം ശല്യം ചെയ്യുന്ന കോഴികളെ ആ വീട്ടിൽ നിന്നും മാറ്റണമെന്നാണ് ഇയാളുടെ ആവശ്യം. 
 

ചണ്ഡീഗഡ്: അയൽവാസിയുടെ കോഴികൾ തന്നെ ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസിന് പരാതി നൽകി മുൻ ആർമി ഉദ്യോഗസ്ഥൻ. മേജർ എച്ച് എസ് ദിൽവാരിയാണ് വിചിത്രമായ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഛത്തീസ്ഗഡിലെ സെക്ടർ 47ലുള്ള പൊലീസ് സ്റ്റേഷനിലാണ് ദിൽവാരി പരാതി നൽകിയത്. തന്നെയും ഭാര്യയെയും നിരന്തരം ശല്യം ചെയ്യുന്ന കോഴികളെ ആ വീട്ടിൽ നിന്നും മാറ്റണമെന്നാണ് ഇയാളുടെ ആവശ്യം. 

നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളവരാണ് താനും ഭാര്യയും. അതുകൊണ്ട് തന്നെ തങ്ങൾക്ക് ഉറക്കം അനിവാര്യമാണ്. എന്നാൽ ഉച്ചയ്ക്ക് മുമ്പും ശേഷവും കോഴികൾ ഇങ്ങനെ ബഹളം വയ്ക്കുന്നത് തങ്ങളുടെ ഉറക്കത്തിന് തടസ്സമാകുന്നുവെന്ന് ദിൽവാരി പരാതിയിൽ പറയുന്നു. അതേസമയം സെക്ടർ 47ലെ ഫ്ലാറ്റിൽ താമസിക്കുന്ന എല്ലാവർക്കും ഈ കോഴികൾ ശല്യമാണെന്നാണ് മറ്റ് അയൽവാസികളും പറയുന്നത്. 

തന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മെയ് 22ന് പൊലീസുകാർ ഫ്ലാറ്റ് സന്ദർശിച്ചുവെന്നും എന്നാൽ വേണ്ട നടപടികൾ  സ്വീകരിക്കാൻ അവർ തയ്യാറായില്ലെന്നും ദിൽവാരി കുറ്റപ്പെടുത്തി. നിയമ വിരുദ്ധമായാണ് അയൽവാസി കോഴികളെ പാർപ്പിച്ചിരിക്കുന്നതെന്നും അയൾ പറഞ്ഞു.

അതേസമയം സെക്ടർ 31ലുള്ള പൊലീസിന് ദിൽവാരിയുടെ കേസ് കൈമാറിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിനെ സമീപിക്കാൻ പരാതിക്കാരനെ ഉപദേശിച്ചതായി സീനിയർ പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. കോഴിയെ വളർത്തുപക്ഷിയായി സൂക്ഷിക്കരുതെന്ന് തങ്ങൾക്ക് ആരോടും ആവശ്യപ്പെടാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
 

click me!