'അയ്യപ്പന്റെ ബ്രഹ്മചര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമില്ല, ഉള്ളവര്‍ വീട്ടിലിരുന്നോളൂ'; വൈറലായി തമിഴ് യുവതികളുടെ വീഡിയോ

By Web TeamFirst Published Oct 25, 2018, 11:39 AM IST
Highlights

'അയ്യപ്പന്‍ ബ്രഹ്മചാരിയാണ്, അയ്യപ്പന് അക്കാര്യത്തില്‍ സംശയമില്ല, ഞങ്ങള്‍ക്കും അക്കാര്യത്തില്‍ സംശയമില്ല, സംശയമുള്ളവരാണ് വീട്ടിലിരിക്കേണ്ടത്..'- തുടങ്ങിയ വരികളിലൂടെ ആര്‍എസ്എസ്- സംഘ ശക്തികളോടാണ് യുവതികള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതും വാദിക്കുന്നതും

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങളും പ്രതിഷേധങ്ങളും നടക്കുന്നതിനിടെ വിഷയം ആസ്പദമാക്കിയ മ്യൂസിക് വീഡിയോയുമായി തമിഴ് യുവതികള്‍. നാല് യുവതികള്‍ ചേര്‍ന്ന് ചുവട് വച്ച് പാട്ട് പാടുന്നതാണ് വീഡിയോ. 

തമിഴിലാണ് പാട്ടിന്റെ വരികള്‍. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തെ കാണുന്നതില്‍ നിന്ന് സ്ത്രീകള്‍ക്ക് അയിത്തം കല്‍പിക്കുന്നത് എന്തിനെന്ന് ചോദിച്ചുകൊണ്ടാണ് പാട്ട് തുടങ്ങുന്നത്. 

'അയ്യപ്പന്‍ ബ്രഹ്മചാരിയാണ്, അയ്യപ്പന് അക്കാര്യത്തില്‍ സംശയമില്ല, ഞങ്ങള്‍ക്കും അക്കാര്യത്തില്‍ സംശയമില്ല, സംശയമുള്ളവരാണ് വീട്ടിലിരിക്കേണ്ടത്..'- തുടങ്ങിയ വരികളിലൂടെ ആര്‍എസ്എസ്- സംഘ ശക്തികളോടാണ് യുവതികള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതും വാദിക്കുന്നതും. 

എല്ലാ കാര്യങ്ങള്‍ക്കും സ്ത്രീകള്‍ വേണം, പക്ഷേ അമ്പലത്തിലെത്തുമ്പോള്‍ മാത്രം അവര്‍ അയിത്തമുള്ളവരാകുന്നുവെന്നും, മേല്‍ വസ്ത്രം ധരിച്ചതിന് സ്ത്രീകളുടെ മുലകളരിയുകയും, മുലക്കരം ചാര്‍ത്തുകയും ചെയ്ത നാടിന്റെ പാരമ്പര്യമാണോ നിങ്ങള്‍ പറയുന്നതെന്നും ഇവര്‍ പാട്ടിലൂടെ ചോദിക്കുന്നു. 

 

തമിഴ്‌നാട്ടില്‍ നിന്നുള്ള 'വിനവ്' എന്ന യൂട്യൂബ് ചാനലാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. സമകാലിക വിഷയങ്ങളില്‍ കലയിലൂടെ രാഷ്ട്രീയമായ ഇടപെടല്‍ നടത്തുന്ന 'പീപ്പിള്‍സ് ആര്‍ട്ട് ആന്റ് ലിറ്റററി അസോസിയേഷന്‍' എന്ന സംഘടനയുടേതാണ് 'വിനവ്'. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കം തന്നെ ആയിരങ്ങളാണ് പാട്ട് ഷെയര്‍ ചെയ്തത്.
 

click me!