ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ പടി കയറുന്നത് ആചാരലംഘനമെന്ന് തന്ത്രി

By Web TeamFirst Published Nov 6, 2018, 7:28 PM IST
Highlights

ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ പടി കയറുന്നത് ആചാരലംഘനമെന്ന് തന്ത്രി കണ്ഠര് രാജീവര്. തന്ത്രിക്കും രാജകുടുംബത്തിനും മാത്രമേ അങ്ങനെ ഇരുമുടിക്കെട്ടില്ലാതെ കയറാനാകൂ എന്നാണ് തന്ത്രി വ്യക്തമാക്കിയത്.

സന്നിധാനം: ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ പടി കയറുന്നത് ആചാരലംഘനമെന്ന് തന്ത്രി കണ്ഠര് രാജീവര്. തന്ത്രിക്കും രാജകുടുംബത്തിനും മാത്രമേ അങ്ങനെ ഇരുമുടിക്കെട്ടില്ലാതെ കയറാനാകൂ എന്നാണ് തന്ത്രി വ്യക്തമാക്കിയത്. വത്സൻ തില്ലങ്കേരിയടക്കം പ്രതിഷേധക്കാർ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടികയറി ആചാരലംഘനം നടത്തിയെന്നാണ് ആരോപണം. മേൽശാന്തിക്കൊപ്പം ദേവസ്വം ബോർഡംഗം കെ പി ശങ്കരദാസ് ഇരുമുടിക്കെട്ടില്ലാതെ പടി കയറിയതും വിവാദമായി.

ഇന്ന് രാവിലെയാണ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ എത്തി പുറംതിരിഞ്ഞ് നിന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. ഇതിന് ശേഷം വത്സന്‍ തില്ലങ്കേരി ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറുകയും ചെയ്തു. പൊലീസ് മൈക്കിലൂടെയും വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗം ഉണ്ടായിരുന്നു. ചോറൂണിനെത്തിയ അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീയ്ക്ക് നേരെ പ്രതിഷേധക്കാര്‍ പാഞ്ഞടുത്ത സംഭവത്തെ തുടര്‍ന്ന് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വത്സന്‍ തില്ലങ്കേരി. പതിനെട്ടാം പടി പ്രസംഗത്തിന് വേദിയാക്കിയ വത്സന്‍ തില്ലങ്കേരിയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയർന്നത്.

ഇരുമുടിക്കെട്ടില്ലാതെ 18-ാം പടി കയറിയ ആര്‍എസ്എസ് നേതാവിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച ദേവസ്വം ബോര്‍ഡംഗം കെപി ശങ്കരദാസ്  മണിക്കൂറുകള്‍ക്കം സമാന വിവാദത്തില്‍ കുടുങ്ങി.  വത്സൻ തില്ലങ്കേരിയടക്കം പ്രതിഷേധക്കാർ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടികയറിയതിനെതിരെ രൂക്ഷമായ ഭാഷയില്‍ ശങ്കര്‍ദാസ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മേൽശാന്തിക്കൊപ്പം ദേവസ്വം ബോർഡംഗം കെപി ശങ്കരദാസ് ഇരുമുടിക്കെട്ടില്ലാതെ പടി കയറിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 

click me!