ഫ്രാങ്കോ മുളയ്ക്കൽ കുറവിലങ്ങാട്ടെ മഠത്തിൽ നിരവധി തവണ സന്ദർശനം നടത്തിയിരുന്നുവെന്ന് ഡ്രൈവര്‍

By Web TeamFirst Published Jul 31, 2018, 8:07 PM IST
Highlights

ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നിരവധി തവണ കുറവിലങ്ങാട്ടെ മഠത്തിൽ സന്ദർശനം നടത്തിയിരുന്നുവെന്ന് ഡ്രൈവറുടെ മൊഴി. പരാതി പിൻവലിക്കാൻ വൈദികൻ വാഗ്ദാനം നൽകിയ കേസിൽ സിസ്റ്റർ അനുപമയിൽ നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി.

കൊച്ചി: ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നിരവധി തവണ കുറവിലങ്ങാട്ടെ മഠത്തിൽ സന്ദർശനം നടത്തിയിരുന്നുവെന്ന് ഡ്രൈവറുടെ മൊഴി. പരാതി പിൻവലിക്കാൻ വൈദികൻ വാഗ്ദാനം നൽകിയ കേസിൽ സിസ്റ്റർ അനുപമയിൽ നിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. ഫാ ജെയിംസ് എർത്തയിൽ സ്ഥലം മാറിപ്പോയതിനാൽ നേരിട്ട് ഹാജരാകാൻ  നോട്ടീസ് നൽകും.

ജലന്ധർ ബിഷപ്പിനെതിരെയുള്ള പരാതി പിൻവലിക്കാൻ വൻ വാഗ്ദാനം നൽകിയ സിഎംഐ സഭയിലെ വൈദികൻ ഫാ. ജെയിംസ് എർത്തയിലിനെ തേടി കുര്യനാട് സെന്‍റ് ആൻസ് മഠത്തിലാണ് അന്വേഷണ സംഘമെത്തിയത്. വൈദികനെ സ്ഥലം മാറ്റിയെന്നായിരുന്നു മംത്തിലുള്ളവരുടെ മറുപടി

കന്യാസ്ത്രീയും വൈദികനും സംസാരിച്ചതിന്‍റെ ഓഡിയോ ക്ലിപ്പ് പൊലീസ് ശേഖരിച്ചു. ഇത് ശാസ്ത്രീയ പരിശോധനക്ക് അയക്കും. ഇതിനിടെ പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കൂടുതൽ പ്രതിരോധത്തിലാകുന്ന മൊഴി ഡ്രൈവർ നൽകി. ഡ്രൈവർ നാസറാണ് ബിഷപ്പ് കേരളത്തിലെത്തിയാൽ ഒപ്പം പോകുന്നത്. 2006 മുതൽ ഗൂഡല്ലൂർ സ്വദേശി നാസർ ബിഷപ്പിന്‍റെ സഹോദരന്‍റെ ഡ്രൈവറാണ്. 

കന്യാസ്ത്രീ മൊഴിയിൽ പറഞ്ഞ ദിവസങ്ങളിൽ ബിഷപ്പിനെ കുറവിലങ്ങാട് കൊണ്ടു പോയതായി ഡ്രൈവർ മൊഴി നൽകി. അപ്പോൾ ഡ്രൈവറും മഠത്തിലാണ് താമസിച്ചത്. ബിഷപ്പ് സഞ്ചരിച്ച കാറും പൊലീസ് പരിശോധിച്ചു. ബിഷപ്പിന്‍റെ സഹോദരൻ ഫിലിപ്പിന്‍റെ മൊഴിയും സംഘം രേഖപ്പെടുത്തി.

വെള്ളിയാഴ്ച ഡൽഹിയിൽ പോകുന്ന അന്വേഷണസംഘം കന്യാസ്ത്രീക്കെതിരെ പരാതി നൽകിയ ബന്ധുവായ സ്ത്രീയുടെയും ഭർത്താവിന്‍റെയും മൊഴിയെടുക്കും. വത്തിക്കാൻ പ്രതിനിധിയുടെ മൊഴിയെടുക്കാൻ അനുവാദം കിട്ടിയാൽ എടുക്കും. അല്ലാത്തപക്ഷം സെക്രട്ടറിയുടെ മൊഴി എടുക്കാനാണ് തീരുമാനം. ഉജ്ജയിൻ രൂപതാ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേലിനോട് പീഡനവിവരം അറിയിച്ചതായി കന്യാസ്ത്രീയുടെ മൊഴിയുണ്ട്. അദ്ദേഹത്തിന്‍റെ മൊഴിയെടുക്കാനും അന്വേഷണസംഘം നീക്കം ആരംഭിച്ചു.

click me!