തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തെക്കേ ഗോപുര നട തുറന്നു; തൃശൂരിൽ പൂര നഗരി ഉണര്‍ന്നു

By Web TeamFirst Published May 12, 2019, 11:17 AM IST
Highlights

ആന വിലക്കിന് ഒരു മണിക്കൂര്‍ ഇളവ് അനുവദിച്ചാണ് തൃശൂര്‍ പൂരത്തിന്‍റെ വിളംബര ചടങ്ങ് നടത്തിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പുമായി തെക്കേ ഗോപുര നട തുറന്നു. 

തൃശൂര്‍: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ കര്‍ശന സുരക്ഷയിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇറക്കി തൃശൂര്‍ പൂരം വിളംബര ചടങ്ങ് നടന്നു. ഒരു മണിക്കൂര്‍ നേരത്തേക്ക് ആനയെ എഴുന്നെള്ളിക്കാൻ മാത്രമാണ് ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നത്. കര്‍ശന ഉപാധികളോടെയായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വടക്കും നാഥ ക്ഷേത്രത്തിലെത്തി തെക്കോട്ടിറക്ക ചടങ്ങ്  നടത്തിയത്. 

ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രമായിരുന്നു ആനയെ  എഴുന്നെള്ളിക്കാൻ അനുമതി നൽകിയിരുന്നത്. നെയ്തലക്കാവിൽ നിന്ന് തിടമ്പുമായി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിയെത്തുന്ന പതിവിന് വിപരീതമായാണ് ഇത്തവണ ചടങ്ങുകൾ നടന്നത്.  തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ലോറിയിലാണ് തേക്കിൻകാട് മൈതാനത്ത് എത്തിച്ചത്. നെയ്തലക്കാവിൽ നിന്ന് തിടമ്പുമായി ദേവീ ദാസനെന്ന ആന തേക്കിൻകാട് മൈതാനത്തെത്തുകയും മണികണ്ഠനാൽ പരിസരത്തു നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കൈമാറുകയും ചെയ്തു. 

തുടര്‍ന്ന് വടക്കുംനാഥനെ വലംവച്ച് അനുവാദം വാങ്ങുന്ന ആചാരത്തിന് ശേഷം തെക്കേ ഗോപുര നട തള്ളിത്തുറന്ന് നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പുറത്തെത്തി. ഇതോടെ 36 മണിക്കൂര്‍ നീണ്ടു നിൽക്കുന്ന തൃശൂര്‍ പൂരത്തിനും തുടക്കമായി. 

പതിവിന് വിപരീതമായി വൻ പുരുഷാരമാണ് തേക്കിൻകാട് മൈതാനത്തും ക്ഷേത്ര പരിസരത്തും തടിച്ച് കൂടിയത്. ആവേശം കൊണ്ടുള്ള ആര്‍പ്പുവിളി ആനയ്ക്ക് പ്രകോപനമാകാതിരിക്കാൻ നിരന്തരം ജാഗ്രതാ മുന്നറിയിപ്പുകൾ ക്ഷേത്രം ഭാരവാഹികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ആനയുടെ പത്ത് മീറ്റര്‍ പരിസരത്തെങ്കിലും ഏറ്റവും ചുരുങ്ങിയത് ആളെ അനുവദിക്കരുതെന്ന നിര്‍ദ്ദേശവും പൊലീസ് നടപ്പാക്കി. അമ്പത് മീറ്റര്‍ ചുറ്റളവിൽ ബാരിക്കേഡ് തീര്‍ത്താണ് ആൾക്കൂട്ടത്തെ നിയന്ത്രിച്ച് നിര്‍ത്തിയത്. 

തെക്കോട്ടിറക്ക ചടങ്ങ് പൂര്‍ത്തിയാക്കി തേക്കിൻകാട് മൈതാനത്ത് തെക്കേനടയിൽ വന്ന് നിന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനിൽ നിന്ന് ദേവീദാസൻ തിടമ്പ് തിരിച്ച് വാങ്ങി.

.

തുടര്‍ന്ന് ക്ഷേത്രത്തിനകത്തു കൂടെ ആനയെ കൊണ്ടു പോയി മണികണ്ഠനാൽ പരിസരത്ത് എത്തിച്ച ശേഷമാണ് വീണ്ടും ലോറിയിൽ കയറ്റി കൊണ്ട് പോയത്. 

അനാരോഗ്യവും അക്രമണ സ്വഭാവവുമുള്ള ആനയെ എഴുന്നെള്ളിപ്പിന് എത്തിക്കുതിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന ് വലിയ വിവാദാണ് ഉണ്ടായത്.  കഴിഞ്ഞ അഞ്ച് വര്‍ഷമായി നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുന്ന കൊമ്പനെ എഴുന്നെള്ളിക്കാൻ അനുവദിച്ചില്ലെങ്കിൽ തൃശൂര്‍ പൂരത്തിന് ഒരു ആനയെയും വിട്ടു കൊടുക്കില്ലെന്ന് ആന ഉടമകൾ നിലപാടെടുത്തു. തുടര്‍ന്ന് വിശദായ വൈദ്യ പരിശോധനാ റിപ്പോര്‍ട്ടും നിബന്ധനകളോടെ എഴുന്നെള്ളിപ്പ് ആകാമെന്ന നിയമോപദേശവും അടക്കം കണക്കിലെടുത്താണ് ആന വിലക്കിന്  ഉപാധികളോടെ ഇളവ് അനുവദിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. 

click me!