മോഷണശ്രമം: പൊലീസിനെ ആക്രമിച്ച് പ്രതി മുങ്ങി കൂട്ടുപ്രതിയെ പൊലീസ് കീഴടക്കി

By Web DeskFirst Published Dec 24, 2017, 8:18 PM IST
Highlights

തിരുവനന്തപുരം: നഗരത്തിൽ  മോഷണശ്രമം തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. കൂട്ടുപ്രതിയെ മൽപ്പിടത്തിലൂടെ പൊലീസ് കീഴടക്കി.
ശാസ്തമംഗലത്ത് ഞായറാഴ്ച പുലർച്ചയാണ് സംഭവം.  പൂട്ടിയിട്ട വീട്ടിൽ മോഷണശ്രമം നടക്കുന്നതറിഞ്ഞ് അയൽക്കാർ കൺട്രോൾറൂമിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി. പിടികൂടാനുളള ശ്രമത്തിനിടെ കയ്യിലുളള ആയുധമുപയോഗിച്ച്  പൊലീസിനെ ആക്രമിച്ച് കള്ളൻ ഓടി. വീട്ടിനകത്ത് ഒരാൾകൂടെയുണ്ടെന്ന നിഗമനത്തിൽ കൂടുതൽ പൊലീസെത്തി.

വാതിൽ വെട്ടിപ്പൊളിച്ച് നടത്തിയ തെരച്ചിലിലാണ് മലയിൻകീഴ് സ്വദേശി ഷാജിയെ മൽപ്പിടത്തിലൂടെ കീഴടക്കിയത്. നിരവധി മോഷണകേസുകളിൽ പ്രതിയാണ് ഷാജി. ഇയാളിൽ നിന്ന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടത് നെയ്യാറ്റിൻകര പെരുംപഴുതൂർ ജനാർദ്ദനൻ എന്നയാളാണെന്നും കണ്ടെത്തി. 

നേരത്തെ മോഷണക്കേസുകളിൽ ജയിൽശിക്ഷയനുഭവിക്കുമ്പോഴാണ് ഇരുവരും പരിചയത്തിലാവുന്നത്. പോസ്റ്റൽവകുപ്പിൽ നിന്ന് വിരമിച്ച അന്നമ്മയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഇവർ ചെന്നൈയിലുളള മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. വിരലടയാള വിദഗ്ധർ ഉൾപ്പെടെയുളളവർ വീട്ടിലെത്തി തെളിവെടുത്തു. ഇവിടെ നിന്ന് ഒന്നും മോഷണം പോയിട്ടില്ല. 

click me!