ചത്തു പൊങ്ങിയത് ആയിരക്കണക്കിനു മീനുകൾ; 'വെള്ളക്കടലായി' ഡാർലിങ് നദി; കാരണം ഇതാണ്

By Web TeamFirst Published Jan 29, 2019, 4:00 PM IST
Highlights

ആല്‍ഗെകള്‍ എന്ന സസ്യ സമാന സൂക്ഷ്മ ജീവികള്‍ ലോകത്തെങ്ങുമുണ്ട്. ഇവയ്ക്കു വ്യത്യസ്ത വലിപ്പവും വര്‍ഗവും സ്വഭാവവുമാണുള്ളത്. ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലുമാണ് ഇവ പ്രധാനമായും വളരുന്നത്. 

മെൽബൺ: ഓസ്ട്രോലിയയിലെ ഡാർലിങ് നദി 'വെള്ളക്കടലാ'യി മാറിയ കാഴ്ച കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ലോകം. അയിരക്കണക്കിന് മീനുകൾ ചത്തു പൊങ്ങിയതാണ് നദി വെള്ളക്കടൽ പോലെയാകാൻ കാരണം. പച്ച നിറമുള്ള വിഷ ആല്‍ഗെകളാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ ഇടയാക്കിയതെന്നാണ് വി​ഗ്ദരുടെ നി​ഗമനം. മീനുകൾ ഇത്തരത്തിൽ ചത്തു പൊങ്ങാൻ തുടങ്ങിയിട്ട് ഒട്ടേറെ നാളായെന്നും വരും ദിവസങ്ങളിലും ഇത് സംഭവിക്കുമെന്നുമാണ് അധികൃതർ പറയുന്നത്.

ആദ്യം നൂറുകണക്കിന് മീനുകളാണ് ചത്തിരുന്നതെങ്കില്‍ ഇപ്പോള്‍ പതിനായിരക്കണക്കിനു മത്സ്യങ്ങളാണ് ദിവസേന ചത്തുപൊങ്ങുന്നത്. ഓസ്ട്രേലിയയില്‍ ഇതു വേനല്‍ക്കാലമാണ്. അതിനാല്‍ നദികളിലും ജലാശയങ്ങളിലും വെള്ളം പൊതുവെ കുറവാണ്. എന്നാല്‍ പതിവിലും താഴേയ്ക്ക് ഡാര്‍ലിങ് നദിയിലെ ജലനിരപ്പ് ഇക്കുറി താഴ്ന്നിരുന്നു. അധികൃതരുടെ വീഴ്ചയാണ് ഇത്തരത്തില്‍ വെള്ളം കുറയാന്‍ കാരണമായതെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. അശാസ്ത്രീയമായി ഡാര്‍ലിങ് നദിയിലെ ജലം പലയിടങ്ങളിലേക്കും വഴി തിരിച്ചു വിട്ടിരുന്നു.

അതാണ് ആല്‍ഗെ പെരുകാൻ ഇടയാക്കിയത്. ആൽഗെ പെരുകിയതോടെ ജലത്തിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറയുകയും മീനുകൾ അവ ആഹാരമാക്കുകയും ചെയ്തു. ആദ്യം വ്യാവസായിക മാലിന്യമോ മറ്റു വിഷാംശമോ നദിയിലേക്കെത്തിയതാകും കാരണമെന്നാണ് കരുതിയത്. എന്നാല്‍ ക്രമേണ ചത്തു പൊങ്ങുന്ന മത്സ്യങ്ങളുടെ എണ്ണം വർധിച്ചതോടെയാണ് നദിയിലെ ആല്‍ഗെയുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടത്. 

The latest images from locals this morning. Distressing and beyond belief. pic.twitter.com/XE7uIjsuNN

— Rex Patrick (@Senator_Patrick)

മീനുകൾ ചത്തുപൊങ്ങിയതോടെ നിരവധി പേർ ചിത്രങ്ങളും വീഡിയോകളും എടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഇതോടെ വിഷയത്തിൽ അധികൃതർ നടപടി സ്വീകരിക്കാത്തതിനെ ചൊല്ലി നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തു. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് മീനുകൾ ചത്തുപൊങ്ങുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ആല്‍ഗെകള്‍ എന്ന സസ്യ സമാന സൂക്ഷ്മ ജീവികള്‍ ലോകത്തെങ്ങുമുണ്ട്. ഇവയ്ക്കു വ്യത്യസ്ത വലിപ്പവും വര്‍ഗവും സ്വഭാവവുമാണുള്ളത്. ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലുമാണ് ഇവ പ്രധാനമായും വളരുന്നത്. 
 

click me!