കക്കയം ഡാം സൈറ്റിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായില്ല

By Web TeamFirst Published Aug 24, 2018, 6:58 AM IST
Highlights
  • ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം കക്കയം ഡാമിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിട്ട് രണ്ടാഴ്ചയിലധികമായി.
     

കോഴിക്കോട്: കക്കയം ഡാം സൈറ്റിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നീക്കങ്ങള്‍ മന്ദഗതിയില്‍. രണ്ടാഴ്ചയിലേറെയായിട്ടും ഗതാഗതം താല്‍ക്കാലികമായി പോലും പുനഃസ്ഥാപിക്കാനായിട്ടില്ല. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ജനറേറ്റര്‍ ഉപയോഗിച്ചാണ് ഡാമിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം.

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം കക്കയം ഡാമിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിട്ട് രണ്ടാഴ്ചയിലധികമായി. കിലോമീറ്ററുകള്‍ നടന്ന് വേണം ഇപ്പോള്‍ ഡാം സൈറ്റിലെത്താന്‍. അടിയന്തര സാഹചര്യമുണ്ടായാല്‍ രക്ഷാസേനകള്‍ക്ക് ഇവിടെയത്താന്‍ മണിക്കൂറുകള്‍ വേണം. കക്കയം കവലയില്‍ നിന്ന് 14 കിലോമീറ്ററാണ് ഡാം സൈറ്റിലേക്കുള്ള ദൂരം. ഇതില്‍ ആറ് കിലോമീറ്റര്‍ ജനവാസമേഖലയാണ്.

ഇടിഞ്ഞുപോയ റോഡ് പൂര്‍വ്വ സ്ഥിതിയിലാക്കിയാല്‍ മാത്രമെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനാകൂ. ഡീസല്‍ ജനറേറ്റര്‍ ഉപയോഗിച്ചാണ് ഡാമിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം. അറ്റകുറ്റപണികള്‍ക്കും സുരക്ഷാ പരിശോധനകള്‍ക്കും ഇത് തടസ്സമാകുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, മണ്ണും പാറയും നീക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്നും അതിനുശേഷം ടെണ്ടര്‍ നടപടിയിലേക്ക് കടക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.
 

click me!