നോട്ടു പിൻവലിക്കലും റേഷനും: 14നു യുഡിഎഫ് ദില്ലിയില്‍ സത്യാഗ്രഹം നടത്തും

By Web DeskFirst Published Dec 5, 2016, 10:42 AM IST
Highlights

നോട്ടുപിൻവലിക്കല്‍ മൂലമുളള ദുരിതത്തിലും അധിക റേഷൻ വിഹിതം അനുവദിക്കാത്തതിലും പ്രതിഷേധിച്ച് 14ന് യുഡിഎഫ് ദില്ലിയില്‍ സത്യാഗ്രഹം നടത്തും. ദേശിയതലത്തിലുളള തീരുമാനപ്രകാരമാണ് ഭരണപക്ഷവുമായി യോജിച്ച് സമരം വേണ്ടെന്ന് വെച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം നോട്ട് പിൻവലിക്കലിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം കേന്ദ്ര സർ‍ക്കാർ ഓഫീസുകൾ പിക്കറ്റു ചെയ്ത് കോൺഗ്രസ് നേതാക്കള്‍ അറസ്റ്റു വരിച്ചു.

സംസ്ഥാനത്ത് നോട്ടുപിൻവലിക്കല്‍ മൂലം സാധാരണക്കാര്‍ വലയുന്നു,ആവശ്യത്തിനു വേണ്ട അരിയും കിട്ടുന്നില്ല. ഇതിനിടെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ  നീക്കം. സാധാരണക്കാരെ ഇത്ര ദുരിതത്തിലാത്തിയ മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല.ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാൻ കൊച്ചിയില്‍ ചേര്‍ന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. 14ന് ദില്ലിയിലെ ജന്ദര്‍മന്തറില്‍ യുഡിഎഫ് എംഎല്‍എമാരും എംപിമാരും മുതിര്‍ന്ന നേതാക്കളും സത്യാഗ്രഹം നടത്തും.

ഇടതുപക്ഷവുമായി യോജിച്ച് കേന്ദ്രത്തിനെതിരെ സമരം നടത്താൻ ഉദ്ദേശിക്കുന്നില്ല. അങ്ങനെ വേണ്ടതില്ലെന്ന് ദേശീയ തലത്തില്‍ നിന്ന് നിര്‍ദേശമുളളതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതിനിടെ നോട്ട് പിൻവലിക്കലിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം കേന്ദ്രസർ‍ക്കാർ ഓഫീസുകൾ കോൺഗ്രസ് പ്രവര്‍ത്തകര്‍ പിക്കറ്റ് ചെയ്തു. എറണാകുളത്ത് വിഎം സുധീരനും കോട്ടയത്ത് ഉമ്മൻചാണ്ടിയും ആലപ്പുഴയിൽ രമേശ് ചെന്നിത്തലയും സമരം ഉദ്ഘാടനം ചെയ്തു. സമരം നടത്തിയ നേതാക്കൾ അറസ്റ്റ വരിച്ചു.

നോട്ടുപിൻവലിക്കലിനിതിരെ ആയിരം കേന്ദ്രങ്ങളില്‍  നടത്തുന്ന സമരപരിപാടികള്‍  15 വരെ തുടരാനും യുഡിഎഫ് യോഗം തീരുമാനിച്ചു.

 

click me!